പുൽപള്ളി ∙ ഒരാഴ്ചത്തെ മഴമൂടലിനു ശേഷം മാനം തെളിഞ്ഞതോടെ വയനാട് വീണ്ടും തണുപ്പിൽ മുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്.
വൈകുന്നേരത്തോടെ തണുപ്പു വീഴും. നേരം പുലർന്ന് സൂര്യനുദിച്ചാലും തണുപ്പു മാറാൻ സമയമെടുക്കുന്നു.
ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞയാഴ്ച തണുപ്പ് കുറവായിരുന്നു. ജില്ലയിൽ ചിലയിടങ്ങളിൽ മഴ പെയ്യുകയുമുണ്ടായി.
ശക്തമായ തണുപ്പും അതിനുശേഷം പൊള്ളുന്ന പകൽ ചൂടുമാണ്.
24 മണിക്കൂറിനുള്ളിലെ രണ്ടു പ്രതികൂല പ്രതിഭാസങ്ങളും താങ്ങാനാവാതെ ചെടികൾ വേഗത്തിൽ നശിക്കുന്നുമുണ്ട്. തണുത്തുറഞ്ഞ ഇലകളിലേക്ക് ശക്തമായ സൂര്യതാപമേൽക്കുമ്പോൾ ഇലകളുടെ പച്ചപ്പ് നഷ്ടപ്പെട്ട് ഉണങ്ങുന്നു.
വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമാണ് ഇപ്പോഴത്തെ കൊടും തണുപ്പെന്നും പറയുന്നു. സന്ധ്യയ്ക്കുശേഷം പുറത്തിറങ്ങാനാവാത്ത അവസ്ഥ.
രാവിലെ യാത്രയ്ക്കിറങ്ങുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്.
ജില്ലയ്ക്കു പുറത്തുനിന്ന് രാത്രിയോടെ വയനാട്ടിലെത്തുന്ന യാത്രക്കാരെല്ലാം തണുത്തുവിറയ്ക്കുന്നു. വയനാട്ടിലെ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളും കൊടുംതണുപ്പിൽ സുല്ലുപറയുന്നു.
താമസ സ്ഥലങ്ങളിൽ തീകത്തിച്ചാണ് പലരും സന്ധ്യകൾ കഴിച്ചുകൂട്ടുന്നത്.
ഇപ്പോഴത്തെ സഞ്ചാരികളിൽ കൂടുതൽ പേരും ക്യാംപ് ഫയർ ആവശ്യപ്പെടുന്നെന്ന് റിസോർട്ടുകാരും ഹോംസ്റ്റേ നടത്തിപ്പുകാരും പറയുന്നു. പലേടത്തും വിറകിനു ക്ഷാമമുണ്ട്. വിലയ്ക്കുവാങ്ങുന്ന വിറകപ്പാടെ ഒറ്റരാത്രി തന്നെ സഞ്ചാരികൾ കത്തിച്ചു തീ കായും.
ക്യാംപ് ഫയറിനും ഇപ്പോൾ അധിക നിരക്ക് വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. വിറക് വില നൽകേണ്ടതിനാൽ അതു സൗജന്യമായി നൽകാനാവില്ലെന്നു ഹോട്ടൽ നടത്തിപ്പുകാരും പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

