ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) നിലവിലെ ചാംപ്യൻ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) സ്വന്തമാക്കാൻ താൽപര്യപത്രം സമർപ്പിച്ച് ശതകോടീശ്വരന്മാരുടെയും നിക്ഷേപക സ്ഥാപനങ്ങളുടെയും നീണ്ടനിര. മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംഇ) ചെയർമാൻ ഡോ.
രഞ്ജൻ പൈ, സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല, സ്വീഡിഷ് നിക്ഷേപസ്ഥാപനമായ ഇക്യുടി, സിംഗപ്പുർ ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ടെമാസെക് തുടങ്ങിയവ രംഗത്തുണ്ടെന്നാണ് സൂചന.
ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കാർലൈൽ തുടങ്ങിയ നിക്ഷേപസ്ഥാപനങ്ങൾക്കും ആർസിബി ഓഹരിയോട് താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കമ്പനികളൊന്നും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്ത്, സൂപ്പർഹിറ്റ് കന്നട ചലച്ചിത്രങ്ങളായ കെജിഎഫ്, കാന്താര എന്നിവയുടെ പ്രൊഡക്ഷൻ കമ്പനിയായ ഹോമ്പാലെ ഫിലിംസ് എന്നിവരും ആർസിബിയുടെ ഓഹരി ഉടമകളാകാൻ മത്സരരംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, മെച്ചപ്പെട്ട
മൂല്യമാണെങ്കിൽ ആർസിബിയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി അടുത്തിടെ അദാർ പൂനാവാല ട്വീറ്റ് ഇട്ടിരുന്നു. കൺസോർഷ്യം രൂപീകരിച്ച് ആർസിബിയെ സ്വന്തമാക്കാനാണ് ഡോ.
രഞ്ജൻ പൈ ശ്രമിക്കുന്നതെന്നറിയുന്നു. ഇതിനായി അദ്ദേഹം അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആർ, സിംഗപ്പുരിന്റെ ടെമാസെക് എന്നിവയുമായി ചർച്ചകൾ തുടങ്ങിയെന്ന് ഒരു ഇംഗ്ലിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.
റോയൽ ചാലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർസിഎസ്പിഎൽ) കീഴിലാണ് ആർസിബി പുരുഷ, വനിതാ ടീമുകളുള്ളത്.
യുണൈറ്റഡ് സ്പിരിറ്റ്സ് ആണ് ആർസിഎസ്പിഎല്ലിന്റെ പ്രമോട്ടർമാർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരം വിരാട് കോലി പ്രതിനിധീകരിക്കുന്ന ടീം ആണ് ആർസിബി.
സ്മൃതി മന്ഥാനയാണ് വനിതാ ടീം ക്യാപ്റ്റൻ. പുതിയ ഉടമകളെ കണ്ടെത്താനുള്ള പ്രാഥമിക നടപടികളിലേക്ക് നിലവിലെ പ്രമോട്ടർമാരും ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോയുടെ ഇന്ത്യൻ ഉപകമ്പനിയുമായ യുണൈറ്റഡ് സ്പിരിറ്റ്സ് (യുഎസ്എൽ) കടന്നിരുന്നു.
‘മദ്യ രാജാവ്’ എന്നും ‘കിങ് ഓഫ് ഗുഡ് ടൈംസ്’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന വിജയ് മല്യയിൽ നിന്നാണ് 2016ൽ ആർസിബിയുടെ ഉടമസ്ഥാവകാശം യുഎസ്എൽ സ്വന്തമാക്കിയത്.
ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്ത് ‘മനഃപൂർവം തിരിച്ചടയ്ക്കാതെ’ മുങ്ങിയ മല്യ ഇപ്പോഴുള്ളത് ലണ്ടനിൽ.
കഴിഞ്ഞ വർഷത്തെ സീസണിലാണ് ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി വിരാട് കോലിയുടെ ടീം ചാംപ്യന്മാരായത്. എന്നാൽ, വിജയാഘോഷത്തിലെ തിക്കുംതിരക്കും 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമായി മാറിയത് ടീമിനും വലിയ ക്ഷീണമായിരുന്നു.
മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിന്റെ ഉപസ്ഥാപനം ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിക്ഷേപം നടത്തി പ്രതിസന്ധിക്കാലത്ത് ബൈജൂസിന്റെ രക്ഷയ്ക്കെത്തിയത് ഡോ. രഞ്ജൻ പൈ ആയിരുന്നു.
യുഎസ് ധനകാര്യസ്ഥാപനമായ ഡേവിഡ്സൺ കെംപ്നറിൽ നിന്നെടുത്ത കടംവീട്ടാൻ രഞ്ജൻ പൈയുടെ നിക്ഷേപത്തിലൂടെ ബൈജൂസിന് കഴിഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

