തിങ്കളാഴ്ച പുലർച്ചെ മൊബൈൽ ഫോണുകളിൽ ഉയർന്ന ശബ്ദത്തിലുള്ള അപായ സന്ദേശം എത്തിയിട്ടുണ്ടോ? ഈ സന്ദേശം കണ്ട് പലരും ഞെട്ടിയുണരുകയും ആശങ്കയിലാകുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതോ മറ്റോ അല്ല, മറിച്ച് പ്രകൃതിക്ഷോഭങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റിങ്’ സംവിധാനത്തിന്റെ പരീക്ഷണമാണ്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു പുലർച്ചെ ഒന്നര കഴിഞ്ഞപ്പോൾ ഫോണുകളിൽ എത്തിയ സന്ദേശം. എന്താണ് സെൽ ബ്രോഡ്കാസ്റ്റിങ്? ഒരു നിശ്ചിത പ്രദേശത്തുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര സന്ദേശങ്ങൾ എത്തിക്കാൻ സഹായിക്കുന്ന ആധുനിക സാങ്കേതികവിദ്യയാണിത്.
സാധാരണ എസ്എംഎസുകളിൽ നിന്നും വ്യത്യാസ്തമായി ഇത് ‘ബ്രോഡ്കാസ്റ്റ് മോഡിലാണ്’ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മൊബൈൽ ടവറിന് കീഴിലുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് ഒരേ നിമിഷം തന്നെ ഈ മുന്നറിയിപ്പ് ലഭിക്കുന്നു.
ദുരന്തസമയങ്ങളിൽ ഓരോ സെക്കൻഡും അതിനിർണായകമാണ്. ആളുകളെ വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ വലിയൊരു കരുത്തായി മാറും.
പ്രധാനമായും വിവിധ അടിയന്തര സാഹചര്യങ്ങളിലാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. പ്രവർത്തന രീതി ഭൂമിശാസ്ത്രപരമായ സ്ഥാനം അഥവാ ജിയോ ടാർഗെറ്റിംഗ് (Geo-targeting) അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
ഉദാഹരണത്തിന്, കേരളത്തിലെ ഒരു പ്രത്യേക ജില്ലയിൽ അതിശക്തമായ മഴയോ മറ്റ് ദുരന്തങ്ങളോ പ്രവചിക്കപ്പെട്ടാൽ, ആ പ്രദേശത്തെ മൊബൈൽ ടവറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ ഫോണുകളിലേക്കും യാതൊരു തടസ്സവുമില്ലാതെ ഈ സന്ദേശം എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

