അബ്കാരി കേസിൽ എക്സൈസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ആന്റോ അഗസ്റ്റിനെ വീണ്ടും ജയിലിലേക്ക് മാറ്റി. കോടതി നടപടികളുടെ ഭാഗമായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയത്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് “പറയാം, പറയാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടയിൽ, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്.
തട്ടിപ്പ് കേസിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് തലൂരാൻ മുൻ സർക്കാരിന്റെ മേൽ കുറ്റങ്ങൾ ആരോപിക്കാനാണ് ആന്റോ അഗസ്റ്റിന്റെ ശ്രമമെന്നാണ് വിവരം. ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനുള്ള തീരുമാനങ്ങളെല്ലാം സർക്കാർ തലത്തിലാണ് ഉണ്ടായതെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന മൊഴി.
ആഗസ്റ്റ് 3-നാണ് ജിഎസ്ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ ഈ മൊഴി നൽകിയത്. സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു തന്നെ സമീപിച്ചത് സർക്കാർ ആണെന്നും, അന്നത്തെ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിൽ പോയി എ.എഫ്.എ (AFA) പ്രതിനിധികളെ കണ്ട് എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിൽ വരാൻ അർജന്റീന ടീം സമ്മതിച്ചുവെന്നും രണ്ട് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാരാണ് അറിയിച്ചത്. ഇതിന് ശേഷമാണ് സ്പോൺസർഷിപ്പിനായി തന്നെ സമീപിച്ചതെന്നാണ് ആന്റോയുടെ വാദം.
സർക്കാരിന് വേണ്ടി പണം ചെലവാക്കാൻ തീരുമാനിച്ചത് ഗുഡ് വില്ലിന് വേണ്ടിയാണെന്നും അദ്ദേഹം മൊഴിയിൽ പറയുന്നു. അതേസമയം, വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീടിന്റെ നിർമ്മാണവും ചട്ടങ്ങൾ ലംഘിച്ചാണ് നടത്തിയിരിക്കുന്നതെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
ജാമ്യാപേക്ഷകളിലും എക്സൈസിന്റെ ചോദ്യം ചെയ്യലിലും വാഴവറ്റയിലെ മുങ്ങനാനിയിലുള്ള വീട് തന്റേതല്ലെന്നാണ് ആന്റോ ആവർത്തിച്ചത്. എന്നാൽ ഇതിൽ വസ്തുതയില്ലെന്നും 67 ലിറ്റർ മദ്യം പിടിച്ചെടുത്ത വീടിന്റെ നിർമ്മാണത്തിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമി തരം മാറ്റുന്നതിനായി 2022-ൽ പഞ്ചായത്തിൽ അപേക്ഷ നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ മുകൾനിലകളുടെ നിർമ്മാണം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിബന്ധനകൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നിയമലംഘനം ചൂണ്ടിക്കാട്ടി മുട്ടിൽ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെന്നും എക്സൈസിന്റെ കസ്റ്റഡി അപേക്ഷയിലുണ്ട്.
പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പരിശോധിച്ച്, വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് എക്സൈസ് പ്രത്യേക അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

