മൂവാറ്റുപുഴ∙ എംവിഐപി കനാലുകളിലെ തടസ്സങ്ങൾ നീക്കി ജലവിതരണം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ എംവിഐപി ഓഫിസിലേക്ക് ജനപ്രതിനിധികളുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചു.കാർഷിക മേഖലയിൽ പാടങ്ങൾ ഉണങ്ങി നശിക്കുന്ന സാഹചര്യത്തിലാണ് കർഷകരെ കൂടി അണിനിരത്തി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പ്രതിഷേധ റാലി സംഘടിപ്പിച്ചത്.കനാലുകളുടെ അറ്റകുറ്റപ്പണികൾക്കും വാർഷിക അറ്റകുറ്റപ്പണികൾക്കുമായി സർക്കാർ വർഷങ്ങളായി ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണു കനാലുകളിൽ ജലപ്രവാഹം തടസ്സപ്പെടുന്നതിനു കാരണം.
സർക്കാർ പണം അനുവദിക്കാത്തതിനാൽ ഡിപ്പാർട്മെന്റിനു ഒന്നും ചെയ്യാനാകില്ല എന്ന പതിവു മറുപടിയാണ് അധികൃതരിൽ നിന്നുണ്ടാകുന്നതെന്നു എംഎൽഎ കുറ്റപ്പെടുത്തി. എംവിഐപി കനാലിൽ വെള്ളം എത്താത്തതിനെ തുടർന്ന് നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ നൂറുകണക്കിനു കർഷകരാണ് കടുത്ത ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി കനാലുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വെള്ളം എത്തിച്ചില്ലെങ്കിൽ ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങൾ നശിക്കുന്ന അവസ്ഥയിലേക്കുമാണു കാര്യങ്ങൾ നീങ്ങുന്നതെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.
പണം ജനങ്ങളിൽ നിന്നു കണ്ടെത്തും
കനാൽ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട
ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണെന്നും അദ്ദേഹത്തിന്റെ തീരുമാനം വന്നാൽ ഉടൻ പരിഹാരം ഉണ്ടാകുമെന്നുമാണ് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല എന്ന് എംഎൽഎ ആരോപിച്ചു. സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാൽ കർഷകർക്ക് വെള്ളം എത്തിക്കാൻ കഴിയില്ലെന്ന് ഔദ്യോഗികമായി ജനങ്ങളോട് വ്യക്തമാക്കിയാൽ 5 പഞ്ചായത്തുകളിലെ കർഷകരുടെ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പണം ജനങ്ങളിൽ നിന്ന് കണ്ടെത്തി ഡിപ്പാർട്മെന്റിനു നൽകാൻ തയാറാണെന്നും എംഎൽഎ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ഈ വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ആയിരക്കണക്കിന് കർഷകരെ അണിനിരത്തി ശക്തമായ മാർച്ചും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

