പൂത്തക്കൊല്ലി ∙ പുത്തുമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിച്ച പൂത്തക്കൊല്ലി ‘ഹർഷം’ ടൗൺഷിപ് ഭൂമിയിൽ മറ്റു കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പുത്തുമല ദുരന്ത ബാധിതർ. അതിദരിദ്ര വിഭാഗത്തിലെ 21 കുടുംബങ്ങൾക്ക് 5 സെന്റ് വീതം നൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
ഇൗ കുടുംബങ്ങൾക്ക് പട്ടയങ്ങൾ അടക്കം നൽകിയെന്നാണു സൂചന. ഭൂമിയിൽ മണ്ണുനീക്കൽ പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്.
മാസങ്ങൾക്കു മുൻപ് ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ടൗൺഷിപ്പിലെ ഗുണഭോക്താക്കൾ തടഞ്ഞ് തിരിച്ചയച്ചിരുന്നു. അറിയിപ്പൊന്നുമില്ലാതെ, കഴിഞ്ഞ ദിവസമാണു മണ്ണ് നീക്കലും തുടങ്ങിയത്.
ചോർന്നൊലിക്കുന്ന, ചുമരുകൾ വിണ്ടു കീറിയ വീടുകളിൽ കഴിഞ്ഞ 5 വർഷമായി ദുരിത ജീവിതം നയിക്കുന്ന തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെയാണു മറ്റു കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാനുള്ള നീക്കം നടത്തുന്നതെന്ന് ടൗൺഷിപ്പിലെ ഗുണഭോക്താക്കൾ പറയുന്നു.കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള സൗകര്യങ്ങൾ, കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങളുമായി മുന്നോട്ടുപോവാനുള്ള സ്ഥലം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം തുടങ്ങിയവയും ടൗൺഷിപ്പിനോടൊപ്പം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഇവയൊന്നും യാഥാർഥ്യമായില്ലെന്ന് മാത്രമല്ല, ഇവയ്ക്കായി മാറ്റിവച്ച ഭൂമി നിലവിൽ മറ്റു കുടുംബങ്ങൾക്കായി കൈമാറിയതായും ദുരന്തബാധിതർ ആരോപിക്കുന്നു. ദുരന്തബാധിതരായ 52 കുടുംബങ്ങളെയാണു പുത്തുമലയിലെ 7 ഏക്കർ ഭൂമിയിൽ പുനരധിവസിപ്പിച്ചത്.
നിലവിൽ 50 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
ടൗൺഷിപ് ഭൂമിയിൽ കളിസ്ഥലം ഒരുക്കി നൽകുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്കായതോടെ ഗുണഭോക്താക്കൾ പിരിവെടുത്താണു കുട്ടികൾക്കായി കളിസ്ഥലമൊരുക്കിയത്. മറ്റു കുടുംബങ്ങൾക്കായി കൈമാറിയ ഭൂമിയിൽ ഇൗ സ്ഥലം ഉൾപ്പെട്ടിട്ടുണ്ടെന്നാണു ഗുണഭോക്താക്കൾ പറയുന്നത്.
വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണു ഗുണഭോക്താക്കളുടെ തീരുമാനം. 2019 ഓഗസ്റ്റ് 8നാണു പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത്.
17 ജീവനുകൾ നഷ്ടമായി. 5 പേർ ഇപ്പോഴും കാണാമറയത്താണ്.
ദുരന്തത്തിൽ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു. ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട
10 കുടുംബങ്ങൾ സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ സ്വീകരിച്ച് മറ്റിടങ്ങളിലേക്കു മാറി.
വീടുകളിൽ ദുരിതം; പരിഹാരം ഇനിയുമകലെ
2019ലെ പുത്തുമല ദുരന്തത്തിനു ശേഷം 2 വർഷങ്ങൾക്കു ശേഷമാണു 49 വീടുകളുള്ള പുനരധിവാസ പദ്ധതി യാഥാർഥ്യമായത്. 550 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണു നിർമിച്ചത്.
6.5 ലക്ഷം രൂപയാണു ഒരു വീടിനായി ചെലവഴിച്ചത്. ഇതിൽ 4 ലക്ഷം രൂപ സർക്കാർ നൽകി.
ബാക്കി തുക സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തുകയായിരുന്നു. 2 കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി സൗകര്യങ്ങളാണു വീടുകളിലുള്ളത്.
വിവിധ സന്നദ്ധ സംഘടനകൾ ചേർന്നാണു വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. 6 മാസം കഴിയും മുൻപേ വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു.
വീടുകളുടെ അശാസ്ത്രീയ നിർമാണം തുടക്കംമുതലേ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നെന്നു ഗുണഭോക്താക്കൾ പറയുന്നു.
ചോർന്നൊലിക്കുന്നതിനാൽ ഇവിടുത്തെ വീടുകളിൽ ഭൂരിഭാഗവും മേൽക്കൂരയ്ക്കു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ച നിലയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

