തിരുവനന്തപുരം ∙ ശബരി റെയിൽപാത എരുമേലിയിൽനിന്നു പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി ബാലരാമപുരത്തേക്കു നീട്ടിയാൽ തെക്കൻ കേരളത്തിനു ലഭിക്കുക പുതിയ വികസന ഇടനാഴി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിഴിഞ്ഞം മുതൽ പുനലൂർ വരെ നീളുന്ന വ്യവസായ, സാമ്പത്തിക വളർച്ചാ മേഖലാ പ്രഖ്യാപനത്തിൽ റെയിൽ ഇടനാഴിയും പ്രധാനഘടകമാണ്.
പാത കടന്നുപോകുന്ന കിഴക്കൻ മേഖലയിൽ ഒട്ടേറെ എസ്റ്റേറ്റ് ഭൂമി വ്യവസായ ആവശ്യങ്ങൾക്കു ലഭ്യമാണ്. വൻകിട
വ്യവസായങ്ങൾക്കു ഭൂമി ലഭ്യമല്ലെന്ന പരാതിക്കും പരിഹാരമാകും. റബർ ഉൽപാദനം കുറഞ്ഞതോടെ എസ്റ്റേറ്റുകൾ പലതും വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ്. ഹെക്ടർ കണക്കിനു ഭൂമിയാണ് ഇവിടങ്ങളിലുള്ളത്.
പാത കടന്നു പോകുന്ന മേഖലകളിൽ വ്യവസായ യൂണിറ്റുകളും വിഴിഞ്ഞം വഴി കയറ്റുമതിക്കുള്ള അവസരവും ലഭ്യമാകുന്നതോടെ വൻ വികസന സാധ്യതകൾക്കു വഴിതുറക്കും. വാഴക്കുളം പൈനാപ്പിൾ, പെരുമ്പാവൂരിൽ നിന്നുള്ള അരി തുടങ്ങിയവ വിഴിഞ്ഞം തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്കു വേഗത്തിൽ കയറ്റുമതി ചെയ്യാനും അവസരമൊരുങ്ങും.
അങ്കമാലി മുതൽ ബാലരാമപുരം വരെ മൂന്നാം റെയിൽ ഇടനാഴി ലഭിക്കുന്നതു കേരളത്തിന് അനുഗ്രഹമാകും. ഇപ്പോൾ തിരുവനന്തപുരം– കായംകുളം റെയിൽ പാതയിൽ ഗതാഗത തടസ്സമുണ്ടായാൽ തലസ്ഥാനത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതു നാഗർകോവിൽ, മധുര, പൊള്ളാച്ചി റൂട്ടിലാണ്.
ശബരി പാത നീട്ടിയാൽ ഗതാഗതം കേരളത്തിലൂടെ തന്നെ വഴിതിരിച്ചുവിടാൻ കഴിയും. പുതിയ പാത തിരുവനന്തപുരം–കായംകുളം പാതയിലെ തിരക്കും കുറയ്ക്കും.
സ്റ്റേഷനുകൾ, സാധ്യതകൾ
∙ റാന്നി
എരുമേലി കടന്ന് റെയിൽവേ റാന്നിയിൽ എത്തിയാൽ തെക്കൻ കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്ന് ചെങ്കോട്ട
വഴിയും എത്തുന്ന ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദമാകും. ശബരിമലയ്ക്കുള്ള പ്രധാന കേന്ദ്രമായി ഈ സ്റ്റേഷനെ വികസിപ്പിക്കാം.
വിനോദ സഞ്ചാരികൾക്ക് ഗവി, പെരുന്തേനരുവി എന്നിവിടങ്ങളിലേക്ക് വേഗമെത്താൻ കഴിയും. നൂറു വർഷത്തിലേറെയായി നടക്കുന്ന ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് വേദിയിലേക്കും റാന്നി ഹിന്ദു മത കൺവൻഷനിലേക്കും എത്താനാകും.
മലയോര കർഷകർക്കും സ്റ്റേഷൻ വലിയ നേട്ടമാകും.
∙ പത്തനംതിട്ട
പ്രസിദ്ധമായ മാരാമൺ കൺവൻഷൻ, മലയാലപ്പുഴ ക്ഷേത്രം, ആറന്മുള ക്ഷേത്രം, മഞ്ഞനിക്കര ദയറ എന്നിവ ഉൾപ്പെടുന്ന തീർഥാടക ഭൂമിയാണ് പത്തനംതിട്ട. നിലവിൽ ചെങ്ങന്നൂരിനെയും തിരുവല്ലയെയും ആശ്രയിക്കുന്ന പത്തനംതിട്ടക്കാർക്കു ജില്ലാ ആസ്ഥാനത്ത് റെയിൽവേ സ്റ്റേഷൻ ലഭിക്കും.
∙ കോന്നി
അടവി കുട്ടവഞ്ചി സവാരി, കോന്നി ആനക്കൂട്, ഇക്കോടൂറിസം കേന്ദ്രം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പമെത്താം.
മലയോരത്തെ വ്യാപാര മേഖലയ്ക്കു ചരക്കുനീക്കത്തിനും സഹായം. കോന്നി മെഡിക്കൽ കോളജ് പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ രോഗികൾക്കും സ്റ്റേഷൻ ഉപകരിക്കും.
∙ പത്തനാപുരം
കൊല്ലം–പത്തനംതിട്ട
ജില്ലാ അതിർത്തിയായ പത്തനാപുരത്തിന്റെ വികസനത്തിനു വഴിതുറക്കും. മുൻപ് കേന്ദ്ര സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിക്കുകയും സർവേ നടത്തുകയും ചെയ്ത കായംകുളം–പത്തനാപുരം റെയിൽവേ ലൈനും ഇതോടൊപ്പം നടപ്പായാൽ മലയോര മേഖലയുടെ പ്രധാന കേന്ദ്രമായി ഇവിടം മാറും. സമീപ പ്രദേശങ്ങളായ കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും എളുപ്പമെത്താം.
∙ പുനലൂർ
പുനലൂർ റെയിൽവേ സ്റ്റേഷൻ ജംക്ഷൻ സ്റ്റേഷനാകും.
ഏഷ്യയിലെ ആദ്യത്തെ സമഗ്ര ഇക്കോ ടൂറിസം പദ്ധതിയായ തെന്മല, രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലം, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രങ്ങൾ, കൊല്ലം –തിരുമംഗലം ദേശീയപാതയും മലയോര ഹൈവേയും മൂവാറ്റുപുഴ– പുനലൂർ സംസ്ഥാന ഹൈവേയും സംഗമിക്കുന്ന സ്ഥലമാണു പുനലൂർ. തമിഴ്നാട്ടിൽനിന്നു തിരുവനന്തപുരത്തേക്കു ഈ റൂട്ടിലൂടെ പുതിയ ട്രെയിനുകൾക്കു സർവീസ് നടത്താനാവും.
∙ അഞ്ചൽ
40 മുതൽ 65 കിമീ വരെ ദൂരം സഞ്ചരിച്ചാണ് അഞ്ചലിന്റെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ കൊല്ലം സ്റ്റേഷനിലെത്തി ട്രെയിനിൽ യാത്ര ചെയ്യുന്നത്.
പുതിയ പാത സമീപത്തെ 6 പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉപകരിക്കും. മേഖലയിലെ ടൂറിസം പദ്ധതികൾക്കും ഉണർവാകും. അഞ്ചൽ, ഇട്ടിവ, ഏരൂർ, അലയമൺ, ഇടമുളയ്ക്കൽ , കുളത്തൂപ്പുഴ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്കു സ്റ്റേഷൻ ഉപകാരപ്പെടും. ഓയിൽപാം എണ്ണപ്പനത്തോട്ടം, കുടുക്കുത്തുപാറ ഇക്കോടൂറിസം തുടങ്ങിയവ ഈ മേഖലയിലാണ്.
∙ കിളിമാനൂർ
രാജാ രവിവർമയുടെ കൊട്ടാരമാണു പ്രധാന ആകർഷണം.
പഴയകുന്നുമ്മേൽ , കിളിമാനൂർ, നഗരൂർ, പുളിമാത്ത്, മടവൂർ പഞ്ചായത്തുകൾക്കു റെയിൽവേ സൗകര്യം ലഭിക്കും. ഇപ്പോൾ 28 കിലോമീറ്റർ അകലെയുള്ള വർക്കല സ്റ്റേഷനാണ് ആശ്രയം.
∙ വെഞ്ഞാാറമൂട് റോഡ്
സ്റ്റേഷൻ വരുന്നതോടെ വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ പഞ്ചായത്തുകൾക്കും ഒരു പോലെ ഗുണം ലഭിക്കും.
കാർഷിക മേഖലയിലെ ഉൽപന്നങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് ചെലവ് കുറച്ച് എത്തിക്കാനാവും. വാമനപുരം, നെല്ലനാട്, കല്ലറ, പാങ്ങോട്, പുല്ലമ്പാറ, മാണിക്കൽ, വെമ്പായം പഞ്ചായത്തുകൾക്ക് നേരിട്ട് ഗുണം ലഭിക്കും.
കൂടാതെ മുദാക്കൽ,പോത്തൻകോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കും ഗുണമുണ്ട്.
∙ നെടുമങ്ങാട്
പൊന്മുടി, പേപ്പാറ ഡാം, അരുവിക്കര ഡാം, വലിയമല എൽപിഎസ്സി, ഐഐഎസ്ടി, വിതുരയിലെ ഐസർ പോലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ അടുത്ത്. പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ നെടുമങ്ങാടിന് റെയിൽവേ കണക്ടിവിറ്റി.
കാർഷിക വിളകളുടെ നീക്കം എളുപ്പമാകും. നെടുമങ്ങാട് നഗരസഭ, ആനാട്, പനവൂർ, വിതുര, പാലോട്, പെരിങ്ങമ്മല, തൊളിക്കോട്, കരകുളം, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, അരുവിക്കര തുടങ്ങിയ പഞ്ചായത്തുകൾക്കു പാത പ്രയോജനം ചെയ്യും.
∙ കാട്ടാക്കട
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ഡാം, കോട്ടൂർ ആന പരിപാലന കേന്ദ്രം എന്നിവിടങ്ങളിലേക്കു പെട്ടെന്ന് എത്തിച്ചേരാം.
കാട്ടാക്കട, മാറനല്ലൂർ, പൂവച്ചൽ, വെള്ളനാട്, കള്ളിക്കാട് പഞ്ചായത്തുകൾക്ക് ഗുണം. കാട്ടാക്കടയിലെ നിർദിഷ്ട ബ്രഹ്മോസ് പദ്ധതി, കേന്ദ്ര ഫൊറൻസിക് സർവകലാശാല, സശസ്ത്ര സീമ ബൽ ബറ്റാലിയൻ ആസ്ഥാനം എന്നീ പദ്ധതികൾക്കും പാത സഹായമാകും.
∙ ബാലരാമപുരം
വിഴിഞ്ഞത്തു നിന്ന് തുരങ്കപാതയും എരുമേലിയിൽ നിന്നു ശബരി പാതയും ബാലരാമപുരത്ത് എത്തുന്നതോടെ 4 ദിശയിൽ നിന്നുള്ള ട്രെയിനുകൾ എത്തുന്ന സ്റ്റേഷൻ എന്ന നിലയിൽ ബാലരാമപുരം ജംക്ഷനായി മാറും.
വിഴിഞ്ഞം തുറമുഖ റെയിൽപാതയും മലയോര റെയിൽപാതയും ബാലരാമപുരത്ത് എത്തുന്നതോടെ മുടങ്ങിക്കിടക്കുന്ന മേൽപാലങ്ങളും അടിപ്പാതകളും ഉൾപ്പെടെ വൻ വികസനവും ബാലരാമപുരത്തെ കാത്തിരിക്കുന്നുണ്ട്. ബാലരാമപുരം ടെർമിനൽ സ്റ്റേഷനായി മാറും.
നിർമാണച്ചുമതല ആർക്ക് ? അവ്യക്തത തുടരുന്നു-
കെആർഡിസിഎലിനെ ഏൽപിക്കണമെന്ന് കേരളം; മറുപടി നൽകാതെ റെയിൽവേ
തിരുവനന്തപുരം ∙ അങ്കമാലി–എരുമേലി ശബരി പാതയുടെ നിർമാണം കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ), റെയിൽവേ എന്നിവയിൽ ആര് ഏറ്റെടുക്കുമെന്നതിൽ അവ്യക്തത.
പദ്ധതി നടത്തിപ്പ് സംയുക്ത സംരംഭമായ കെആർഡിസിഎല്ലിനെ ഏൽപിക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും റെയിൽവേ ഇതുവരെ മറുപടി നൽകിയിട്ടില്ല.
പകുതിച്ചെലവു വഹിക്കുന്നതിനാൽ കെആർഡിസിഎല്ലിനെ പദ്ധതി ഏൽപ്പിക്കണമെന്നാണു സർക്കാർ നിലപാട്. തുടക്കത്തിൽ റെയിൽവേക്ക് എതിർപ്പില്ലായിരുന്നെങ്കിലും ഭൂമിയേറ്റെടുത്തു കഴിഞ്ഞാൽ റെയിൽവേ തന്നെ കരാർ ക്ഷണിച്ചു പദ്ധതി നടപ്പാക്കുമെന്നാണ് ഇടക്കാലത്ത് അധികൃതർ പറഞ്ഞിരുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിന്റെ ചുമതല കെആർഡിസിഎല്ലിനെ ഏൽപിക്കാനും ആലോചിച്ചിരുന്നു. പദ്ധതികൾ വേഗത്തിലാക്കാൻ റെയിൽവേയുമായി ചേർന്നു ജോയിന്റ് വെഞ്ച്വർ കമ്പനിയായ കെആർഡിസിഎൽ രൂപീകരിക്കുമ്പോൾ ആദ്യം ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയാണു ശബരി റെയിൽവേ.
2016 ൽ സർക്കാർ, മുൻഗണനാക്രമം മാറ്റിയതോടെ പദ്ധതി തഴയപ്പെടുകയായിരുന്നു.
ശബരി പാതയ്ക്കു സർക്കാർ വിഹിതം അനുവദിച്ചുള്ള കിഫ്ബി ഉത്തരവ് വൈകാതെ ഇറങ്ങും. പല സ്ഥലത്തും അതിരുകല്ലുകൾ നഷ്ടപ്പെട്ടതിനാൽ വീണ്ടും സർവേ നടത്തി കല്ലിടുന്നതും പരിഗണനയിലുണ്ട്.
നിർമാണം പൂർത്തിയായ കാലടി വരെയുള്ള പാത വൈദ്യുതീകരിച്ചാൽ അവിടെനിന്നു ഗുരുവായൂരിലേക്കു മെമു സർവീസിനുള്ള ശുപാർശയും മുൻപുണ്ടായിരുന്നു. പദ്ധതി മരവിപ്പിച്ചതിനാൽ െറയിൽവേ ഇതിനു താൽപര്യം കാണിച്ചില്ല.
പദ്ധതി പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കാലടിയിൽനിന്നു മെമു സർവീസ് തുടങ്ങാൻ നടപടിയെടുക്കണമെന്നു ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

