കോട്ടയം ∙ വയസ്സ് 75. മനസ്സു കൊണ്ടു ശ്രീകൃഷ്ണനെ ആരാധിക്കുമ്പോഴും അതേ മനസ്സിൽ ബൈബിളിലെ അബ്രഹാമിനെയും ഭാര്യ സാറയെയും ഉൾക്കൊള്ളാനും ശ്യാമിനു കഴിയും.
കളിയരങ്ങിൽ ശ്രീകൃഷ്ണനായി എത്രതവണ ജീവിച്ചിരിക്കുന്നൂ ശ്യാം. ഇപ്പോൾ, ബൈബിൾ കഥയെ ആസ്പദമാക്കിയുള്ള ‘അബ്രഹാമിന്റെ ബലി’ ആട്ടക്കഥയിൽ സാറയായി അരങ്ങിലെത്തി.
എക്സൈസിൽ സിഐയായി വിരമിച്ച കുടമാളൂർ സായ്നിവാസിൽ വി.ജി.ശ്യാം 6 വർഷം മുൻപാണ് കഥകളി അഭ്യസിക്കാൻ തുടങ്ങിയത്. കഥകളിയിലെ അഭിനയസാധ്യതയാണ് ഈ പ്രായത്തിലും തന്നെ ആകർഷിച്ചതെന്ന് ശ്യാം പറയുന്നു.
കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും എങ്ങനെ ഉൾക്കൊള്ളണമെന്നും വ്യാഖ്യാനിക്കണമെന്നും അത് ഭാവാഭിനയത്തിലൂടെയും അംഗചലനങ്ങളിലൂടെയും എങ്ങനെ അവതരിപ്പിക്കണമെന്നും പഠിപ്പിച്ചത് കഥകളി നടനും അധ്യാപകനായ കുടമാളൂർ മുരളീകൃഷ്ണൻ ആണ്.
സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സീരി) അബ്രഹാമിന്റെ ബലി എന്ന പഴയനിയമ ബൈബിൾ ഭാഗം ഇതിവൃത്തമായ ആട്ടക്കഥ സംവിധാനം ചെയ്തതും മുരളീകൃഷ്ണൻ ആണ്. അബ്രഹാമായി മുരളീകൃഷ്ണനും അരങ്ങിലെത്തി. ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ദേവീ നന്ദനയാണ് ഇസഹാക്കിന്റെ വേഷമണിഞ്ഞത്.
ദൈവദൂതൻ: എച്ച്.കൃഷ്ണകുമാർ. ആട്ടക്കഥ രചന: മനോജ് കുടമാളൂർ.
സംഗീതം: കലാമണ്ഡലം ബാലചന്ദ്രൻ. മേളം: കിടങ്ങൂർ രാജേഷ്.
സീനിയർ സിറ്റിസൻ ഫോറം വേദിയിലായിരുന്നു അവതരണം.
ദൈവനിയോഗമനുസരിച്ച് ഏകപുത്രനെ ബലി കഴിക്കാൻ വേദനയുടെ മോറിയാമല കയറിയ അബ്രഹാമിന്റെ കഥയാണ് ആട്ടവിളക്കിന്റെ പ്രഭയിൽ ഇതൾ വിടർന്നത്. മലമുകളിലെത്തുന്ന അബ്രഹാമിന്റെ വിശ്വാസത്തിൽ സംപ്രീതനായി ദൈവം മകനെ ബലിയർപ്പിക്കുന്നതിൽ നിന്നു തടഞ്ഞ് അനുഗ്രഹങ്ങൾ വാരിച്ചൊരിയുന്നു.
കഥാപാത്രങ്ങളുടെ അന്തർസംഘർഷങ്ങൾ തനിമയോടെ അരങ്ങിൽ അവതരിപ്പിച്ചതിലൂടെ വേദനകളും വികാരങ്ങളും സംവദിക്കുന്ന സദസ്സായി സീരിയിലെ കൂട്ടായ്മ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

