പാലക്കാട് ∙ വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം തുടരുന്നതിനിടെ ബദൽ മാർഗങ്ങളുമായി ഹോട്ടലുകൾ. പാലക്കാട് നഗരത്തിലുള്ള 3 ഇന്ത്യൻ കോഫി ഹൗസുകളിലേക്കുമുള്ള ഭക്ഷണം ചെട്ടിത്തെരുവിൽ പാചകം ചെയ്താണ് ഇപ്പോൾ എത്തിക്കുന്നത്.
വീടിന്റെ മുറ്റത്ത് വിറകടുപ്പ് സജ്ജമാക്കിയാണു പാചകം. ഊൺ, സാമ്പാർ, അവിയൽ, ഉപ്പേരി, ബിരിയാണി റൈസ്, രസം, കടലക്കറി, വെജിറ്റബിൾ കുറുമ തുടങ്ങിയ വിഭവങ്ങളെല്ലാം ഇവിടെ പാചകം ചെയ്ത് മൂന്നിടത്തേക്കും എത്തിക്കുകയാണ്.
അതേസമയം, ചിക്കൻ, പൊറോട്ട, പൂരി, ഇഡ്ഡലി തുടങ്ങിയവയെല്ലാം ഹോട്ടലിൽ നിന്ന് എൽപിജി സിലിണ്ടർ ഉപയോഗിച്ച് പാചകം ചെയ്യുകയാണ്.
മസാലദോശ, നെയ്റോസ്റ്റ്, ദോശ തുടങ്ങിയ വിഭവങ്ങളെല്ലാം പൂർണമായും നിർത്തി. ചായ, കാപ്പി എന്നിവ നേരത്തേ ഉണ്ടാക്കി ഫ്ലാസ്കിൽ സൂക്ഷിക്കും.
ആവശ്യക്കാർ വരുമ്പോൾ നൽകും. അത് തീരുമ്പോൾ വീണ്ടും ഉണ്ടാക്കുകയാണ് നിലവിൽ ചെയ്യുന്നത്.
ഒരു ദിവസം 19 കിലോഗ്രാമിന്റെ 3 സിലിണ്ടറുകൾ വരെ ഉപയോഗിച്ച ഹോട്ടലുകൾ ഇപ്പോൾ ഒരു ഗ്യാസിലേക്ക് ഒതുക്കി.
സിലിണ്ടറിനായി പൊതുമേഖലാ ഗ്യാസ് ഏജൻസികളെ സമീപിക്കുമ്പോൾ ലോഡ് എത്തിയിട്ടില്ലെന്നാണു നൽകുന്ന മറുപടി. വാണിജ്യ സിലിണ്ടർ ലഭിച്ചിട്ട് 3 ദിവസം കഴിഞ്ഞതിനാൽ പല ഹോട്ടലുകളും വിറകടുപ്പ് ഉപയോഗപ്പെടുത്തിയും, സ്വകാര്യ ഗ്യാസ് ഏജൻസികളെ ആശ്രയിച്ചുമൊക്കെയാണു പിടിച്ചുനിൽക്കുന്നത്.
പല ഹോട്ടലുകളും പ്രവർത്തനം നിർത്തുകയും ചെയ്തു.
1900 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഉണ്ടായിരുന്നത്. എന്നാൽ സ്വകാര്യ എൽപിജി സിലിണ്ടറിന് ഡിമാൻഡ് കൂടിയതോടെ വില ഇപ്പോൾ 3000 രൂപ കടന്നു.
ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന വനിതാ കന്റീൻ സിലിണ്ടർ ക്ഷാമം മൂലം അടച്ചുപൂട്ടി. സിവിൽ സ്റ്റേഷനിലെത്തുന്നവരും ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ളവരുടെ ആശ്രയമായിരുന്നു വനിതാ കന്റീൻ.
തട്ടുകടക്കാർക്കും തട്ടുകേട് !
∙ പ്രധാനമായും ദോശ വിഭവങ്ങൾ മാത്രം വിറ്റിരുന്ന തട്ടുകടകളിൽ പലതും സിലിണ്ടർ പ്രതിസന്ധി വന്നതോടെ പൂട്ടിപ്പോയി.
ലൈവായി ദോശ ചുട്ട് നൽകുന്ന തട്ടുകടകൾക്ക് എൽപിജി സിലിണ്ടറില്ലാതെ പിടിച്ചുനിൽക്കാൻ കഴിയാത്തതാണു പ്രതിസന്ധിയായത്. ഹോട്ടലുകൾ വിറകടുപ്പ് ഉപയോഗിച്ച് പാചകം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും വിറകിന്റെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്.
ഒരു ടൺ പുളിവിറകിന് 9,000 രൂപയാണു വില. എൽപിജി പ്രതിസന്ധിക്കു മുൻപ് 8000 രൂപയായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ കൂടിയത് 1000 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

