തൃശൂർ ∙ സാംസ്കാരിക നഗരിയുടെ സുന്ദരക്കാഴ്ചകൾ ഇനി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം. സ്വരാജ് റൗണ്ടിലൂടെ കറങ്ങി പുത്തൂരിലെ പുതിയ മൃഗശാലയിലേക്കുള്ള (സുവോളജിക്കൽ പാർക്ക്) കെഎസ്ആർടിസിയുടെ ചുവന്ന ഡബിൾ ഡെക്കർ ഉല്ലാസ ബസ് ഉടൻ ഓടിത്തുടങ്ങും.
ആദ്യഘട്ടത്തിൽ തൃശൂർ നഗരവും പുത്തൂർ പാർക്കും കേന്ദ്രീകരിച്ചാണ് സർവീസ്.
തൃശൂരിൽ നിന്നു രാവിലെ 8നും വൈകിട്ടു 3നും പുത്തൂരിലേക്കു പുറപ്പെടും. പാർക്കിലൂടെ സഞ്ചരിച്ച ശേഷം തിരികെ തൃശൂരിലെത്തിക്കും.
പിന്നീട് നഗരക്കാഴ്ചകൾക്കായി സ്വരാജ് റൗണ്ടിലും നഗരത്തിലും സർവീസ് ആലോചനയിലുണ്ട്. തൃശൂരിൽ നിന്ന് കിഴക്കേക്കോട്ട
ജംക്ഷൻ–കാളത്തോട്–മണ്ണുത്തി–കുട്ടനെല്ലൂർ വഴിയാണ് പുത്തൂരിലേക്ക് പോകുക. റൂട്ടിൽ ഏകദേശ ധാരണയായെങ്കിലും ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്തും മൂന്നാറിലും ഏറെ പ്രചാരം ലഭിച്ച മുകൾഭാഗം തുറന്ന ഡബിൾ ഡെക്കർ ബസ് തൃശൂരുകാരും സ്വീകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്രക്കാരുടെ തിരക്കിനനുസരിച്ച് ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കും. ബസിൽ തൃശൂരിന്റെ മുഖമുദ്രകളായ പൂരാഘോഷം, പുലിക്കളി, കഥകളി തുടങ്ങിയവയുടെ ചിത്രങ്ങൾ ഡിസൈൻ രൂപത്തിൽ വരച്ചു ചേർത്തിട്ടുണ്ട്.
മുകൾ നിലയിലേക്കു കയറാൻ ബസിനുള്ളിൽ രണ്ടു പടികളുണ്ട്. മഴവെള്ളം ഒഴുകിപ്പോകാൻ പ്രത്യേക സൗകര്യവുമുണ്ട്.
ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി കെ.ബി. ഗണേഷ്കുമാറും മന്ത്രി കെ.രാജനും ചേർന്നു നിർവഹിച്ചു.
പുത്തൂർ പാർക്കിന്റെ സ്പെഷൽ ഓഫിസർ കെ.ജെ. വർഗീസ് പ്രസംഗിച്ചു.
തടസ്സങ്ങൾ പരിഹരിക്കും
2025 ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ തൃശൂരിൽ നടത്തിയിരുന്നു. ഇതിനു പിന്നാലെ റോഡിനു കുറുകെ താഴ്ന്നു കിടന്നിരുന്ന കേബിളുകളും ഇലക്ട്രിക് ലൈനുകളും കെഎസ്ഇബിയുടെ നേതൃത്വത്തിൽ കൂടുതൽ ഉയർത്തി ക്രമീകരിച്ചിട്ടുണ്ട്.
എന്നാൽ റോഡിന്റെ ഇരു വശങ്ങളിലുള്ള മരങ്ങളിലെ ശിഖരങ്ങളും ഇലക്ട്രിക് ലൈനുകളും സർവീസിനു വെല്ലുവിളിയാണ്.
പുത്തൂരിലേക്കുള്ള റോഡിന്റെ നവീകരണം പൂർത്തിയായ ശേഷം വൈദ്യുത പോസ്റ്റുകളടക്കം മാറ്റിസ്ഥാപിച്ച് ഗതാഗത തടസ്സങ്ങൾ പരിഹരിക്കാനാണ് ശ്രമം. ഇതോടൊപ്പം ബസിനായി ഇലക്ട്രിക് ചാർജിങ് സ്റ്റേഷനും സ്ഥാപിക്കേണ്ടതുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

