തൊടുപുഴ ∙ സായുധവിപ്ലവ പാതയിൽ നിന്ന് എഴുത്തിന്റെയും ഹ്രസ്വകാലം ആത്മീയാന്വേഷണത്തിന്റെ പാതയിലേക്കും മാറി സഞ്ചരിച്ചതായിരുന്നു വെള്ളത്തൂവൽ സ്റ്റീഫന്റെ ജീവിതം. ചുറ്റും കണ്ട പാവപ്പെട്ടവരുടെ ജീവിതവും അവർ നേരിട്ട
ചൂഷണവുമാണ് വിപ്ലവപാതയിലേക്ക് അദ്ദേഹത്തെ തിരിച്ചുവിട്ടത്.
കോട്ടയം ജില്ലയിലെ കങ്ങഴയിൽനിന്നു ഹൈറേഞ്ചിലെ വെള്ളത്തൂവലിലേക്ക് കുടുംബം കുടിയേറിയപ്പോൾ സ്റ്റീഫന് 7 വയസ്സായിരുന്നു. ഹൈറേഞ്ചിൽ അക്കാലത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ പത്താം ക്ലാസ് പൂർത്തിയാക്കാനായില്ല.
പതിനെട്ടാം വയസ്സിൽ തയ്യൽ തൊഴിലായി സ്വീകരിച്ചു. ഇക്കാലത്താണ് കമ്യൂണിസ്റ്റ് പാർട്ടി പിളർന്നത്.
കൂട്ടുകാരിൽ പലരും സിപിഎമ്മിലേക്കു പോയപ്പോൾ സ്റ്റീഫൻ സിപിഐയിൽ ഉറച്ചുനിന്നു. 1965–ൽ പി.ടി.പുന്നൂസ് ദേവികുളത്ത് ലോക്കൽ കമ്മിറ്റി ഉണ്ടാക്കുമ്പോൾ സ്റ്റീഫനും അതിൽ അംഗമായി.
46 MINUTES AGO
1 HOUR AGO
1 HOUR AGO
നക്സലിസത്തിലേക്ക്
1965ൽ വെള്ളത്തൂവലിനടുത്തുള്ള ഡാമിന്റെ കാച്ച്മെന്റ് എരിയയിൽ കുടിയേറിയവർക്കു നേരെ നടന്ന പൊലീസ് അതിക്രമമാണ് സ്റ്റീഫനിലെ വിപ്ലവകാരിയെ ഉണർത്തിയത്. കയറിക്കിടക്കാൻ ഒരു തുണ്ടു ഭൂമിയില്ലാത്തവരായിരുന്നു കുടിയേറിയത്.
പൊലീസും വനപാലകരും ചേർന്ന് ഇവരെ ക്രൂരമായി തല്ലിച്ചതച്ചു. ഇതിനെതിരായ യോഗത്തിൽ സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ട് സ്റ്റീഫൻ പ്രസംഗിച്ചു.
ഈ പ്രസംഗം കേട്ട കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ദാസൻ ആണ് നക്സൽ പ്രസ്ഥാനത്തിലേക്ക് സ്റ്റീഫനെ നയിച്ചത്.
മാവോ സാഹിത്യം വായിക്കുകയും സ്റ്റഡി ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു.
നക്സൽ നേതാവ് കുന്നിക്കൽ നാരായണൻ വെള്ളത്തൂവലിൽ പാർട്ടി ക്ലാസെടുക്കാനെത്തി. ഇതോടെ സ്റ്റീഫനും നാരായണനുമായി അടുപ്പമായി.
അങ്ങനെയാണ് തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായത്. മൃഗങ്ങളെ വേട്ടയാടുന്ന തോക്കുപയോഗിച്ചുള്ള പരിചയവും പടക്കം കെട്ടാനുള്ള അറിവുമാണ് സ്റ്റീഫനെ അവിടെ എത്തിച്ചത്.
450 പേർ പങ്കെടുത്ത ആക്ഷനിൽ ബോംബെറിഞ്ഞത് സ്റ്റീഫനായിരുന്നു.
പിന്നീട് വർഗീസിനൊപ്പം വയനാട്ടിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു. അതിന്റെ തുടർച്ചയായി വയനാട്ടിലെ തൃശിലേരി, തിരുനെല്ലി ആക്ഷനുകളിലും പങ്കാളിയായി.
നിരണത്ത് ആക്രമണം നടത്താനായി ബോംബ് നിർമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു. ഇതോടെ ഒളിവിൽ പോയി.
സ്റ്റീഫനെ പിടിക്കാൻ കഴിയാത്ത പൊലീസ് അക്കാലത്ത് ഏറെ വിമർശനം കേട്ടു. 1971 ഏപ്രിൽ അഞ്ചിന് അറസ്റ്റ് ചെയ്യുമ്പോൾ 18 കേസുകളുണ്ടായിരുന്നു. ഭൂരിഭാഗവും കൊലപാതക കേസുകൾ.
തുടർന്ന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു.
മാനസാന്തരം വരുത്തിയ ജയിൽ
തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1971 മുതൽ 82 വരെ പരോളില്ലാതെയാണ് കഴിഞ്ഞത്. ഇതിനിടെ വായിക്കാനുള്ള അവകാശത്തിനായി 18 ദിവസം നിരാഹാരസമരം നടത്തി.
1982ൽ ആഭ്യന്തര മന്ത്രി വയലാർ രവി ജയിൽ സന്ദർശനത്തിനായി വന്നത് വഴിത്തിരിവായി. സ്റ്റീഫനിലെ രാഷ്ട്രീയക്കാരനെ വളരെ മതിപ്പോടെയാണ് വയലാർ രവി കണ്ടത്.
പരോളും അനുവദിച്ചു. 1985ൽ ജയിൽ മോചിതനായി.
ബാല്യകാലസഖിയായിരുന്ന മാലതിയെ വിവാഹം കഴിച്ചു. ജയിലിലെ കാലയളവിലാണ് നോവലുകൾ രചിക്കാൻ തുടങ്ങിയത്.
മാവോയുടെ ദർശനം ശരിയാണെന്നു കരുതി സായുധ വിപ്ലവത്തിൽ വിശ്വസിച്ച് എല്ലാം ഇട്ടെറിഞ്ഞ് നക്സലൈറ്റായത് പക്വതയില്ലായ്മയും അനുഭവക്കുറവും കൊണ്ടാണെന്നു സ്റ്റീഫൻ പിന്നീടൊരിക്കൽ വിലയിരുത്തി.
മാർക്സിസ്റ്റ് – ലെനിനിസ്റ്റ് – മാവോ ചിന്തയിലുള്ള വിശ്വാസം തകർന്നപ്പോൾ ക്രിസ്തുവിൽ അഭയം അദ്ദേഹം തേടാൻ ശ്രമിച്ചിരുന്നു. ക്രിസ്തീയ പ്രഭാഷണങ്ങൾ നടത്തി.
അതു വാർത്തകൾ സൃഷ്ടിച്ചു. എന്നാൽ ആ പാതയിൽനിന്നു പിന്നീട് പിന്മാറി.അതേസമയം, വെള്ളത്തൂവൽ സ്റ്റീഫന്റെ ജീവിതം സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിൽ ആസിഫ് അലി നായകനായി സിനിമയാകുന്നതിന്റെ ചർച്ചകൾ പുരോഗമിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

