വീട്ടിലിരുന്ന് മികച്ച വരുമാനം നേടാമെന്ന വ്യാജ വാഗ്ദാനങ്ങളിലൂടെ വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് സജീവമായ ഇത്തരം റാക്കറ്റുകൾ എൻടിഎൽ എന്ന വ്യാജ ആപ്ലിക്കേഷനാണ് തട്ടിപ്പുകൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്.
വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങളിൽ ആകൃഷ്ടരായി എത്തുന്നവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. വ്യാജ പരസ്യങ്ങളിൽ വീണ് ബന്ധപ്പെടുന്ന ഇരകളെ തന്ത്രപൂർവ്വം ഈ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത്.
തുടർന്ന് ആപ്പിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് വിവിധ ഓൺലൈൻ ജോലികൾ, നിക്ഷേപ പദ്ധതികൾ, ടാസ്കുകൾ, കമ്മീഷൻ വാഗ്ദാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നു. ഇതിൽ വിശ്വാസമർപ്പിച്ച് ചെറിയ തുകകൾ നിക്ഷേപിക്കുന്നവർക്ക് തുടക്കത്തിൽ കമ്മീഷൻ ലഭിക്കുന്നതായി ആപ്പിൽ വ്യാജമായി കാണിച്ചുകൊടുക്കുകയും, ചില അവസരങ്ങളിൽ ചെറിയ തുകകൾ പിൻവലിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുക്കാനുള്ള കബളിപ്പിക്കൽ തന്ത്രമാണിത്. ഇത്തരത്തിൽ വിശ്വാസം ആർജിച്ച ശേഷം വലിയ തുകകൾ നിക്ഷേപിക്കാൻ സംഘം നിരന്തരം പ്രേരിപ്പിക്കുന്നു.
കൂടുതൽ ലാഭം ലക്ഷ്യമിട്ട് ഇരകൾ വലിയ തുക നിക്ഷേപിക്കുമ്പോൾ യഥാർത്ഥ തട്ടിപ്പ് ആരംഭിക്കുന്നു. ഈ പണം തിരികെ എടുക്കാൻ ശ്രമിക്കുമ്പോൾ ‘പെൻഡിങ് ഫോർ റിവ്യൂ’, ‘പ്രോസസിംഗ്’, ‘ഹോളിഡേ’ തുടങ്ങിയ വ്യാജ കാരണങ്ങൾ കാണിച്ച് പിൻവലിക്കൽ വൈകിപ്പിക്കുന്നു.
കൂടാതെ, പണം പിൻവലിക്കുന്നതിനായി അധിക ഫീസ്, നികുതി, വെരിഫിക്കേഷൻ ഫീസ് എന്നീ പേരുകളിൽ വീണ്ടും പണം ആവശ്യപ്പെടുന്നു. ഒടുവിൽ നിശ്ചിത സമയത്തിനകം ആപ്പിന്റെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.
ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അമിത ലാഭം വാഗ്ദാനം ചെയ്യുന്ന ആപ്പുകളിലോ നിക്ഷേപ പദ്ധതികളിലോ ഒരു കാരണവശാലും പണം നിക്ഷേപിക്കരുത്.
സമൂഹമാധ്യമങ്ങളിൽ ലഭ്യമാകുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്ത് ഒരിക്കലും ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. ഏതെങ്കിലും നിക്ഷേപത്തിന് മുതിരുന്നതിന് മുൻപ് പ്രസ്തുത സ്ഥാപനത്തിന്റെ ആധികാരികതയും വിശ്വാസ്യതയും പൂർണ്ണമായി ഉറപ്പുവരുത്തേണ്ടതാണ്.
ചെറിയ നിക്ഷേപങ്ങൾക്ക് ചെറിയ കമ്മീഷൻ ലഭിച്ചു എന്നതിന്റെ പേരിൽ ഒരിക്കലും വലിയ തുകകൾ നിക്ഷേപിക്കരുത്. ഉയർന്ന ലാഭം, റെഫററൽ കമ്മീഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നതോ ലാഭം പിൻവലിക്കാൻ മുൻകൂർ തുക ആവശ്യപ്പെടുന്നതോ ആയ ആപ്പുകളോട് ജാഗ്രത പുലർത്തുക.
വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ നമ്പറുകൾ എന്നിവ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഇത്തരം സംശയകരമായ ആപ്പുകളിൽ ചേർക്കാൻ പ്രേരിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഒന്നിലധികം ഘട്ടങ്ങളായുള്ള ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്കോ ഔദ്യോഗിക പോർട്ടലായ www.cybercrime.gov.in മുഖേനയോ വിവരം അറിയിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

