ഇറാനിലെ ചബാഹർ തുറമുഖത്തിൽ കേന്ദ്രസർക്കാരിന് മനംമാറ്റം. പദ്ധതിയിൽ യുഎസ് അനുവദിച്ചിരുന്ന ‘ ഇളവ് ‘ ഇക്കൊല്ലം ഏപ്രിൽ 26ന് അവസാനിക്കാൻ ഇരിക്കെയാണിത്.
കേന്ദ്രബജറ്റിൽ പദ്ധതിക്ക് വേണ്ടി പണം അനുവദിച്ചിരുന്നില്ല. പദ്ധതിക്ക് നൽകാമെന്നേറ്റ 120 മില്യൻ ഡോളർ കൊടുത്തു തീർത്തതായും കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.
പദ്ധതിയുടെ ഭാവിയെക്കുറിച്ച് കേന്ദ്രസർക്കാര് വ്യക്തമാക്കിയിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതിയും പ്രതികരിച്ചു. ഇതോടെയാണ് പദ്ധതിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ചബാഹറിൽ നിന്ന് പിന്മാറാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോണ്ഗ്രസ് എംപിയായ മനീഷ് തിവാരിയും ആരോപിച്ചു.
ഇറാനിലെ ഇന്ത്യയുടെ തന്ത്രപരമായ തുറമുഖമാണ് ചബാഹർ. പാക്കിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപാരം നടത്താൻ നിർണായകമാണിത്.
ഇറാന് മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്ക് ചബാഹറിൽ തുറമുഖം പ്രവർത്തിക്കിപ്പിക്കാൻ അനുമതി നൽകിയിരുന്നു. 2026 ഏപ്രിൽ 26 വരെയാണ് ഇളവിന്റെ കാലാവധി.
ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎസ് ഇന്ത്യയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. 2003ലാണ് ഇന്ത്യ ഇറാന്റെ തെക്കു കിഴക്കൻ തീരത്തുള്ള തുറമുഖം വികസിപ്പിക്കാൻ തുടങ്ങിയത്.
2026–27 വർഷത്തേക്കുള്ള കേന്ദ്രബജറ്റിൽ തുറമുഖത്തിന് വേണ്ടി പണം നീക്കിവച്ചിട്ടില്ല.
യുഎസ് അനുമതി ലഭിക്കാതെ തുറമുഖത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് താൽപര്യമില്ലെന്നാണ് വിലയിരുത്തൽ. യുഎസുമായി തർക്കത്തിന് പോകാതെ സമവായത്തിൽ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമം.
2024 മേയിലാണ് ഇറാനുമായി ഇന്ത്യ 10 വര്ഷത്തെ കരാർ ഒപ്പിട്ടത്. ഇതനുസരിച്ച് തുറമുഖത്തിലെ ഉപകരണങ്ങൾ വാങ്ങിയതിന് 120 മില്യൻ ഡോളർ നൽകിയെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
തുറമുഖത്തിന്റെ പ്രവർത്തനത്തിൽ ഇളവ് ലഭിക്കാൻ യുഎസുമായി ചർച്ചകൾ നടത്തുകയാണെന്നും മന്ത്രാലയം പറഞ്ഞു.
കേന്ദ്രസർക്കാർ ചബാഹർ പദ്ധതിയിൽ നിന്ന് പിന്മാറുകയാണോയെന്ന മനീഷ് തിവാരിയുടെ ചോദ്യത്തിനാണ് വിദേശകാര്യ മന്ത്രാലയം പാർലെമന്റിൽ ഉത്തരം നൽകിയത്. തുറമുഖ പദ്ധതിയിൽ നിന്ന് സർക്കാർ ഔദ്യോഗികമായി പിന്മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര വഴിയാണ് സർക്കാർ അടയ്ക്കുന്നത്. അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളുമായി വ്യാപാര ബന്ധം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.
ഒന്നും കേട്ടില്ലെന്ന് ഇറാൻ
ചബാഹർ പദ്ധതിയിൽ നിന്ന് പൂർണമായും പിന്മാറാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫത്താലിയുടെ പ്രതികരണം.
ഇന്ത്യയുമായി നല്ല ബന്ധമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. തുറമുഖ നടത്തിപ്പ് ഇന്ത്യ തുടരുമെന്നാണ് കരുതുന്നത്.
ഏത് രാജ്യത്തിനും പ്രയോജനപ്പെടുന്ന തുറമുഖമാണ് ചബാഹറിലേത്. നിലവിൽ ചബാഹറിൽ ഇന്ത്യ നിലപാട് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇന്ത്യയിലെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. എത്ര ശതമാനം തീരുവ ചുമത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവയെന്നാണ് നേരത്തെ ട്രംപ് പറഞ്ഞത്.
ഏതൊക്കെ രാജ്യങ്ങൾക്ക് മേൽ ഇതു ചുമത്തുമെന്നും ഉറപ്പായിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

