കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയുമായി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ) രംഗത്ത്. നിലയത്തിലെ നിർണായകമായ പ്രവർത്തന സംവിധാനങ്ങളൊന്നും തന്നെ സൈബർ ആക്രമണങ്ങൾക്ക് വിധേയമായിട്ടില്ലെന്നും സുപ്രധാന വിവരങ്ങൾ ചോർന്നിട്ടില്ലെന്നും അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.
റിയാക്ടറുകളുടെ പ്രവർത്തനം, സുരക്ഷാ സംവിധാനങ്ങൾ, പ്ലാന്റ് സംരക്ഷണ സംവിധാനങ്ങൾ എന്നിവയെല്ലാം പൂർണമായും സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ഈ ഘടകങ്ങളെല്ലാം ബാഹ്യ നെറ്റ്വർക്കുകളിൽ നിന്ന് പൂർണമായും വേർപെടുത്തിയാണ് പ്രവർത്തിക്കുന്നത്.
ആണവനിലയത്തിന്റെ കോർ ഓപ്പറേഷൻസ് ഇൻഫ്രാസ്ട്രക്ചർ പൂർണമായും ഇന്റർനെറ്റുമായി ബന്ധമില്ലാത്ത ‘എയർ-ഗ്യാപ്പ്ഡ്’ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, ഇത്തരം സൈബർ ഭീഷണികൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് എൻപിസിഐഎൽ വിശദീകരിക്കുന്നു. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, തങ്ങളുടെ ബാഹ്യ സംവിധാനങ്ങളിൽ പരിമിതമായ തോതിൽ വിവരച്ചോർച്ച ഉണ്ടായതായി സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, ഈ സംഭവം ആണവനിലയത്തിന്റെ സുരക്ഷയെയോ ദൈനംദിന പ്രവർത്തനങ്ങളെയോ ഏതെങ്കിലും വിധത്തിൽ ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ രാജ്യത്തെ ആണവ സംവിധാനങ്ങൾ പൂർണ സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥർ ആവർത്തിച്ചു.
സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും, ആണവനിലയവുമായി സഹകരിക്കുന്ന മൂന്നാം കക്ഷികളുടെ സുരക്ഷാ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണെന്നും എൻപിസിഐഎൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

