തിരുവനന്തപുരം ∙ ഡിജിറ്റൽ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്ര വിദ്യാഭ്യാസ മാതൃകയിലൂടെ ശ്രദ്ധേയമായ കേരള ഡിജിറ്റൽ സർവകലാശാല അഞ്ചാം വർഷത്തിലേക്ക്. ബയോ-എഐ, കംപ്യൂട്ടേഷനൽ സയൻസ്, കംപ്യൂട്ടേഷനൽ ഡ്രഗ് ഡിസൈൻ തുടങ്ങി ഭാവി സാങ്കേതികവിദ്യകൾ കേന്ദ്രീകരിച്ചുള്ള കോഴ്സുകൾക്കൊപ്പം, പ്രശ്നപരിഹാര ശേഷിയും പ്രായോഗിക തൊഴിൽ പരിചയവും വളർത്തുന്ന പഠന രീതിയാണ് സർവകലാശാലയുടെ പ്രത്യേകതയെന്ന് ഡോ.സജി ഗോപിനാഥ് പറഞ്ഞു.
വിദ്യാഭ്യാസം, ഗവേഷണം, പ്രോഡക്ട് വികസനം എന്നീ മേഖലകളെ ഒരുമിപ്പിക്കുന്ന പ്രവർത്തന മാതൃകയും സിഎംഎം ലെവൽ 3 ലക്ഷ്യമാക്കിയ എന്റർപ്രൈസ് സോഫ്റ്റ്വെയർ വികസന പ്രവർത്തനങ്ങളും ആണ് സർവകലാശാലയെ സവിശേഷമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലയുടെ 5–ാം വാർഷിക ആഘോഷ പരിപാടികൾ വിശദീകരിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘Earn While You Learn ആശയത്തിലൂന്നിയ എംഎസ്സി പ്രോഗ്രാമിലൂടെ വിദ്യാർഥികൾക്ക് മാസം 10,000 മുതൽ 40,000 രൂപ വരെ സമ്പാദിക്കാനുള്ള അവസരമുണ്ട്.
ഏകദേശം 100 കോടി ബജറ്റിൽ 70–80 ശതമാനം വരുമാനം പ്രോജക്ടുകളിലൂടെ സ്വയം സമാഹരിക്കുന്ന സാമ്പത്തിക മാതൃകയിലേക്കാണ് സർവകലാശാല മുന്നേറുന്നത്. 27 പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുള്ള സ്ഥാപനത്തിൽ ദേശീയ, രാജ്യാന്തര ഗവേഷണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഫാക്കൽറ്റികളാണ് ഭൂരിപക്ഷം.
പഠനം, പരിശീലനം, തൊഴിൽ എന്നിവയെ ഏകീകരിക്കുന്ന സമഗ്ര പദ്ധതികളിലൂടെ ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ മാതൃക സൃഷ്ടിക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യമെന്നും സോ. സജി ഗോപിനാഥ് പറഞ്ഞു.
പുതു സാങ്കേതിക മാറ്റങ്ങളെ വിദ്യാർഥി ലോകത്തിന് പരിചയപ്പെടുത്തുന്നതോടൊപ്പം അതിന്റെ സാധ്യതകൾ സാമൂഹിക മാറ്റത്തിന് ചാലക ശക്തിയാക്കേണ്ടതെങ്ങനെ എന്ന അന്വേഷണവും 5–ാം വാർഷികാഘോഷ പരിപാടികളുടെ പ്രമേയമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമെന്നോണം എഐ ഹാക്കത്തൺ, എഐ പവേർഡ് ക്വിസ്, സ്കൂൾ കുട്ടികൾക്കായുളള എഐ വർക്ഷോപ്പുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയ പാനൽ ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു.
മൈക്രോസോഫ്റ്റ് പ്രിൻസിപ്പൽ റിസർച് സയന്റിസ്റ്റ് പ്രഫസർ സ്വാമി മനോഹറാണ് സ്ഥാപക ദിന പ്രഭാഷണം നടത്തിയത്. എഐ ടെക്നോളജി ലോകത്തെ ലിംഗപരമായ ഇടപെടലുകളെ കുറിച്ച് ഈ മേഖലയിലെ പ്രമുഖരായ സ്ത്രീകൾ പങ്കെടുത്ത സംവാദവും ഇതോടൊപ്പം നടന്നു.
വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി, കേരളത്തിന്റെ ഭരണനിർവഹണ മേഖലകളിലെ ഡിജിറ്റൽ മാറ്റങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.
രാജൻ എൻ. ഖോബ്രഗഡെ സംസാരിക്കും.
ഐടി സെക്രട്ടറി സാംബശിവ റാവു, കെഎസ്ഐടിഎൽ എംഡി സന്തോഷ് ബാബു തുടങ്ങിയവർ വിവിധ സർക്കാർ വകുപ്പുകളെ പ്രതിനിധീകരിച്ച് സംവാദത്തിൽ പങ്കെടുക്കും. അലയൻസ് സർവീസസ് സിഇഒ ജിസൻ ജോൺ, ടാറ്റാ എലക്സി ഹെഡ് എ.ശ്രീകുമാർ, യുഎസ്ടി ഗ്ലോബലിന്റെ റീജിയനൽ ഹെഡ് ശിൽപ മേനോൻ തുടങ്ങിയവർ പുതിയ കാലത്ത് വ്യാവസായിക മേഖലകളിൽ ഉണ്ടാകുന്ന സാങ്കേതിക മാറ്റങ്ങളെ കമ്പനികൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് വിദ്യാർഥികളോട് വിശദീകരിക്കും.
സൺ ടെക്, അർമേഡാ, സ്കിൽ അപ് ഗ്ലോബൽ തുടങ്ങിയ കമ്പനികളിലെ എച്ച്ആർ മേധാവികൾ എഐ ലോകത്തെ തൊഴിൽ വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കും.
വിവിധ കോളജുകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന എഐ മെഗാ ക്വിസിൽ നിർമിത ബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിൽ മാറ്റുരയ്ക്കും. ‘സാമൂഹിക നന്മയ്ക്ക് എഐ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി 24 മണിക്കൂർ നീളുന്ന എഐ ഹാക്കത്തണും വാർഷികാഘോഷ പരിപാടികളിലെ പ്രധാന ആകർഷണമാണ്.
വരുൺ രമേഷ് നയിക്കുന്ന എഐ ഫിലിം മേക്കിങ് വർക്ഷോപ്പും ഫിലിം ഫെസ്റ്റിവലുമാണ് മറ്റൊരു ആകർഷണം.
എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും തിരുവനന്തപുരം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച് പാർക്കിന്റെ ചെയർമാനുമായ പ്രഫ. സാബു തോമസ് നിർമിത ബുദ്ധിയിലും പുതു സാങ്കേതിക വിദ്യകളിലും ഉള്ള പ്രായോഗിക ഗവേഷണത്തെ കുറിച്ചുള്ള ചർച്ച നയിക്കും.
ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് വൈസ് ചാൻസലർ പ്രഫ. വി.പി.ജഗതി രാജ്, മുൻ കെടിയു വിസിയും തിരുവനന്തപുരം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച് പാർക്കിന്റെ സിഇഒയുമായ ഡോ.
എം.എസ്.രാജശ്രീ, കെഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഈ പാനൽ ചർച്ചയിൽ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

