അങ്കമാലി ∙ മെട്രോ മൂന്നാം ഘട്ട വികസനത്തോടനുബന്ധിച്ച് അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള വിശദപദ്ധതി രേഖ തയാറാക്കിത്തുടങ്ങി.
ആലുവയിൽ നിന്ന് അങ്കമാലിയിലേക്കു നീട്ടുന്നതിനായി സർവേ നടത്തി പലയിടങ്ങളിലും കല്ലുകൾ സ്ഥാപിക്കുന്നുണ്ട്. ആലുവ മുതൽ അങ്കമാലിയിൽ തൃശൂർ റൂട്ടിൽ കരയാംപറമ്പ് വരെയാണ് സർവേ നടക്കുന്നത്.
വിവിധ അലൈൻമെന്റ് സംബന്ധിച്ചു ചർച്ച നടക്കുന്നുണ്ട്. പ്രായോഗികവും സാമ്പത്തികപരമായും അനുയോജ്യമാകുന്ന അലൈൻമെന്റ് സർക്കാരിനു സമർപ്പിക്കും.
അനുമതി ലഭ്യമായാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടി തുടങ്ങാനാകും.
കൊച്ചി വിമാനത്താവളം, അങ്കമാലി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, നിർദിഷ്ട നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെടുത്തി മെട്രോയെ ഒരൊറ്റ ശൃംഖലയായി മാറ്റേണ്ടതുണ്ട്.
ജനവാസമേഖലകളെയും സ്ഥാപനങ്ങളെയും അധികം ബാധിക്കാത്ത തരത്തിൽ അലൈൻമെന്റ് തയാറാക്കണമെന്നാണു പൊതുവായി ഉയർന്ന അഭിപ്രായം. വിമാനത്താവളത്തിന് അടുത്തായതുകൊണ്ട് ശബ്ദമലിനീകരണം, ഉയര പരിധി തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
വിമാനത്താവളത്തിനു സമീപത്ത് ഭൂഗർഭ പാത വേണമെന്ന നിർദേശം വന്നിട്ടുണ്ട്.
ഭൂഗർഭ പാതയ്ക്ക് ചെലവ് ഏറുമെങ്കിലും സ്ഥലം ഏറ്റെടുക്കലിന്റെ കാലതാമസം ഉണ്ടാകില്ല. നിർമാണ വേളയിലും ശേഷവും പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടെ പഠിച്ചതിനു ശേഷമാകും വിശദ പദ്ധതിരേഖ അന്തിമമാക്കുക.
പൊതുജന അഭിപ്രായം തേടി മെട്രോ അധികൃതർ
മെട്രോ അങ്കമാലിയിലേക്കു നീട്ടുന്നതു ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നു റോജി എം.ജോൺ എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്നു മെട്രോ അധികൃതർ അങ്കമാലിയിലെത്തി പൊതുജനങ്ങളോടു പദ്ധതി സംബന്ധിച്ചു വിശദീകരിച്ചു.
യോഗത്തിൽ റോജി എം.ജോൺ എംഎൽഎ അധ്യക്ഷനായി.ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് മെട്രോ ഏതുവഴി വരണമെന്നത് സംബന്ധിച്ച് യോഗത്തിൽ ഒട്ടേറെ അഭിപ്രായങ്ങളുയർന്നു. ആലുവയിൽ നിന്ന് വിമാനത്താവളത്തിലെത്തി നായത്തോട് വഴി അങ്കമാലിയിലെ കോതകുളങ്ങര, ആലുവയിൽ നിന്ന് വിമാനത്താവളത്തിലെത്തി തിരികെ ദേശീയപാതയോരത്തു കൂടി അങ്കമാലി ടൗൺ വഴി കോതകുളങ്ങര, അങ്കമാലിയിൽ നിന്നു വിമാനത്താവളത്തിലേക്ക് പ്രത്യേക ലൈൻ തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയർന്നത്.
ആലുവയിൽ നിന്നു വിമാനത്താവളത്തിലേക്കും അവിടെ നിന്നു നായത്തോട് വഴി അങ്കമാലി ടൗണിലും കോതകുളങ്ങര വരെയുമുള്ള പ്രാഥമിക അലൈൻമെന്റ് തയാറാക്കിയിട്ടുണ്ട്. ഇതിൽ ആലുവ മുതൽ കോതകുളങ്ങര വരെ 14 സ്റ്റേഷനുകളാണുള്ളത്.
തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശേരി,അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നായത്തോട്, കവരപ്പറമ്പ്,എംസി റോഡിൽ അരീക്കൽ ജംക്ഷൻ, എൽഎഫ് ആശുപത്രി, അങ്കമാലി ടൗൺ, കോതകുളങ്ങര.
മെട്രോ വിമാനത്താവളത്തിലെത്തി തിരികെ അത്താണി വഴി ദേശീയപാതയോരത്തു കൂടി നേരെ അങ്കമാലിയിലേക്കു വരണമെന്ന് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു. ടെൽക്, ഇൻകെൽ, അങ്കമാലി റെയിൽവേ സ്റ്റേഷൻ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവയൊക്കെ ദേശീയപാതയ്ക്ക് അരികിലാണ്. ഇവയുമായി ബന്ധപ്പെട്ട് ഒട്ടേറെ യാത്രക്കാർ ഉണ്ടെന്ന് ഇവർ അഭിപ്രായപ്പെടുന്നു. നായത്തോടു വഴി അങ്കമാലിയിലേക്കു കൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നവർ ഗ്രാമപ്രദേശമായ നായത്തോടിന്റെ വികസനം ചൂണ്ടിക്കാട്ടുന്നു.
നഗരസഭാധ്യക്ഷ റീത്ത പോൾ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ജനറൽ മാനേജർ എ.അജിത്, ഡിജിഎം എൽദോ വർഗീസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ്, അങ്കമാലി മുനിസിപ്പൽ റസിഡന്റ്സ് അസോസിയേഷൻ ഏപെക്സ് ബോഡി പ്രസിഡന്റ് കെ.എ.പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
രാഷ്ട്രീയ പാർട്ടികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ഭാരവാഹികളും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

