പെരുമ്പളം ∙ പാലത്തിലൂടെയുള്ള ആദ്യ സ്വകാര്യ ബസ് സർവീസ് ഇന്നു തുടങ്ങും. രാവിലെ 6.30ന് പെരുമ്പളം പാലം ജംക്ഷനിൽ നിന്ന് പുറപ്പെട്ട് അരൂർ, വൈറ്റില, പാലാരിവട്ടം, കളമശേരി മെഡിക്കൽ കോളജ് വരെയാണ് സ്വകാര്യ ബസ് പോകുന്നതെന്ന് പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.
ഗിരീഷ് പറഞ്ഞു. ബസ് ഇന്നലെ ട്രയൽ റൺ നടത്തി.
10 വർഷം മുൻപ് പെരുമ്പളം ദ്വീപിന് അകത്ത് ഒരു സ്വകാര്യ ബസ് മാസങ്ങളോളം സർവീസ് നടത്തിയിരുന്നു. പിന്നീട് അതു നിലച്ചു.
പെരുമ്പളത്തു നിന്നു പാലത്തിലൂടെ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ അനുവദിച്ചെങ്കിലും തുടങ്ങിയിട്ടില്ല.
സ്കൂൾബസുകൾ പെരുമ്പളത്ത് എത്തും; കുട്ടികൾക്ക് ആശ്വാസം
പെരുമ്പളം ∙ പാലം തുറന്നതോടെ പെരുമ്പളത്തെ വിദ്യാർഥികൾക്ക് ആശ്വാസം. ദ്വീപിനു പുറത്തെ സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികൾ പുലർച്ചെ തന്നെ ഉറക്കമുണർന്ന് ബോട്ടിന്റെയും ജങ്കാറിന്റെയും മറുകരയിൽ വരുന്ന സ്കൂൾ ബസിന്റെയും സമയത്തിന് അനുസരിച്ച് സ്കൂളിലേക്കു പുറപ്പെടേണ്ട
സ്ഥിതിയായിരുന്നു. പാലം വന്നതോടെ സ്കൂൾ ബസുകൾ പെരുമ്പളത്തേക്ക് എത്താൻ തുടങ്ങി.
പെരുമ്പളത്തു നിന്നു ബോട്ടിൽ കയറി ഒരു മണിക്കൂറോളം യാത്ര ചെയ്ത് സ്കൂളിലെത്തിയവർക്ക് ഇനി കാൽ മണിക്കൂറു കൊണ്ട് സ്കൂളിലെത്താം.
അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി ഭാഗങ്ങളിലെ സ്കൂളുകളിലേക്കും പൂത്തോട്ട, ഉദയംപേരൂർ ഭാഗത്തെ സ്കൂളുകളിലേക്കും പെരുമ്പളത്തു നിന്നും വിദ്യാർഥികൾ പോകുന്നുണ്ട്. പെരുമ്പളത്ത് 3 എൽപി സ്കൂളുകളും ഒന്നു വീതം ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ് സികളുമുണ്ട്.
ഹയർ സെക്കൻഡറി, വിഎച്ച്എസ് സി സ്കൂളുകളിലേക്ക് പെരുമ്പളത്തിനു പുറത്തു നിന്നും വിദ്യാർഥികൾ വരുന്നുണ്ട്. പെരുമ്പളത്തെ വിദ്യാർഥികളെ ക്ഷണിച്ച് പുറത്തു നിന്നുള്ള സ്കൂൾ പ്രതിനിധികളും പെരുമ്പളത്ത് എത്താൻ തുടങ്ങി.
വിദ്യാർഥികൾക്ക് മാത്രമല്ല, അധ്യാപകർ ഉൾപ്പെടെ സർക്കാർ – സ്വകാര്യസ്ഥാപന ഉദ്യോഗസ്ഥർക്കും പെരുമ്പളത്തേക്ക് പോകാനും തിരിക്കാനും സമയ ലാഭമായി.
ജങ്കാർ സർവീസ് നിലച്ചു; പഞ്ചായത്തിന്റെ വരുമാനവും
പെരുമ്പളം ∙ പാലം വന്നതോടെ പെരുമ്പളം പഞ്ചായത്തിന്റെ സ്വന്തം ജങ്കാറും നിലച്ചു. അതോടെ പഞ്ചായത്തിന്റെ വരുമാനവും നിലച്ചു.
ജങ്കാർ സർവീസ് നടത്തിയപ്പോൾ ശരാശരി 10,000 രൂപയോളം പ്രതിദിനം കലക്ഷൻ ഉണ്ടായിരുന്നതാണ്. ഇതാണ് നിലച്ചത്.
പെരുമ്പളത്തെ വാത്തിക്കാട് – പൂത്തോട്ട ഫെറിയിൽ ജങ്കാർ സർവീസ് തുടങ്ങിയാൽ അതിന്റെ വിഹിതം പഞ്ചായത്തിലേക്കു വരും.
14 വാർഡുള്ള പഞ്ചായത്തിനു വരുമാനം പൊതുവേ കുറവാണ്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ വരുമാനം നേടാനുള്ള പദ്ധതികൾ പഞ്ചായത്ത് ഒരുക്കുന്നുണ്ട്.
നിലവിലെ റോഡുകളുടെ വികസനം, സ്ഥാപനങ്ങളുടെ വരവ്, പൊതു ശുചിമുറികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിനോദ സഞ്ചാര വികസനത്തിനായി പഞ്ചായത്തിന് ചെയ്യാനുണ്ട്. പാലത്തിൽ ഇന്നലെ സന്ദർശകത്തിരക്ക് കുറവായിരുന്നു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച അലങ്കാര വിളക്കുകൾ നീക്കം ചെയ്തതോടെ വാഹനങ്ങളുടെ വെളിച്ചമാണ് പാലത്തിലുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

