കൊച്ചി∙ അടുപ്പിൽ കത്തിക്കാനുള്ള വിറകിന് വില ഉയർന്നിട്ടും ‘സമൃദ്ധി @ കൊച്ചി’ മുന്നോട്ടു തന്നെയാണ്. ‘നമ്മളൊക്കെ പണ്ടു വിറകടുപ്പിലല്ലേ ഭക്ഷണമുണ്ടാക്കിയിരുന്നത്.
വിറകടുപ്പിൽ പാകം ചെയ്യുമ്പോൾ ഭക്ഷണത്തിനു രുചിയും ഗുണവും കൂടും’– എറണാകുളം നോർത്ത് പരമാര റോഡിൽ കോർപറേഷനു കീഴിലുള്ള ‘സമൃദ്ധി @ കൊച്ചി’ ജനകീയ ഹോട്ടലിലെ കുടുംബശ്രീ അംഗങ്ങളായ വിജിയും രജനിയും പറഞ്ഞു. സമൃദ്ധിക്കു മുൻവശത്തു പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലിലെ വിറകടുപ്പിൽ പായസം തിളയ്ക്കാൻ തുടങ്ങി.
വാണിജ്യ പാചക വാതക സിലിണ്ടറുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണു സമൃദ്ധി വിറകടുപ്പിൽ പാചകം തുടങ്ങിയത്.
മേയർ വി.കെ. മിനിമോൾ നേരിട്ടെത്തിയാണ് അടുപ്പിൽ തീ പകർന്നത്.
ഡപ്യൂട്ടി മേയർ ദീപക് ജോയ്, സമൃദ്ധിയുടെ ചുമതലയുള്ള ക്ഷേമകാര്യ സ്ഥിരസമിതി ചെയർപഴ്സൻ ആന്റണി പൈനുതറ, കൗൺസിലർമാരായ എം.ജി.അരിസ്റ്റോട്ടിൽ, പി.എം.അഗസ്റ്റിൻ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു വിറകടുപ്പിൽ പാചകം തുടങ്ങിയത്.
ഒട്ടേറെ പേർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന പദ്ധതിയെന്ന നിലയിൽ സമൃദ്ധിയുടെ സാമൂഹിക പ്രതിബദ്ധത ചൂണ്ടിക്കാട്ടി ഗ്യാസ് സിലിണ്ടർ ലഭ്യമാക്കണമെന്നു പൊതുമേഖല എണ്ണക്കമ്പനി പ്രതിനിധികളോട് അഭ്യർഥിച്ചിട്ടുണ്ടെന്നു മേയർ വി.കെ.മിനിമോൾ പറഞ്ഞു. അവർ അനുകൂലമായാണു പ്രതികരിച്ചിട്ടുള്ളത്.
ഗ്യാസ് സിലിണ്ടർ ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ പ്ലാൻ ബി എന്ന നിലയിലാണു വിറകടുപ്പിൽ പാചകം തുടങ്ങുന്നതെന്നും മേയർ പറഞ്ഞു.
പാചക വാതക ലഭ്യത കുറഞ്ഞതോടെ അടുപ്പിൽ കത്തിക്കാനുള്ള വിറകിനും വില ഉയരുന്നുണ്ട്. കൊരട്ടിയിൽ നിന്നു കിലോഗ്രാമിന് 4 രൂപ നിരക്കിൽ 10,000 കിലോഗ്രാം വിറകാണു സമൃദ്ധിയിൽ നിലവിൽ എത്തിച്ചിട്ടുള്ളത്.
വിവിധ ഔട്ട്ലെറ്റുകളിലായി പ്രതിദിനം 8,000 ഉച്ചയൂണാണു സമൃദ്ധിയുടെ നോർത്തിലെ കിച്ചനിൽ പാകം ചെയ്യുന്നത്. ഇന്ധന ഉപയോഗം കുറയ്ക്കാനായി സ്പെഷൽ വിഭവങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.
ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങൾ തൽക്കാലത്തേക്കു നിർത്തി. നോൺ വെജ് വിഭവങ്ങളും നിജപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

