ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് തീരുമാനം ബാധിച്ചത് രാജ്യത്തെ കയറ്റുമതി മേഖലയെ മാത്രമല്ല. ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പ്രതിസന്ധി സാരമായി ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം വിലയിരുത്തലുകളെ ശരിവക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ രാജ്യത്തെ വ്യവസായ ഹബ്ബുകളിലൊന്നായ ഗുജറാത്തിൽ നിന്ന് പുറത്തുവരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികൾ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയത് ഗുജറാത്തിലാണെന്ന് പാർലമെന്റ് കണക്കുകൾ പറയുന്നു.
ഇതിന് പിന്നിൽ ട്രംപിന്റെ 50 ശതമാനം താരിഫിനും വലിയ പങ്കുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിശദീകരിക്കുന്നത്.
കണക്ക് ഇങ്ങനെ
2025-26 അധ്യയന വർഷത്തിൽ ഗുജറാത്തിലെ സ്കൂളുകളിൽ നിന്ന് പുറത്തായത് 2.49 ലക്ഷം കുട്ടികളാണെന്ന് പാർലമെന്റ് രേഖകൾ പറയുന്നു. തൊട്ടുമുൻ വർഷത്തിൽ 54,541 കുട്ടികളായിരുന്നു കൊഴിഞ്ഞ് പോയത്.
ഒരു വർഷത്തിനുള്ളിൽ 341 ശതമാനം വർധന. ഇന്ത്യയുടെ ഡയമണ്ട് സിറ്റിയെന്ന് അറിയപ്പെടുന്ന സൂറത്തിലെ 24 മുന്‍സിപ്പൽ സ്കൂളുകളില്‍ നിന്ന് മാത്രം 600ലധികം കുട്ടിൾ പഠനം നിർത്തി.
സ്വകാര്യ സ്കൂളുകളിലെ കണക്കെടുത്താൽ ഇത് ഇനിയും വർധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കുറ്റക്കാരൻ ട്രംപാണോ
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇന്ത്യൻ ഉൽപന്നങ്ങളുടെ മേൽ 25 ശതമാനം തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചത്. ഓഗസ്റ്റിൽ റഷ്യൻ എണ്ണ വാങ്ങൽ ചൂണ്ടിക്കാട്ടി തീരുവ 50 ശതമാനമാക്കി.
ഇതോടെ കോടിക്കണക്കിന് രൂപയുടെ കയറ്റുമതിയാണ് തടസപ്പെട്ടത്. കയറ്റുമതി കേന്ദ്രീകൃതമായ പല മേഖലകളെയും പ്രതിസന്ധി ബാധിച്ചു.
ഇതിലൊന്നാണ് ഗുജറാത്തിലെ സൂറത്ത് കേന്ദ്രമായ വജ്ര കയറ്റുമതി. ഇന്ത്യൻ പോളിഷ്ഡ് വജ്രങ്ങളുടെ 40 ശതമാനവും കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണെന്നത് പ്രതിസന്ധി രൂക്ഷമാക്കി.
2024–25 സാമ്പത്തിക വർഷത്തിൽ 1.19 ലക്ഷം കോടി രൂപയുടെ വജ്രങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതിൽ 43,400 കോടി രൂപയുടേതും യുഎസിലേക്കായിരുന്നു.
ഇതോടെ പല ചെറുകിട
വജ്ര വ്യവസായങ്ങളും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടു. മറ്റ് ചിലർ തൊഴിലാളികളെ നിലനിർത്തിയെങ്കിലും ശമ്പളം കുത്തനെ വെട്ടിക്കുറച്ചു.
ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിച്ചെന്നാണ് വിലയിരുത്തൽ. സ്കൂൾഫീസ് കൊടുക്കാൻ രക്ഷിതാക്കളുടെ ശമ്പളം തികയാത്തതിന്റെ പേരിൽ പല കുട്ടികളും പഠനം നിർത്തിയെന്നാണ് വിദഗ്ധർ സംശയിക്കുന്നത്.
ട്രംപിന്റെ താരിഫ് നടപ്പിലായ, 2025ന്റെ രണ്ടാം പകുതിയിലാണ് ഈ കൊഴിഞ്ഞുപോക്കെന്നതും സംശയം ഇരട്ടിപ്പിച്ചു. പല കുട്ടികളെയും സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളിലേക്ക് മാറ്റിയിട്ടുണ്ടാകുമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
കോടികളുടെ വജ്രങ്ങൾ കയറ്റുമതി ചെയ്തിരുന്ന മേഖലയിൽ പ്രതിസന്ധി കനത്തതോടെ സംസ്ഥാന സർക്കാർ ചില സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചു.
തൊഴിൽ നഷ്ടമായവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 13,500 രൂപ വീതമാണ് സർക്കാർ നൽകിയത്. ഏതാണ്ട് അരലക്ഷം പേർക്കോളം ഈ സഹായം ലഭിച്ചു.
എന്നാൽ ഒരുലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്ക്. ഈ സഹായ പദ്ധതി അടുത്ത വര്‍ഷങ്ങളിലേക്ക് കൂടി നീട്ടണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

