പത്തനംതിട്ട ∙ ഭരണിക്കാവ്– മുണ്ടക്കയം ദേശീയപാത 183എ വികസനത്തിനായുള്ള വിശദമായ പദ്ധതിരേഖ (ഡിപിആർ) വീണ്ടും പുതുക്കുന്നു.
ബൈപാസുകൾക്കു മാറ്റമില്ലെങ്കിലും അലൈൻമെന്റിൽ ചെറിയ വ്യത്യാസം വരുമെന്നാണു സൂചന. ഡിപിആർ തയാറാക്കാനായി പഠനം നടത്തിയ, മുംബൈ ആസ്ഥാനമായ കൺസൽറ്റൻസി കമ്പനി അന്തിമ റിപ്പോർട്ട് തയാറാക്കുന്ന ഘട്ടത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തുന്നത്.
പുതിയ ഡിപിആർ തയാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകി.
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഭരണിക്കാവിൽനിന്ന് കടമ്പനാട്, അടൂർ, തട്ട, കൈപ്പട്ടൂർ, ഓമല്ലൂർ, പത്തനംതിട്ട, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, പ്ലാപ്പള്ളി, ഇലവുങ്കൽ, നാറാണംതോട്, കണമല, മുക്കൂട്ടുതറ, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് എത്തി കൊല്ലം–തേനി ദേശീയപാത 183 ൽ ചേരും.
ആകെ ദൂരം– 116.8 കിലോമീറ്റർ. 7 ബൈപാസുകളും ഒരു പാലവും ഉണ്ടാകും.
കടമ്പനാട്–കല്ലുകുഴി, അടൂർ, ഓമല്ലൂർ, പത്തനംതിട്ട ടൗൺ, മുക്കൂട്ടുതറ, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലാണു ബൈപാസ്.
നാലുവരിപ്പാതയാണു ബൈപാസുകളിൽ ലക്ഷ്യമിട്ടിട്ടുള്ളത്. അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂരിലാണു പുതിയ പാലം വരുന്നത്.
ഇപ്പോഴുള്ള കൈപ്പട്ടൂർ പാലത്തിനു മുകളിൽ പഴയ കടവിലാണ് പുതിയ പാലം. ഓമല്ലൂർ ടൗണിൽ പ്രവേശിക്കാതെയാണു പുതിയ ബൈപാസ് വരുന്നത്.
24 മീറ്റർ വീതിയിൽ നാലുവരിപ്പാത വേണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം.
എന്നാൽ, ജനവാസ മേഖലയിൽ 24 മീറ്റർ വീതി പ്രായോഗികമല്ലെന്നും 16 മീറ്ററായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കു കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്താൻ നിർദേശം.
2018–19 സാമ്പത്തിക വർഷം 2,600 കോടി ചെലവിലാണ് ഭരണിക്കാവ്– മുണ്ടക്കയം ദേശീയ പാത 183എ വികസന പദ്ധതി പ്രഖ്യാപിച്ചത്. അലൈൻമെന്റിൽ മാറ്റം വരുന്നതോടെ പദ്ധതി ചെലവ് ഉയരുമെന്നാണ് കരുതുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

