കോഴിക്കോട് ∙ വടകരയിൽ പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച ശേഷം രൂപമാറ്റം വരുത്തി ഉപയോഗിച്ച് വന്നയാളെ വാഹന സഹിതം പൊലീസ് പിടികൂടി. കോഴിക്കോട് കുറ്റ്യാടി വടയം സ്വദേശി വെള്ളാപ്പറമ്പത്ത് വിജിൻലാൽ (32) ആണ് എടച്ചേരി പൊലീസിന്റെ പിടിയിലായത്.
പുറമേരി മുതുവടത്തൂർ സ്വദേശി അച്ഛൻകണ്ടിതാഴെ നാസറിന്റെ ബൈക്കാണ് ഇയാൾ കവർന്നത്.
വടകര ഓർക്കാട്ടേരിയിലെ ചന്ത കാണാൻ ഭാര്യയ്ക്കൊപ്പം എത്തിയ നാസർ മക്കൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങാനായി ബൈക്ക് പാർക്ക് ചെയ്തു പോയി. 45 മിനിറ്റിന് ശേഷം തിരികെയെത്തിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ചത് അറിഞ്ഞത്.
ഇതിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വിജിൻലാൽ ബൈക്കിന് രൂപമാറ്റം വരുത്തുകയും യാത്രകൾക്ക് ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.
മോഷ്ടിച്ച ബൈക്കിൽ പ്രതി സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച് പൊലീസ് നിരീക്ഷണം നടത്തി. ഈ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിജിൻലാൽ നാട്ടിൽ നിന്നും മുങ്ങി.
പിന്നീട് മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റ്യാടിക്കടുത്ത് പിടിയിലായത്. മോഷ്ടിച്ച ബൈക്കും വിജിൻ ലാലിന്റെ പക്കൽ നിന്ന് കണ്ടെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

