2027-ഓടെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ വൺപ്ലസ് പദ്ധതിയിടുന്നതായി പുറത്തുവന്ന റിപ്പോർട്ടുകൾ ഔദ്യോഗികമായി നിഷേധിച്ച് കമ്പനി രംഗത്തെത്തി. ആഗോള വിപണിയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു തടസ്സവുമില്ലാതെ തുടരുമെന്നും, ഇന്ത്യയിലെ വിപണിയിൽ വൺപ്ലസ് സജീവമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
നേരത്തെ, ഒപ്പോയുടെ ആഗോള പുനഃസംഘടനയുടെ ഭാഗമായി വൺപ്ലസ് വിവിധ വിപണികളിൽ നിന്ന് പിന്മാറുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയിലും യൂറോപ്പിലും പ്രവർത്തനം ചുരുക്കുന്നതിനൊപ്പം, വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നും കമ്പനി പിന്മാറിയേക്കുമെന്നായിരുന്നു വാർത്ത.
എന്നാൽ, ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഗാഡ്ജറ്റ്സ് 360-ന് നൽകിയ മറുപടിയിലാണ് വൺപ്ലസ് നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഒപ്പോയുടെ വിപുലമായ പുനഃസംഘടനയ്ക്ക് പിന്നിലെ കാരണങ്ങളായി ആഗോള വിപണിയിലെ സാമ്പത്തിക മാന്ദ്യം, മെമ്മറി ഘടകങ്ങളുടെ വിലക്കയറ്റം, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതോടൊപ്പം റിയൽമി ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകളും തങ്ങളുടെ വിപണി തന്ത്രങ്ങളിൽ മാറ്റം വരുത്തിയേക്കുമെന്നും സൂചനകളുണ്ട്. നേരത്തെ വൺപ്ലസ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന റോബിൻ ലിയു സ്ഥാനം ഒഴിഞ്ഞതും, കമ്പനിയിലെ നേതൃമാറ്റങ്ങളും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
എങ്കിലും, നിലവിൽ ഇന്ത്യയിൽ ബിസിനസ് കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നുണ്ടെന്ന ഉറച്ച നിലപാടിലാണ് കമ്പനി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

