തിരുവനന്തപുരം: രാജ്യംകണ്ട എക്കാലത്തെയും ബഹുമുഖ പ്രതിഭയുടെ പിറന്നാളാണ് ഇന്ന്.
ലോകം കേൾക്കുകയും വായിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ അഭിമാനമായ ശശി തരൂരിന്റെ എഴുപതാം ജന്മദിനം. പാലക്കാട്ടെ കുടുംബവേരുകളിൽ നിന്ന്, ഐക്യരാഷ്ട്ര സഭയുടെ വലിയ ആകാശംവരെ വളർന്ന തരൂരിന്, നേരുന്നു പിറന്നാൾ ആശംസകൾ….
കേരള രാഷ്ട്രീയത്തിലെ കേവല മാപിനികള്‍കൊണ്ട് അളന്ന് തിട്ടപ്പെടുത്താനാകാത്ത മഹാപ്രതിഭ. പാര്ട്ടിച്ചട്ടക്കൂടുകളുടെ പുറത്ത് പൊന്നുകായ്ക്കുന്ന മരംപോലെ ചാഞ്ഞുവളര്‍ന്ന രാഷ്ട്രീയക്കാരന്.
വായനകൊണ്ട് വളര്‍ന്ന കുട്ടിക്കാലവും എഴുത്താലുറച്ച ചുവടുവെപ്പുകളും പഠനം ആണിക്കല്ല് പാകിയ നയതന്ത്രചാരുതയും പാണ്ഡിത്യം വിശാലമാക്കിയ ആത്മവിശ്വാസവും…ലോകം കണ്ട് നാട്ടില്‍ തിരിച്ചെത്തിയ വിശ്വപൗരന് പ്രായം എഴുപതെന്നത് അനുഭവങ്ങള്‍ പകരുന്ന അലങ്കാരം മാത്രം… 1956 ല്‍ ലണ്ടനില്‍ ജനനം. മുംബെയിലും കൊല്‍ക്കത്തയിലും സ്കൂള്‍ വിദ്യാഭ്യാസം.
പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളെ കണ്ണിചേര്‍ത്ത യൗവ്വനം. അമേരിക്കയിലെ ടഫ്റ്റ്സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുമ്പോള്‍ പ്രായം 22.
രാഷ്ട്രീയ പഠന ഗ്രന്ഥം ആദ്യ പുസ്തകമാകുമ്പോള്‍ പ്രായം 25. ഐക്യരാഷ്ട്ര സഭയില്‍ ഉന്നതപദവികളിലിരുന്നത് 29 വര്‍ഷം.
രാഷ്ട്രതന്ത്രങ്ങളുടെ നയശാലിയായിരുന്നപ്പോളും സര്‍ഗാത്മക സാഹിത്യത്തിലേക്കും സംഭാവനകൾ.. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ മുതല്‍ ‘ദി ലൈഫ്, ലെസന്‍സ് ആന്റ് ലെഗസി ഓഫ് ശ്രീനാരായണഗുരു’ വരെ എണ്ണംപറഞ്ഞ പുസ്തകങ്ങള്‍.
കടലുകടന്നും വായനക്കാർ.. മൂവര്‍ണ ഷാളണിയാന് കേരളത്തിലേക്കുള്ള വരവ് 2009 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു.
രാഷ്ട്രീയത്തിന്റെ ബാലപാഠം കുറിക്കാന്‍ ചെന്നെത്തിയത് ‘കിംങ് മേക്കറു’ടെ മടയില്‍. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.
കേന്ദ്ര സഹമന്ത്രി പദംവരെ പോയിവന്നു. നാലുതിരഞ്ഞെടുപ്പുകളില്‍ തലസ്ഥാന മണ്ഡലത്തിന്റെ തിലകക്കുറിയായി ശശി തരൂര്‍.
മൂന്നുതവണ താമരയുടെ തണ്ടൊടിക്കാൻ തരൂരിന്റെ വ്യക്തിപ്രഭാവം കോണ്‍ഗ്രസിന് തുണയായി. എന്നാല്‍ പരമ്പരാഗത പാര്‍ട്ടിക്കാരന്റെ ഖദറുകുപ്പായം കഞ്ഞിവെള്ളം മുക്കിയണിഞ്ഞില്ല തരൂര്‍… പ്രാദേശിക രാഷ്ട്രീയ ചര്‍ച്ചകളില്‍ തലവച്ചില്ല.
വ്യക്തിപരമായി ഉയര്‍ന്നുവന്ന ആരോപണങ്ങളിലും പതറിയില്ല. വാക് ചാതുരിയും സങ്കീര്‍ണമായ ഇംഗ്ലീഷ് പദപ്രയോഗങ്ങളും തരൂരിനെ പുതുതലമുറകളോട് ചേര്‍ത്തു.
ടെക്കികളോട് സംവദിച്ചും ടെക്നോളജിയെ കൂട്ടുപിടിച്ചും രാഷ്ട്രീയയാത്രയില്‍ കണ്ടെത്തിയത് പുതുവഴി. വോട്ടുബാങ്കുകളെ ബോധ്യപ്പെടുത്തലല്ല, സ്വന്തം ബോധ്യങ്ങളാണ് വര്‍ത്തമാനങ്ങള്‍.
വിവാദങ്ങളുണ്ടായാലും തിരുത്തില്ല. ആവര്‍ത്തനം അല്ലെങ്കില്‍ വിശദീകരണം.
അത് കേരളം പലകുറി കണ്ടു. ഐക്യരാഷ്ട്ര സഭയില്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചതുപൊലൊരു ധൈര്യമാണ് എഐസിസിയിലേക്കും കണ്ടത്.
നെഹ്റു കുടുംബത്തിന്റെ പിന്തുണയില്ലാതെ മത്സരിച്ചിട്ടും ഞെട്ടിക്കുന്ന വോട്ടുപിടിച്ചു. പ്രവര്‍ത്തക സമിതിയിലേക്കെടുത്ത് കോൺഗ്രസ് ഹൈകമാൻഡ് തരൂരിനെ കേരളത്തിലെയും പ്രധാനനേതാവാക്കി.
അപ്പോഴും നേതൃത്വം വടിയെടുത്താലും ‘ചട്ടക്കൂട് ലംഘന കുരുത്തക്കേട്’ കാട്ടിക്കൊണ്ടേയിരുന്നു… ലോകം ചുറ്റിയിട്ടും അതിലേറെ കൗതുകത്തോടെ മലയാളത്തനിമയിലൊരു വേഷ്ടി ചുറ്റുമ്പോഴും, മുടക്കമില്ലാതെ പ്രഭാതഭക്ഷണമായി ഇഡ്ഡലി എത്തുമ്പോഴും, ഊര്‍ന്നുവീഴുന്ന മുടി കൈകൊണ്ട് ചീകിവച്ചൊരു ചിരിയുണ്ട്… അതാണ് മലയാളിക്ക് തരൂർ…തിളക്കമുള്ള കണ്ണുകള്‍ക്കും വെളിച്ചമേറിയ കാഴ്ചപ്പാടുകള്‍ക്കും പ്രായമാകുന്നേയില്ല… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

