തുടർച്ചയായ 6-ാം ദിവസവും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി വിപണി പുതിയ യുഎസ് അംബാസഡറുടെ ഒറ്റ ഡയലോഗിന് പിന്നാലെ ഇന്ന് തിരിച്ചുപിടിച്ചത് 1,000 പോയിന്റിലേറെ. രാവിലെ 700ൽ അധികം പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് വ്യാപാരം പൂർത്തിയാക്കിയത് 300 പോയിന്റ് നേട്ടത്തിൽ. ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സ്ഥാനമേറ്റ സെർജിയോ ഗോർ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ച നാളെത്തന്നെ (ജനുവരി 13) നടക്കുമെന്ന് വ്യക്തമാക്കിയതാണ് ഓഹരി വിപണിക്ക് പുത്തനൂർജമായത്.
ഇന്ന് തുടക്കം മുതൽ നഷ്ടത്തിലായിരുന്ന സെൻസെക്സ് 715.17 പോയിന്റും നിഫ്റ്റി 209 പോയിന്റും ഒരുഘട്ടത്തിൽ ഇടിഞ്ഞിരുന്നു. സെർജിയോ ഗോറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിപണി കുതിച്ചു.
വ്യാപാരക്കരാറിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൂചികകൾ തിരിച്ചു കയറിയത്. മോദിയെക്കാണാൻ ട്രംപ് ഇന്ത്യയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞതും ആവേശമായി.
അടുത്തവർഷത്തോടെയാകും ട്രംപ് വരുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള സൗഹൃദം കലർപ്പില്ലാത്തതാണെന്ന് ഗോർ പറഞ്ഞു. യഥാർത്ഥ സുഹൃത്തുക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്.
എന്നാൽ എല്ലാ തവണയും പ്രശ്നങ്ങൾ പരിഹരിക്കാനും ഇവർക്കാകും. പല വിഷയങ്ങളിലും തർക്കമുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധമാണ് ചർച്ചകളുടെ ശക്തി.
ഇന്ത്യയിലെ യുഎസ് അംബാസഡറായി എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഇന്ത്യ–യുഎസ് ബന്ധം അടുത്ത തലത്തിലെത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഞാൻ ഇന്ത്യയിലെത്തിയത്. പ്രസിഡന്റ് ട്രംപ് അടുത്ത വർഷമോ അതിനടുത്ത വർഷമോ ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ട്.
ഇന്ത്യയേക്കാൾ പ്രാധാന്യമുള്ള മറ്റ് പങ്കാളികളൊന്നും യുഎസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപൂർവ മൂലകങ്ങൾ, സെമി കണ്ടക്ടറുകൾ, ആര്ട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ എന്നിവയുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്താൻ യുഎസ് നേതൃത്വത്തിൽ രൂപം കൊടുക്കുന്ന പാക്സ് – സിലിക്ക കൂട്ടായ്മയിൽ ഇന്ത്യയ്ക്കും അംഗത്വം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്, ദക്ഷിണ കൊറിയ, യുകെ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലെ ആദ്യ അംഗങ്ങൾ.
അടുത്ത മാസം ഈ കൂട്ടായ്മയിൽ ഇന്ത്യയ്ക്കും പൂർണ അംഗമായി ക്ഷണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം പുതിയ മാറ്റങ്ങളിലേക്ക് കടക്കുമ്പോൾ തുടക്കം മുതൽ ഇന്ത്യയും യുഎസും കൈകോർത്ത് പ്രവർത്തിക്കുമെന്നും ഗോര് കൂട്ടിച്ചേർത്തു.
സെൻസെക്സ് 301.93 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇന്നത്തെ നഷ്ടത്തിൽ നിന്ന് തിരിച്ചുപിടിച്ചത് 1,000 പോയിന്റോളം. നിഫ്റ്റി 106.95 പോയിന്റ് നേട്ടത്തിൽ 25,790.25 എന്ന നിലയിലും ക്ലോസ് ചെയ്തു.
അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷമാണ് വിപണിയുടെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയം.
വ്യാപാര കരാർ എന്നുണ്ടാകും
മിക്ക രാജ്യങ്ങൾക്കും യുഎസ് തീരുവ ചുമത്തിയെങ്കിലും ഇളവ് ലഭിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാകും ഇന്ത്യയെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ മറ്റ് രാജ്യങ്ങൾക്കില്ലാത്ത വിധം 50 ശതമാനം തീരുവയാണ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയത്.
ഇതിന് പിന്നാലെ 500 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് ഗോറിന്റെ അനുകൂല പ്രസ്താവന.
കാർഷിക – ക്ഷീര ഉൽപന്നങ്ങളുടെ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് കരാർ നീളാൻ കാരണം. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയുമായി ഇക്കാര്യത്തിൽ ധാരണയിലെത്തുക എളുപ്പമല്ലെന്നാണ് ഗോർ വിശദീകരിക്കുന്നത്.
പരിഹാരമുണ്ടാക്കണമെന്ന നിർബന്ധത്തോടെയാണ് ഇരുരാജ്യങ്ങളും ചർച്ച മുന്നോട്ടു കൊണ്ടുപോകുന്നത്. ഇന്ത്യ–യുഎസ് ബന്ധത്തിലെ പ്രധാന വിഷയം വ്യാപാരമാണെങ്കിലും സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവർത്തനം, ഊർജം, സാങ്കേതിക വിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യ വ്യാപാര കരാർ വിഷയത്തിൽ ചൊവ്വാഴ്ച ഇന്ത്യ–യുഎസ് ഉദ്യോഗസ്ഥർ ടെലിഫോൺ ചർച്ച നടത്തും. ഇതിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

