കുമരകം ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ച് ഒരു മാസം തികയും മുൻപേ തോടുകളിലെ വെള്ളം കറുപ്പു നിറത്തിലായി. വെള്ളത്തിൽ നിന്നു ദുർഗന്ധം പരക്കുന്നു.
കഴിഞ്ഞ ഡിസംബർ 15ന് ഷട്ടറുകൾ അടയ്ക്കാൻ തുടങ്ങുകയും ഏതാനും ദിവസം കൊണ്ടു പൂർണമായും അടയ്ക്കുകയും ചെയ്തിരുന്നു. തോടുകളിൽ മാലിന്യങ്ങൾ വന്നു ചേർന്നതോടൊപ്പം പോളകൾ ചീഞ്ഞു വെള്ളത്തിൽ കലരുകയും ചെയ്തതാണ് വെള്ളത്തിനു കറുത്ത നിറം വരാൻ കാരണം.
ബോട്ട് ജെട്ടി തോടിന്റെ വശത്തു കൂടി പോകാൻ കഴിയാത്ത വിധം ദുർഗന്ധം വമിക്കുകയാണ്.
വിനോദസഞ്ചാരികൾ ബോട്ട് യാത്രയ്ക്ക് പുറപ്പെടുന്നത് ബോട്ട് ജെട്ടി ഭാഗത്തു നിന്നാണ്. കായൽ യാത്രയ്ക്കായെത്തുന്നവരും നാട്ടുകാരും മൂക്കു പൊത്തിയാണ് ഇതുവഴി പോകുന്നത്.
വെള്ളം മലിനമായതിനാൽ തോടിന്റെ സമീപത്തുള്ളവർക്ക് ഒരാവശ്യത്തിനും ഇത് ഉപയോഗിക്കാൻ കഴിയില്ല. പാചകത്തിനും കുടിക്കാനും ഒഴിച്ചുള്ള ആവശ്യങ്ങൾക്ക് തോട്ടിലെ വെള്ളമാണ് ഇവിടത്തുകാർ ഉപയോഗിച്ചിരുന്നത്.
കുമരകത്തെ മറ്റ് തോടുകളിലെയും അയ്മനം, തിരുവാർപ്പ് പഞ്ചായത്തുകളിലെ തോടുകളിലെയും വെള്ളം മലിനമായി തുടങ്ങി.
ഒരാഴ്ച കൂടി കഴിയുന്നതോടെ തോടുകൾ എല്ലാം തന്നെ മലിനമാകുന്ന സ്ഥിതിയാകും. കുട്ടനാട്ടിലെ കൊയ്ത്ത് പൂർത്തിയായി ഏപ്രിൽ അവസാനത്തോടെ മാത്രമേ ഇനി ഷട്ടറുകൾ തുറക്കുകയുള്ളൂ.
അതുവരെ കുട്ടനാട് ഉൾപ്പെടെ തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ പ്രദേശത്തുള്ളവർ മലിനജലം മൂലമുള്ള ദുരിതത്തിലായിരിക്കും. മലിനീകരണം രൂക്ഷമാകുന്നതു പകർച്ച രോഗങ്ങൾക്കുവരെ ഇടയാക്കിയേക്കും.
ആരോഗ്യവകുപ്പ് ഇപ്പോൾ തന്നെ വേണ്ട നടപടികൾ എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

