ആരോഗ്യകരമല്ലാത്ത ഭക്ഷണം കാരണം ഉണ്ടാകാറുള്ള ഭക്ഷ്യവിഷബാധ പലപ്പോഴും നിസ്സാരമായി കാണാറുണ്ടെങ്കിലും കൃത്യസമയത്തു തിരിച്ചറിഞ്ഞില്ലെങ്കിൽ അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വിദഗ്ധർ. ഒരു പ്രത്യേക ഉറവിടത്തിൽ (ഉദാ: ഹോട്ടൽ, സദ്യ, പാർട്ടികൾ) നിന്ന് ഭക്ഷണം കഴിച്ച ഒരുകൂട്ടം ആളുകൾക്ക് ഒരേ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴാണു സാധാരണയായി ഭക്ഷ്യവിഷബാധ സംശയിക്കുന്നത്.
കാരണങ്ങൾ
ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന വിവിധ ഘടകങ്ങൾ ഇതിന് കാരണമാകാം. ബാക്ടീരിയ, വൈറസ്, പാരസൈറ്റുകൾ: ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിലൂടെ ഇവ ശരീരത്തിലെത്തുന്നു.
ഭക്ഷണത്തിൽ മുൻപേ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ വഴിയും രോഗമുണ്ടാകാം. ശരിയായി വേവിക്കാത്ത മാംസം, മത്സ്യം, പാസ്ചറൈസ് ചെയ്യാത്ത പാൽ എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട
ലക്ഷണങ്ങൾ
ഭക്ഷണം കഴിച്ച് ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വയറുവേദന, വയറിളക്കം, ഛർദി, പനി, ശരീരവേദന, അമിതമായ ക്ഷീണം, നിർജലീകരണം മൂലമുള്ള തളർച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ബോട്ടിലിസം ഏറ്റവും മാരകമായ അവസ്ഥ
ഭക്ഷ്യവിഷബാധയിൽ ഏറ്റവും അപകടകരമായതാണു ബോട്ടിലിസം.
ക്ലോസ്ട്രിഡിയം ബോട്ടിലിനം എന്ന ബാക്ടീരിയയാണ് ഇതിന് കാരണം. പ്രധാനമായും സീഫുഡ്, പാക്ക്ഡ് ഫുഡ്, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്.
സാധാരണ വയറുവേദനയ്ക്ക് പകരം കാഴ്ച മങ്ങുക, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, അമിതമായ തളർച്ച എന്നിവയാണ് ലക്ഷണങ്ങൾ. നാഡീവ്യൂഹത്തെ ബാധിക്കുന്നത് കൊണ്ട് 30% വരെ മരണസാധ്യതയുണ്ട്.
ഭക്ഷണ അലർജിയും ഭക്ഷ്യ വിഷബാധയും
ഇവ രണ്ടും പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്.
ഭക്ഷ്യവിഷബാധ ഒരു കൂട്ടം ആളുകളെ ബാധിക്കുമ്പോൾ അലർജി വ്യക്തിപരമായ ശാരീരിക പ്രത്യേകതകൾ കാരണമുണ്ടാകുന്നതാണ്. ഭക്ഷണത്തിൽ ചേർക്കുന്ന പ്രിസർവേറ്റീവുകൾ മാരകമായ അലർജിക്കു കാരണമായേക്കാം.
അയല, മത്തി, ഞണ്ട്, കൊഞ്ച് തുടങ്ങിയ കടൽ വിഭവങ്ങൾ പലരിലും അലർജി ഉണ്ടാക്കാറുണ്ട്.
ചൊറിഞ്ഞു തടിക്കുക, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
എങ്ങനെ പ്രതിരോധിക്കാം?
ഭക്ഷണം ഉണ്ടാക്കുന്ന ഇടവും വിളമ്പുന്ന ഇടവും വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം നന്നായി വേവിക്കുന്നത് ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ സഹായിക്കും.
ഫ്രിജിലെ ഭക്ഷണം പലതവണ പുറത്തെടുത്തു വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ഒഴിവാക്കുക. രുചിക്കു പിന്നാലെ മാത്രം പോകാതെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുക.
വിവരങ്ങൾക്ക് കടപ്പാട്: ഡോ.ബി.പത്മകുമാർ, പ്രിൻസിപ്പൽ, ആലപ്പുഴ മെഡിക്കൽ കോളജ്
ഭക്ഷണം കഴിച്ചതിനു പിന്നാലെ മരണം; കാരണം കണ്ടെത്തിയില്ല
ചടയമംഗലം ∙ ഹോട്ടൽ ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്കു പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി നിലമേലിൽ ഒരു കുടുംബത്തിലെ 2 പേർ മരിച്ച സംഭവത്തിൽ മരണ കാരണം സ്ഥിരീകരിച്ചില്ല.
ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് കൂടി എത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഭക്ഷ്യ വിഷബാധയാണു മരണത്തിന് കാരണം എന്ന നിലപാടിലാണു ബന്ധുക്കൾ. കൊല്ലം നിലമേൽ പ്ലാച്ചേരി കുന്നിൽ വീട്ടിൽ റഷീദ ബീവി (59), മരുമകൻ ഷാജി (48) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഷാജിയുടെ ഭാര്യ സജിമോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഷാജിയുടെ 2 ആൺമക്കൾ ഉൾപ്പെടെ 6 പേരാണ് വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചത്.
കൊഞ്ച്, മീൻ മുട്ട, അപ്പം, കണവ, പൊറോട്ട എന്നിവയുൾപ്പെടെ ആണ് കഴിച്ചത്. ഭക്ഷ്യവിഷബാധയെന്നാണു തുടക്കത്തിൽ കരുതിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണത്തെ കുറിച്ച് വ്യക്തമായ പരാമർശമില്ലാത്തതിനാലാണു പൊലീസ് മറ്റ് പരിശോധന ഫലം കൂടി കാത്തിരിക്കുന്നത്.
ഭക്ഷ്യസുരക്ഷ വകുപ്പ് സാംപിളുകൾ ശേഖരിച്ചു
വിഴിഞ്ഞം ∙ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു മടങ്ങിയതിനു പിന്നാലെ 2 പേർ മരിക്കാനിടയായ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെയും സാംപിൾ ശേഖരിച്ചു. ചിപ്പിയുടെ സാംപിളാണ് ഇന്നലെ ശേഖരിച്ചതെന്നു ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസർ പ്രിയ വിൽഫ്രഡ് പറഞ്ഞു.
കഴിഞ്ഞദിവസം വിവിധ മത്സ്യങ്ങളുടെയടക്കം സാംപിളുകൾ ശേഖരിച്ചിരുന്നു. ഇവ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തലസ്ഥാനത്തെ ലാബ് കൂടാതെ കൊച്ചിയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ലാബിലേക്കും അയച്ചു.
സംഭവത്തിൽ വ്യക്തത വരുന്നതുവരെ ‘അസ്മാക്’ എന്ന ഹോട്ടൽ പ്രവർത്തിക്കരുതെന്ന് അധികൃതർ നിർദേശം നൽകി.
ഹോട്ടലുകളിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഹെൽത്ത് കാർഡ് ലഭ്യമാക്കുന്നതിന് ക്യാംപ് നടത്തും. ലൈറ്റ് ഹൗസ് മേഖലയിലെ ഹോട്ടലുകളിലെ 164 പേർക്ക് കഴിഞ്ഞയാഴ്ച കാർഡ് നൽകിയിരുന്നുവെന്നും അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

