ബത്തേരി ∙ വടക്കനാട് പച്ചാടി സ്വദേശി രജീവിനെ ആക്രമിച്ചു കൊന്ന മുട്ടിക്കൊമ്പൻ വീണ്ടും ജനവാസ കേന്ദ്രങ്ങളിലും വീട്ടുമുറ്റങ്ങളിലും. ഇന്നലെ പുലർച്ചെ വടക്കനാട് മംഗലംകുന്ന് നാരായണന്റെ വീട്ടുമുറ്റത്തെത്തിയ മുട്ടിക്കൊമ്പൻ സൈക്കിൾ തട്ടിത്തകർക്കുകയും അയയിൽ ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു.
മുട്ടിക്കൊമ്പനെ പിടികൂടാൻ ഉത്തരവിറങ്ങി 10 ദിവസം പിന്നിടുമ്പോഴും ദൗത്യം തുടങ്ങാൻ പോലും വനംവകുപ്പിന് ആയിട്ടില്ലെന്നു മാത്രമല്ല, ആനയെ നാട്ടിലിറങ്ങാതെ പ്രതിരോധിക്കാനും കഴിയുന്നില്ല.
രജീവിനെ കൊന്ന ശേഷവും മിക്ക ദിവസങ്ങളിലും പ്രതിരോധ സംവിധാനങ്ങൾ മറികടന്നു മുട്ടിക്കൊമ്പൻ കൃഷിയിടങ്ങളിലിറങ്ങിയിരുന്നു. വൻതോതിൽ കൃഷിനാശം വരുത്തുന്നതിനൊപ്പം വീണ്ടും മനുഷ്യജീവന് ഭീഷണിയാവുകയാണു മുട്ടിക്കൊമ്പൻ.കൊമ്പനെ പിടികൂടാൻ വൈകുന്നതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ബത്തേരി ∙ മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയാൽ മുത്തങ്ങപ്പന്തിയിൽ പാർപ്പിക്കുന്നതിനുള്ള കൂടു നിർമാണം ഇന്നു തുടങ്ങുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടു നിർമാണത്തിനുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ കാട്ടിൽ നിന്നു വെട്ടിത്തുടങ്ങി. മരത്തടികൾ ഇന്ന് പന്തിയിലെത്തിക്കും.
രണ്ടു ദിവസത്തിനുള്ളിൽ കൂടു നിർമാണം പൂർത്തിയാക്കാനാണു വനംവകുപ്പിന്റെ ശ്രമം.
കൂടു നിർമാണം പൂർത്തിയായെങ്കിൽ മാത്രമേ ആനയെ പിടികൂടാൻ കഴിയുകയുള്ളു. അതുവരെ കൊമ്പനെ നിരീക്ഷിച്ചു കൂടുതൽ പ്രശ്നങ്ങളുണ്ടാകാത്ത വിധം തുരത്താനാണു ശ്രമിക്കുന്നത്.
എന്നാൽ കൊമ്പനെ തുരത്തിയാൽ തന്നെ കാട്ടിൽ കയറിയ ശേഷം മറ്റു വഴികളിലൂടെ ജനവാസകേന്ദ്രങ്ങളിലെ മറ്റിടങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ വനപാലകരുടെ കണ്ണുവെട്ടിച്ചു വടക്കനാട്ടെ വിവിധ ഗ്രാമങ്ങളിൽ എത്തുകയാണ് മുട്ടിക്കൊമ്പൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

