ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേടിക്കിടെ വിപണിയെ ആശങ്കയിലാഴ്ത്തി ഇറാൻ – ഇസ്രയേൽ തർക്കം പുതിയ തലത്തിലേക്ക്. സമാധാന ചർച്ചകള്‍ പരാജയപ്പെട്ടാൽ ഇറാനെ ആക്രമിക്കാൻ യുഎസും ഇസ്രയേലും ഒരുങ്ങുന്നതായി റിപ്പോർട്ട്.
ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടിക്ക് ഇസ്രയേലിന് പിന്തുണ നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പു നൽകിയെന്നാണ് റിപ്പോർട്ട്. അതേസമയം, സമാധാന ചർച്ചകൾക്കായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്‍ഗാച്ചി ജനീവയിലേക്ക് തിരിച്ചു.
യുഎസ് പ്രതിനിധികളും ഉടൻ ജനീവയിലെത്തും. നാളെയാണ് ഇരുരാജ്യങ്ങളുടെയും രണ്ടാം ഘട്ട
ചർച്ചകൾ നടക്കുന്നത്. ഒമാന്റെ മധ്യസ്ഥതയിലാണ് ചർച്ച.
ഇരുകൂട്ടർക്കും സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന രീതിയിലുള്ള ചര്‍ച്ചകൾ ആകാമെന്ന് ഇറാൻ ഇന്നലെ നിലപാടെടുത്തിരുന്നു.
യുഎസ് സാമ്പത്തിക ഉപരോധങ്ങളിൽ ഇളവു വരുത്തിയാൽ ആണവ പദ്ധതിയിൽ അടക്കം വിട്ടുവീഴ്ചയാകാമെന്നാണ് ഇറാൻ പറയുന്നത്. പകരം ഊർജ മേഖലയിൽ അടക്കം യുഎസ് കമ്പനികൾക്ക് നിക്ഷേപം അനുവദിക്കും.
അമേരിക്കയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ വാങ്ങാനും തയാറാണെന്ന് ഇറാൻ അറിയിച്ചിരുന്നു. അതേസമയം, യുഎസ് ആക്രമണമുണ്ടായാൽ ഇറാനെ പിന്തുണയ്ക്കുമെന്ന് താലിബാൻ നേതൃത്വം അറിയിച്ചു.
ഇറാനിലെ പ്രാദേശിക റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐടി പേടി മാറാതെ വിപണി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേടിയിൽ ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞ ആഴ്ചയ്ക്ക് ശേഷം വിപണി വീണ്ടും തുറക്കുന്നു. വെള്ളിയാഴ്ച കനത്ത നഷ്ടത്തിലാണ് ഇരു സൂചികകളും വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 1,048.16 പോയിന്റ് നഷ്ടത്തിൽ 82,626.76ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ വ്യാപാരാന്ത്യം 336.10 പോയിന്റുകൾ ഇടിഞ്ഞ് 25,417.10ലുമെത്തി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 26,000 കുതിക്കുമെന്ന് കരുതിയ നിഫ്റ്റി ഇപ്പോൾ 25,000ന് താഴേക്ക് പോകാതിരിക്കാനുള്ള ശ്രമത്തിലാണ്. പ്രധാന ഐടി കമ്പനികളുടെ ഓഹരി പ്രകടനം അളക്കുന്ന നിഫ്റ്റി ഐടി സൂചികയാണ് ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടത്.
യുഎസ് ഫെഡറൽ റിസർവിന്റെയും റിസർവ് ബാങ്കിന്റെയും പണനയ യോഗങ്ങളിലെ ചർച്ചാ വിഷയങ്ങൾ ഈ ആഴ്ച വിപണിക്ക് നിർണായകമാകും.
കൂടാതെ വിദേശ നിക്ഷേപകരുടെയും ഐടി ഓഹരികളുടെയും പ്രകടനം, സ്വർണം, വെള്ളി വില , ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയും സ്വാധീനശക്തിയാകും.
ഏഷ്യൻ വിപണി ഇന്ന് ഫ്ളാറ്റായാണ് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ വാരം അഞ്ച് ശതമാനത്തോളം കുതിച്ച ജപ്പാനിലെ നിക്കെയ് സൂചിക ഇന്ന് നേരിയ നഷ്ടത്തിലാണ്.
തുടക്കം ലാഭത്തിലായിരുന്നെങ്കിലും പിന്നീട് ചുവപ്പിലേക്ക് വീഴുകയായിരുന്നു. ഹോങ്കോങ് സൂചിക നഷ്ടത്തിലായ ശേഷം പിന്നീട് ലാഭത്തിലേക്ക് കയറി.
ചൈന, ദക്ഷിണ കൊറിയ, തായ്വാൻ വിപണികൾ ഇന്ന് ചാന്ദ്ര പുതുവർഷത്തെ തുടർന്ന് അവധിയിലാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന പണപ്പെരുപ്പ കണക്കുകളെ തുടർന്ന് വെള്ളിയാഴ്ച അമേരിക്കൻ ഓഹരി സൂചികകൾ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ജനുവരിയിലെ പണപ്പെരുപ്പ കണക്കുകൾ ഇക്കൊല്ലം വീണ്ടും അടിസ്ഥാന പലിശ നിരക്കിൽ മാറ്റമുണ്ടായേക്കുമെന്നതിന്റെ സൂചനയാണെന്ന് ചിലർ പറയുന്നു.
ഡോ സൂചിക 48.95 ശതമാനം നേട്ടത്തിലായി. എസ് ആൻഡ് പി വെറും 3.41 പോയിന്റിന്റെ നേട്ടത്തിലും ക്ലോസ് ചെയ്തു.
എന്നാൽ നാസ്ഡാക് 50.48 പോയിന്റ് ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ വമ്പൻ ടെക് കമ്പനികളായ എന്‍വിഡിയ, ആപ്പിൾ, മെറ്റ എന്നിവ ശരാശരി രണ്ട് ശതമാനത്തോളം ഇടിഞ്ഞു.
ഇന്ന് യുഎസ് വിപണിക്കും അവധിയാണ്.
എണ്ണവില ഇടിഞ്ഞു
ഇറാൻ–യുഎസ് സമാധാന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായൽ എണ്ണവിതരണം തടസപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നു.
എന്നാൽ ഇത് തൽക്കാലത്തേക്ക് മാറിയതും ഒപെക് രാജ്യങ്ങൾ ഉൽപാദനം കൂട്ടുമെന്ന റിപ്പോർട്ടുകളുമാണ് വിലയെ സ്വാധീനിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

