കൽപറ്റ: സംസ്ഥാനത്ത് ഇടിമിന്നൽ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഡി.ആർ.മേഘശ്രീ അറിയിച്ചു. മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിക്കുന്നതിനും, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും സാരമായ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനും ഇടിമിന്നൽ കാരണമാകുന്നു.
ആകാശത്ത് കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ളപ്പോൾ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക.
വാതിലിനും ജനലിനും സമീപം നിൽക്കുന്നത് ഒഴിവാക്കണം. കെട്ടിടത്തിനുള്ളിൽ ഇരിക്കുമ്പോൾ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെയിരിക്കാൻ ശ്രദ്ധിക്കണം.
ലോഹ വസ്തുക്കളിൽ നിന്നും അകലം പാലിക്കേണ്ടതുണ്ട്. ഇടിമിന്നലുള്ളപ്പോൾ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.
ടെലിഫോൺ ഉപയോഗം ഒഴിവാക്കണം, എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ടെറസിലോ മുറ്റത്തോ കുട്ടികൾ കളിക്കുന്നതും തുണികൾ എടുക്കാൻ പോകുന്നതും ഒഴിവാക്കണം.
മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും അപകടകരമാണ്. യാത്രക്കാർ ഇടിമിന്നൽ സമയത്ത് വാഹനത്തിനുള്ളിൽ തന്നെ തുടരുക.
കൈകാലുകൾ പുറത്തിടാതിരിക്കാൻ ശ്രദ്ധിക്കുക. ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക.
കുളിക്കുന്നത് ഒഴിവാക്കുകയും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കാതിരിക്കുകയും ചെയ്യുക. ജലാശയങ്ങളിൽ മീൻ പിടിക്കുന്നതും ബോട്ടിങ് നടത്തുന്നതും നിർത്തലാക്കി ഉടൻ കരയിലേക്ക് എത്തണം.
ബോട്ടിന്റെ ഡെക്കിൽ നിൽക്കുന്നതും ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കണം. പട്ടം പറത്തുന്നതും ഉയരമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നതും ഒഴിവാക്കുക.
വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. സുരക്ഷിത കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്ത സാഹചര്യത്തിൽ, പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക.
കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിക്കുന്നതും സർജ് പ്രൊട്ടക്ടറുകൾ ഉപയോഗിക്കുന്നതും സുരക്ഷ വർധിപ്പിക്കും. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാൻ നിർണായകമാണ്.
മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലാത്തതിനാൽ, പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റ വ്യക്തിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

