നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയിൽ സർക്കാർ വരുത്തിയ വർധനവ് ബോട്ട് ക്ലബ്ബുകൾക്കും വള്ളംകളി പ്രേമികൾക്കും വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. എന്നാൽ, ഒരു ചുണ്ടൻ വള്ളം മത്സരത്തിന് സജ്ജമാക്കാൻ പിന്നിൽ നടക്കുന്നത് വലിയ സാമ്പത്തിക ഇടപെടലുകളാണ്.
ഈ സാമ്പത്തിക വശങ്ങളെക്കുറിച്ച് വിശദമായ കണക്കുകൾ നിരത്തുകയാണ് കുമരകം ടൗൺ ബോട്ട് ക്ലബ് വൈസ് പ്രസിഡന്റായ അരുൺ കെ. ശശീന്ദ്രൻ.
ഒരു പുതിയ ചുണ്ടൻ വള്ളം നിർമിക്കാൻ മാത്രം ഏകദേശം 60 ലക്ഷം രൂപയാണ് ചെലവ്. മത്സരത്തിനായി പരിശീലനം തുടങ്ങുന്നത് മുതൽ വള്ളംകളി കഴിയുന്നത് വരെ ഒരു പ്രമുഖ ബോട്ട് ക്ലബ്ബ് ചെലവാക്കുന്ന തുക ഒരു കോടി രൂപയിൽ അധികമാണ്.
ചുണ്ടൻ വള്ളം സമിതി ക്ലബ്ബുകൾക്ക് 50 മുതൽ 70 ലക്ഷം രൂപ വരെ സഹായം നൽകാറുണ്ടെങ്കിലും, ബാക്കി തുക ക്ലബ്ബുകൾ തന്നെ കണ്ടെത്തേണ്ടതുണ്ട്. ചിട്ടയായ പരിശീലനവും ഭക്ഷണക്രമവും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചെലവ് വർധിപ്പിക്കുന്നത്.
ഇത്തവണ പരിശീലന ദിവസങ്ങൾ വർധിപ്പിച്ചതും ചെലവുകളിൽ പ്രതിഫലിച്ചിട്ടുണ്ട്. പ്രമുഖ ക്ലബ്ബുകൾ ഇത്തവണ 40 ദിവസത്തെ പരിശീലനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രധാന ചെലവുകൾ (40 ദിവസത്തെ കണക്ക്) തുഴക്കാർക്ക്: 110 തുഴച്ചിൽക്കാർക്ക് പ്രതിദിനം 2,000 രൂപ നിരക്കിൽ 88 ലക്ഷം രൂപ വേതനം നൽകണം. കൂടാതെ, പരിശീലനശേഷം തിരഞ്ഞെടുക്കപ്പെടാത്ത 20 പേർക്കായി 15 ദിവസത്തേക്ക് പ്രതിദിനം 1,000 രൂപ വീതം 3 ലക്ഷം രൂപയും ചെലവാകുന്നു.
താമസം: തുഴച്ചിൽക്കാരുടെ ക്യാമ്പ് വാടക ഇനത്തിൽ 4.4 ലക്ഷം രൂപയും (ദിവസം 11,000), ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കായി 50,000 രൂപയും ചെലവാകുന്നു. ഭക്ഷണം: സാധാരണ ഭക്ഷണത്തിനായി 14 ലക്ഷം രൂപയും, പ്രോട്ടീൻ അടങ്ങിയ പ്രത്യേക ഭക്ഷണത്തിനായി 4.5 ലക്ഷം രൂപയും ചെലവാകുന്നു.
പാചകക്കാർക്ക് 1.7 ലക്ഷം രൂപയും സഹായികൾക്കായി 1.5 ലക്ഷം രൂപയും നൽകണം. മറ്റ് ചെലവുകൾ: തുഴ, പങ്കായം എന്നിവയുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 1.5 ലക്ഷം രൂപ ചെലവാകും.
പരിശീലനത്തിനായി ഉപയോഗിക്കുന്ന ട്രയൽ ചുണ്ടന് 6.5 ലക്ഷം രൂപയും, മത്സരദിവസത്തേക്ക് വള്ളം സജ്ജമാക്കാൻ 3.5 ലക്ഷം രൂപയും മാറ്റിവെക്കണം. ഇതിനു പുറമെ ക്യാമ്പ് സാധനങ്ങളുടെ വാടകയ്ക്ക് 50,000 രൂപയും, വള്ളവും തുഴച്ചിൽക്കാരെയും കൊണ്ടുപോകുന്നതിനായുള്ള ബോട്ട് ചെലവുകൾക്കായി 2.4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ഒരു ബോട്ട് ക്ലബ്ബ് നെഹ്റു ട്രോഫി മത്സരത്തിനായി ചെലവാക്കുന്നത് ഏകദേശം 1.32 കോടി രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

