തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം പൊടി തട്ടിയെടുക്കുന്ന പദ്ധതിയായി ശബരി പാത മാറരുതെന്നു 2 പതിറ്റാണ്ട് മുൻപ് കല്ലിട്ട പ്രദേശത്തെ ജനം പറയുന്നു.
സ്ഥലം വിൽക്കാനും കൈമാറ്റം ചെയ്യാനും സാധിക്കാതെ ഒട്ടേറെപ്പേരാണു എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളത്. ‘ രാമപുരം സ്റ്റേഷൻ’ വരെ സർവേ നടത്തി കല്ലിട്ട് പോയിരുന്നു.കല്ലിട്ടെങ്കിലും മൂവാറ്റുപുഴ താലൂക്ക് വരെ മാത്രമാണു സാമൂഹികാഘാത പഠനം നടത്തിയത്.
തൊടുപുഴ താലൂക്കിലെ കരിങ്കുന്നം, മണക്കാട്, തൊടുപുഴ വില്ലേജുകളിലും മീനച്ചിൽ താലൂക്കിലെ രാമപുരം, കടനാട് വില്ലേജുകളിലും സാമൂഹികാഘാത പഠനം പോലും നടത്തിയിട്ടില്ല.
ഉണ്ണി പറയും സങ്കടകഥ!
പദ്ധതിക്കായി വീടിന്റെ ഒരറ്റത്ത് ഇട്ട കല്ലിൽ ഇന്നും ഉണ്ണി സങ്കടത്തോടെ നോക്കും.
കാൽ നൂറ്റാണ്ട് മുൻപ് നിർമിച്ച വീട് ഇന്ന് അറ്റകുറ്റപ്പണി പോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലെത്തി. പദ്ധതി താളം തെറ്റിച്ച ജീവിതങ്ങളിലൊന്നാണ് തൊടുപുഴ മണക്കാട് സ്വദേശി വാഴയിൽ വി.യു.ഉണ്ണിയുടേത് (74).
പദ്ധതിക്കായി 21 സെന്റ് അളന്നിട്ടു. കെഎസ്ആർടിസിയിൽ നിന്ന് മെക്കാനിക്കായി വിരമിച്ച ഉണ്ണിയുടെ വീടിന്റെ ഓടിളകി വീഴുന്ന അവസ്ഥയാണിന്ന്.
വീടിനകത്ത് നടക്കുമ്പോൾ അൽപം ശ്രദ്ധ നൽകിയില്ലെങ്കിൽ പ്രശ്നമാകും. 5 മക്കളാണ് ഉണ്ണി – കെ.കെ.രമണി ദമ്പതികൾക്കുള്ളത്.
ഇതിൽ ഇളയ മകൾ സനിതയാണ് കൂടെയുള്ളത്.
ആ ഓഫിസ് ഇല്ല
2021മേയ് 31നാണു പാലാ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന, ശബരി പദ്ധതിക്കുള്ള കോട്ടയം ജില്ലയിലെ സ്ഥലമേറ്റെടുപ്പ് ഓഫിസ് അടച്ചത്. ഇപ്പോൾ ഈ ഓഫിസ് സ്ഥലം മീനച്ചിൽ താലൂക്ക് ലാൻഡ് റെക്കോർഡ് മെയ്ന്റനൻസ് (എൽആർഎം) ഓഫിസാണ്.
മിനി സിവിൽ സ്റ്റേഷനിൽ ശബരി പദ്ധതിക്ക് ഓഫിസ് സ്ഥലം ആവശ്യപ്പെട്ട് കലക്ടറേറ്റിൽ നിന്നു കഴിഞ്ഞ ദിവസം കത്തു നൽകിയിട്ടുണ്ട്.
‘മേപ്പടിയാൻ’ പറഞ്ഞ കഥ
വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാന്റെ’ കഥാഗതി നിർണയിക്കുന്ന ഘടകം ശബരി പദ്ധതിയാണ്. ഉണ്ണി മുകുന്ദന്റെ കഥാപാത്രമായ ജയകൃഷ്ണൻ ശബരി റെയിൽ പദ്ധതിക്കായി കല്ലിട്ട
സ്ഥലം അറിയാതെ വാങ്ങുന്നതും ഇതു മറ്റൊരാൾക്കു മറിച്ചുവിൽക്കുന്നതും ഒടുവിൽ ശബരി പദ്ധതി യാഥാർഥ്യമാകുന്നു എന്ന ടിവി വാർത്തയും ചിത്രത്തിലുണ്ട്.
കാൽ നൂറ്റാണ്ടിലേറെയായി ട്രെയിൻ ഇന്നു വരും നാളെ വരും എന്ന പല്ലവി മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ശബരി പദ്ധതിക്ക് അനക്കം വയ്ക്കും.
പിന്നീട് ആരെയും കാണില്ല. ഇനിയെങ്കിലും പദ്ധതി നടപ്പാക്കാൻ അധികൃതർ തയാറാകണം.
സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണം.
ഡെയ്സി കൈതയ്ക്കൽ, പിഴക്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

