കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ മുരളീധരനെ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയോടെയാണ് പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓഫീസിന് സമീപത്തായി മുരളീധരന്റെ ഓട്ടോറിക്ഷയും നിർത്തിയിട്ടിരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഓട്ടോറിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇദ്ദേഹത്തിന് കടുത്ത ഭീഷണി നേരിടേണ്ടി വന്നിരുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിക്കുന്നു.
ഓട്ടോ സ്റ്റാൻഡിലും വീട്ടിലുമെത്തി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി മുരളീധരൻ മുൻപ് തങ്ങളോട് വെളിപ്പെടുത്തിയിരുന്നുവെന്നും സുഹൃത്തുക്കൾ ആരോപിച്ചു. സ്ഥലത്തുനിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കുറിപ്പിൽ പരാമർശമുണ്ട്. സംഭവത്തിൽ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെ സമഗ്രമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

