കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് തീർഥാടകരുടെ തിരക്ക് വർധിക്കാനിരിക്കെ, ബോയ്സ് ടൗൺ റോഡിലെയും ചുരം ഭാഗത്തെയും സൗകര്യങ്ങൾ വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഇവിടെ, ഉത്സവസീസൺ മുന്നിൽക്കണ്ട് അടിയന്തര ഗതാഗത ക്രമീകരണങ്ങൾ ആവശ്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ചുരം ഭാഗത്തെ ചെകുത്താൻതോട് പരിസരത്താണ് റോഡ് ഏറ്റവും കൂടുതൽ ദുർഘടാവസ്ഥയിലുള്ളത്. റോഡ് വീതി കുറവായ ഈ ഭാഗത്ത് രണ്ട് വർഷം മുൻപ് ഇന്റർലോക് പാകിയെങ്കിലും ഇപ്പോൾ അവ ഇളകിമാറി ഗതാഗതക്കുരുക്ക് പതിവാക്കിയിരിക്കുകയാണ്.
അപകടകരമായ പലയിടത്തും സംരക്ഷണഭിത്തികൾ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. മുൻപ് സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലികളും നശിച്ചു.
ടാറിങ് തകർന്ന ഭാഗങ്ങളിൽ വെട്ടുകല്ല് നിറച്ച് താൽക്കാലിക പരിഹാരം കണ്ടിരുന്നെങ്കിലും, മഴയിൽ ഇവ ചെളിയായി മാറിയതോടെ വാഹനങ്ങൾ തെന്നിമാറുന്നതും തടസ്സപ്പെടുന്നതും പതിവാകുന്നു. കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗങ്ങളിൽ നിന്ന് മണ്ണും കല്ലും പൂർണമായി നീക്കം ചെയ്യാൻ അധികൃതർക്കായിട്ടില്ല.
കൊട്ടിയൂർ പഞ്ചായത്ത് പരിധിയിലും സ്ഥിതി വ്യത്യസ്തമല്ല. റോഡിന്റെ ഇരുവശങ്ങളിലെയും മണ്ണ് ഒലിച്ചുപോയി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
നടപ്പാതയോ ഡ്രെയ്നേജോ ഇല്ലാത്തതിനാൽ വാഹനങ്ങൾക്ക് വശം നൽകുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. മലയോര ഹൈവേയുടെ ഭാഗമായി കൊട്ടിയൂർ–ബോയ്സ് ടൗൺ റോഡ് നവീകരണത്തിന് 41 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പദ്ധതി അനിശ്ചിതത്വത്തിലാണ്.
നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ കീഴിലുള്ള ഈ പാത, മാനന്തവാടി-കൊട്ടിയൂർ-പേരാവൂർ-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമാണ്. 24 മീറ്റർ വീതിയിൽ നിർമാണം അസാധ്യമായതോടെ 12 മീറ്ററായി കുറച്ച് നിർമിക്കാൻ തീരുമാനിച്ചിരുന്നു.
ഈ തീരുമാനം വന്ന് അഞ്ച് വർഷം പിന്നിട്ടിട്ടും പ്രായോഗികമായ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് തീർഥാടകർ എത്തുന്ന വൈശാഖോത്സവ കാലം വന്നെത്തിയിട്ടും, റോഡ് വികസനം കടലാസിൽ മാത്രമായി തുടരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

