അമ്പലവയൽ ∙ സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി മഞ്ഞപ്പാറ വ്യൂ പോയിന്റ് മാറുമ്പോഴും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഒരുക്കാത്തതു പ്രതിസന്ധിയാകുന്നു.
പാറക്കെട്ടുകളും ക്വാറിക്കുളങ്ങളും നിറഞ്ഞ മഞ്ഞപ്പാറയിൽനിന്നുള്ള കാരാപ്പുഴ ഡാം റിസർവോയറിന്റെ ദൂരക്കാഴ്ച ഏറെ മനോഹരമാണ്. ദിവസേന ഒട്ടേറെ സന്ദർശകരെത്തുന്ന ഇവിടെ അവധി ദിവസങ്ങളിലും ആഴ്ചയവസാനങ്ങളിലും സന്ദർശകരുടെ എണ്ണം വീണ്ടും വർധിക്കും. ആർക്കും എളുപ്പത്തിൽ കയറാൻ സാധിക്കുന്ന ചെറിയ കുന്നുപോലുള്ള പാറകളും അതിന് മുകളിലെത്തിയാലുള്ള കാഴ്ചയുമാണു പ്രധാന ആകർഷണം.
അമ്പലവയൽ ടൗണിൽ നിന്ന് ഏറെ അകലെയല്ലാത്തതിനാൽ സന്ദർശകർക്ക് എത്തിപ്പെടാനും എളുപ്പമാണെന്നതാണ് മഞ്ഞപ്പാറയെ സന്ദർശകരുടെ ഇഷ്ട കേന്ദ്രമാക്കുന്നത്.
എന്നാൽ, മഞ്ഞപ്പാറയിൽ വേണ്ടത്ര സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നു സഞ്ചാരികൾ പരാതിപ്പെടുന്നു. റവന്യു ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നതിനാൽ സന്ദർശകർക്കായി കൂടുതൽ സൗകര്യമൊരുക്കാൻ അധികൃതർ ശ്രമിച്ചാൽ നടപ്പാകും.
ഇവിടേക്കുള്ള റോഡ് കുഴികളും കല്ലുകളും നിറഞ്ഞു. ദുരിതയാത്ര ചെയ്താണു സഞ്ചാരികൾ വ്യൂപോയിന്റിൽ എത്തുന്നത്. പാറകൾ പൊട്ടിച്ച ഭാഗങ്ങളിൽ വേലിയോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തതിനാൽ അപകട
സാധ്യത ഏറെയാണ്. ക്വാറിക്കുളങ്ങളുടെ ആഴമോ അപകടമോ മനസ്സിലാക്കാതെ വെള്ളത്തിലിറങ്ങുന്നവർ അപായസാധ്യത വർധിപ്പിക്കുന്നു.
ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
മഞ്ഞപ്പാറ വ്യൂ പോയിന്റിന്റെ ടൂറിസം സാധ്യത പരമാവധി ഉപയോഗിക്കുന്നതിനോടെപ്പം സുരക്ഷാ സംവിധാനവും ഒരുക്കി അമ്പലവയലിലെത്തുന്ന സന്ദർശകർക്ക് സമയം ചെലവഴിക്കാനും ആസ്വദിക്കാനുമുള്ള ഇടമായി മാറ്റണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

