കിടങ്ങറ ∙ ചെറുകാപ്പു നഗറിലെ ജനങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ല; താൽക്കാലിക പരിഹാര മാർഗവുമായി പഞ്ചായത്തംഗം. വെളിയനാട് പഞ്ചായത്ത് 8-ാം വാർഡിലെ ചെറുകാപ്പു നഗറിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിനു പരിഹാരം തേടി ഒട്ടേറെ നിവേദനങ്ങളും പരാതികളും സമരങ്ങളും നടത്തിയിട്ടു യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
തുടർന്നാണു പഞ്ചായത്തംഗം സജിത സുബാഷ് തനിക്കു ലഭിച്ച ഓണറേറിയത്തിന്റെ ഒരു പങ്കു ചെലവഴിച്ചു റോഡിൽ താൽക്കാലിക യാത്ര സൗകര്യം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 15 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽനിന്നു 5 ലക്ഷവും അനുവദിച്ചെങ്കിലും നിർമാണം നടന്നിട്ടില്ല.
വെളിയനാട് കൃഷിഭവൻ പരിധിയിലെ തൈപ്പറമ്പ് പാടശേഖരത്തിനുള്ളിലൂടെയാണു റോഡ് കടന്നുപോകുന്നത്.
പാടശേഖരത്തിൽ കൃഷിയില്ലാത്ത അവസരത്തിൽ റോഡിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. തുടർന്നു ചെറുവള്ളങ്ങളെ ആശ്രയിച്ചാണു പ്രദേശവാസികളുടെ സഞ്ചാരം.
അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കണ്ട്, അടുത്ത വെള്ളപ്പൊക്കത്തിനു മുൻപായെങ്കിലും റോഡ് നവീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് അംഗത്തിന്റെ ഓണറേറിയത്തിന്റെ ഒരു പങ്ക് ചെലവഴിച്ചു മണ്ണുമാന്തിയന്ത്രം വാടകയ്ക്കെടുത്താണു റോഡിലെ താൽക്കാലിക ഗതാഗത സൗകര്യം ഒരുക്കിയത്.
റോഡിൽ നിലവിലുണ്ടായിരുന്ന കുഴികൾ അടയ്ക്കുകയും റോഡിന് ഇരുവശത്തുമുണ്ടായിരുന്ന പുല്ലും കാടും നീക്കുകയും ചെയ്തു.
ചെറുകാപ്പു നഗറിലേക്ക് ഓട്ടോറിക്ഷയോ സ്കൂൾ വാഹനമോ പാചകവാതക വിതരണക്കാരോ വരാറില്ലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നു കാട്ടി പഞ്ചായത്തംഗം രേഖാമൂലം കത്ത് നൽകി ഒരുമാസം കാത്തു നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു സ്വന്തം കയ്യിൽനിന്നു പണം ചെലവഴിച്ചു താൽക്കാലിക സൗകര്യം ഒരുക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

