മുണ്ടക്കയം∙ 2019 ഒക്ടോബർ 25ന് കാറും ബൈക്കും കൂട്ടിയിടിച്ച് കൊക്കയാർ വെംബ്ലി സ്വദേശികൾ മരിച്ച സംഭവത്തെ തുടർന്ന് റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ വാക്ക് നൽകിയിരുന്നു. എന്നാൽ 6 വർഷത്തിനിടെ ചോറ്റിക്കും – ചിറ്റടിക്കും ഇടയിൽ സംഭവിച്ചത് നൂറിലേറെ അപകടങ്ങൾ.
ഇതോടെ ദേശീയപാതയിലെ അപകട സാധ്യതയുള്ള പ്രധാന റെഡ് സോണായി മാറുകയാണ് ഇവിടം.
നിർമലാരം കവലയിൽ 5 ദിവസത്തിനിടെ ചൊവ്വാഴ്ച സംഭവിച്ചത് രണ്ടാമത്തെ അപകടമാണ്. അമിത വേഗവും തെറ്റായ ദിശയിലുള്ള ഓവർടേക്കിങ്ങുമാണ് പ്രധാന കാരണം.
ചിറ്റടി മുതൽ ചോറ്റി വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് പൊലീസ് വേഗ പരിശോധന നടത്തി പെറ്റിത്തുക കൈപ്പറ്റുന്നതല്ലാതെ ഇവിടെ അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായത് ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
നിർമലാരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരു അപകട മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ഇതെല്ലാം കണ്ടിട്ടും വാഹനങ്ങൾ തെറ്റായ ദിശയിൽ മറികടക്കുന്നത് സ്ഥിരം കാഴ്ചയാണ്. വാഹനങ്ങളുടെ വേഗം കാരണം കാൽനടയാത്രക്കാർ പേടിയോടെയാണ് ഇവിടെ സഞ്ചരിക്കുന്നത്.
ചോറ്റിക്ക് സമീപം റോഡ് മുറിച്ചുകടന്ന വീട്ടമ്മയെ വാഹനം ഇടിച്ച് തെറിപ്പിച്ചത് ഉൾപ്പെടെ സംഭവങ്ങൾ തുടരുമ്പോൾ ആളുകളുടെ ഭീതിയും വർധിക്കുന്നു.
എന്തെല്ലാം നടപ്പാക്കാം
(പ്രദേശവാസികളും, വാഹന ഡ്രൈവർമാരും നൽകിയ നിർദേശങ്ങൾ)
∙ ചിറ്റടി അട്ടിവളവ് മുതൽ ചോറ്റി വരെയോ വെളിച്ചിയാനി വരെയോ റോഡിന് നടുവിൽ ഡിവൈഡറുകൾ സ്ഥാപിക്കണം. ∙ നിരപ്പായ റോഡിൽ സ്പീഡ് ബ്രേക്കറുകൾ വയ്ക്കണം.
∙ കൂടുതൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തണം. ∙ ഗതാഗത നിയമം തെറ്റിച്ച് അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പിടിക്കാൻ ക്യാമറ സ്ഥാപിക്കണം.
∙ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ നടപ്പാത വേണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

