രാജ്യത്തെ നിലവിലെ എഫ്സിആർഎ (FCRA) നിയമഭേദഗതി ബില്ലിലും പുതിയ ചട്ടങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിൽ കണ്ട് ചർച്ച നടത്തി. മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമഭേദഗതികളും ചട്ടങ്ങളും പിൻവലിക്കണമെന്ന ആവശ്യം സിബിസിഐ ഉന്നയിച്ചത്.
ഭാവിയിൽ ഇത്തരം ബില്ലുകൾ തയാറാക്കുമ്പോൾ തങ്ങളുടെ ആശങ്കകൾ കൂടി പരിഗണിക്കണമെന്ന് സഭ അഭ്യർത്ഥിച്ചു. സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ് കർദിനാൾ ആന്തണി പൂല, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് അനിൽ കൂട്ടോ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ആന്റോസ് ആന്റണി, സിബിസിഐ അഡ്വൈസർ പി.ജൊനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് അമിത് ഷായെ സന്ദർശിച്ചത്.
ഈ വിഷയത്തിൽ സിബിസിഐ പ്രതിനിധികൾക്ക് ആഭ്യന്തരമന്ത്രി നൽകിയ ഉറപ്പുകൾ പ്രധാനമാണ്. ബിൽ ക്രൈസ്തവ സഭകൾക്കോ എൻജിഒകൾക്കോ എതിരല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലേക്കെത്തുന്ന എഫ്സിആർഎ സഹായത്തിന്റെ 30% മാത്രമാണ് ക്രൈസ്തവ മേഖലയിലുള്ള എൻജിഒകൾക്ക് ലഭിക്കുന്നതെന്നും, പുതിയ വ്യവസ്ഥകൾക്ക് മുൻകാലപ്രാബല്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010-ൽ യുപിഎ സർക്കാരാണ് നിലവിലെ എഫ്സിആർഎ നിയമം കൊണ്ടുവന്നതെന്നും, അതിനെ ഭേദഗതികളിലൂടെ കൂടുതൽ ലഘൂകരിക്കുകയാണ് എൻഡിഎ സർക്കാർ ചെയ്യുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടതായി സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.മാത്യു കോയിക്കൽ പറഞ്ഞു.
അക്കാലത്ത് നിയമത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. അതേസമയം, അമിത് ഷായുടെ വാദങ്ങളെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രംഗത്തെത്തി.
എൻഡിഎ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതികളിലൂടെയാണ് എഫ്സിആർഎ ഒരു രാഷ്ട്രീയ ആയുധമായി മാറിയതെന്ന് അദ്ദേഹം ആരോപിച്ചു. 2010-ലെ നിയമത്തിൽ ഇല്ലാത്ത വ്യവസ്ഥകളാണ് നിലവിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.
ഏതാനും നാളുകൾക്ക് മുൻപ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ പിന്നീട് മാറ്റിവെക്കുകയായിരുന്നു. 20-ാം തീയതി ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ ബിൽ വീണ്ടും പരിഗണിക്കപ്പെടുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

