ഗുരുവായൂർ ∙ ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം തയാറാക്കി നൽകിയിരുന്ന പുതിയേടത്ത് പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ (86) ഓർമയായി. ഇന്നലെ വൈകിട്ട് അവർ ഗുരുവായൂരപ്പന്റെ സ്വർണക്കോലം തൊഴണമെന്ന് ആഗ്രഹം പറഞ്ഞു, മകൾക്കൊപ്പം ക്ഷേത്രത്തിൽ പോയി ഉത്സവ കാഴ്ചശീവേലിക്ക് സ്വർണക്കോലത്തിൽ ഗുരുവായൂരപ്പനെ കണ്ടു തൊഴുതു, ദീപാരാധന കൂടി തൊഴാം എന്നു പറഞ്ഞ് നമസ്കാര മണ്ഡപത്തിനു മുന്നിൽ നിന്നു തൊഴുതു.
ആ സമയത്ത് തലകറങ്ങുന്നതായി തോന്നിയപ്പോൾ ക്ഷേത്രത്തിനു പുറത്തു കൊണ്ടുവന്നു. ദേവസ്വം ആംബുലൻസിൽ ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചു.
10 മിനിട്ടിനകം മരണം സംഭവിച്ചു. തെച്ചിയും തുളസിയും താമരയും കൊണ്ട് ഗുരുവായൂരപ്പന് ചാർത്താനുള്ള അനേകായിരം തിരുമുടിമാല, വനമാല എന്നിവ അതിമനോഹരമായി കെട്ടി സമർപ്പിച്ചിട്ടുണ്ട്.
ഗുരുവായൂരപ്പന്റെ പൂജയ്ക്കുള്ള പൂക്കൾ നൽകാൻ അവകാശമുള്ള കുടുംബമായതിനാൽ 78 വർഷം മുൻപ് ഗുരുവായൂരിൽ വിവാഹം കഴിഞ്ഞ് എത്തിയ കാലം മുതൽ നിത്യപൂജയ്ക്കുള്ള പൂക്കളും ഒരുക്കി നൽകുന്നു. ക്ഷേത്രത്തിനു പുറത്ത് തയാറാക്കുന്ന ഒരേയൊരു വിഭവം മാത്രമേ ഗുരുവായൂർ ക്ഷേത്രത്തിൽ നേദിക്കാറുള്ളു. തൃപ്പുത്തരി ദിവസം ഉപ്പുമാങ്ങ നിവേദ്യമാണത്.
ഇത് തയാറാക്കാനുള്ള അവകാശം പുതിയേടത്ത് പിഷാരത്തിനാണ്. സീസൺ സമയത്ത് പാകമായ നല്ല മാങ്ങ തിരഞ്ഞെടുത്ത് ഭരണികളിൽ ഉപ്പിലിട്ട് സൂക്ഷിച്ച് തൃപ്പുത്തരി ദിവസം ക്ഷേത്രത്തിൽ നിവേദിക്കാനായി 6 പതിറ്റാണ്ടായി നൽകിയിരുന്നത് നാരായണിക്കുട്ടി പിഷാരസ്യാരാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

