കോഴിക്കോട് ∙ ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിലെ ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റൺ തുടങ്ങി. പണം ഈടാക്കാതെ, ടോൾ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുകയാണു ചെയ്യുന്നത്.
ടോൾ നിരക്കുകൾ ഇതിനകം ദേശീയപാത അതോറിറ്റി തയാറാക്കുകയും ഗതാഗത മന്ത്രാലയം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ മാറ്റം വരാൻ സാധ്യതയുണ്ട്. റീച്ചിലെ 4 പാലങ്ങളുടെ നിർമാണച്ചെലവു കൂടി പരിഗണിച്ചു ടോൾ നിരക്കു പരിഷ്കരിക്കുമ്പോൾ, നേരിയ വർധനയുണ്ടാകുമെന്നാണു കരുതുന്നത്.
ടോൾ സംബന്ധിച്ച വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങിയേക്കും.ടോൾ പിരിവ് തുടങ്ങുമ്പോൾ, ഫാസ്റ്റാഗിനാണു മുൻതൂക്കം. ഫാസ്റ്റാഗ് ഇല്ലെങ്കിൽ യുപിഐ വഴി അടയ്ക്കുന്നവർ 0.25% അധിക തുകയും പണമായി അടയ്ക്കുന്നവർക്ക് ഇരട്ടിയും ഈടാക്കും.
ഉദാഹരണമായി കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടർ വെഹിക്കിളുകൾക്ക് ഒരു വശത്തേക്ക് 90 രൂപയാണു ഫാസ്റ്റാഗ് നിരക്കെങ്കിൽ, യുപിഐ വഴിയാകുമ്പോൾ 112.5 രൂപയും കറൻസിയായി നൽകിയാൽ 180 രൂപയും ആകും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരം താമസക്കാരായ സ്വകാര്യ കാർ ഉടമകൾക്കു 340 രൂപയുടെ പ്രതിമാസ പാസ് ലഭ്യമാക്കും.
ഇതു വച്ച് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ലാസയിലൂടെ കടന്നുപോകാം.
സ്വകാര്യ കാറുകൾക്ക് 200 തവണ ടോൾ പ്ലാസയിലൂടെ കടന്നുപോകാനാകും വിധം 3000 രൂപയുടെ വാർഷിക പാസും ഉണ്ട്. നാഷനൽ പെർമിറ്റ് വാഹനങ്ങൾ ഒഴികെ കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾ ഫാസ്റ്റാഗ് ഉപയോഗിക്കുമ്പോൾ 50% ഇളവു നൽകും.
മഹാരാഷ്ട്ര ആസ്ഥാനമായുളള ഹുലെ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണു ടോൾ പിരിക്കുക.
പുതിയ 5 നടപ്പാതകൾ കൂടി
കോഴിക്കോട്∙ ദേശീയപാത 66 വെങ്ങളം–രാമനാട്ടുകര റീച്ചിൽ, പാതയ്ക്കു കുറുകെ, 5 ആകാശ നടപ്പാതകൾ കൂടി നിർമിക്കും. ലിഫ്റ്റ് അടക്കമുള്ള നടപ്പാതകാളായിരിക്കും. സ്റ്റാർകെയർ ആശുപത്രി പരിസരം, കുനിമ്മൽത്താഴം, അമ്പലപ്പറമ്പിൽ ആഴാതൃക്കോവിൽ ക്ഷേത്രം, പന്തീരാങ്കാവ് അത്താണി, അഴിഞ്ഞിലം തളി ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് പുതിയ ആകാശ നടപ്പാതകൾ വരിക.
2.5 കോടി രൂപയാണ് ഒരു നടപ്പാതയ്ക്കു ചെലവു വരിക. നിലവിൽ കൊടൽനടക്കാവിൽ ആകാശനടപ്പാതയുണ്ട്. ഇതോടെ, പാതയിൽ 6 ആകാശ നടപ്പാതകളാകും.
കൂടുതൽ ഭൂമി: നടപടിയായില്ല
കോഴിക്കോട്∙ ഹൈലൈറ്റ് മാളിനും മെട്രോ ആശുപത്രിക്കും ഇടയിൽ ആവശ്യത്തിനു ഭൂമി വിട്ടുകിട്ടാത്തതിനാൽ സർവീസ് റോഡ് പദ്ധതി ഉപേക്ഷിക്കാൻ ദേശീയപാത അതോറിറ്റി ഒരുങ്ങുന്നു. ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്ത്, 100 മീറ്ററോളം സർവീസ് റോഡ് മുറിഞ്ഞു കിടക്കുകയാണ്.
ഇവിടെ നിലവിൽ, 3–4 മീറ്റർ വീതിയിൽ മാത്രമാണു ദേശീയപാത അതോറിറ്റിയുടെ കയിൽ ഭൂമിയുള്ളത്.
8 മീറ്റർ സർവീസ് റോഡും കുന്നിന്റെ ചെരിവും പരിഗണിച്ച് 800 ചതുരശ്ര മീറ്റർ ഭൂമി കൂടി വേണമെന്നാണ് അതോറിറ്റി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. ഭൂമിയുടെ വില ഒരു വർഷം മുൻപു തന്നെ അതോറിറ്റി റവന്യൂ വകുപ്പിൽ അടച്ചിരുന്നു.
പക്ഷേ, ഇതുവരെ ഭൂമി കൈമാറിക്കിട്ടാത്തതാണ് അതോറിറ്റിയെ പ്രകോപിപ്പിക്കുന്നത്. സർവീസ് റോഡിനെ ചൊല്ലി, ദേശീയപാത അതോറിറ്റിക്കെതിരെ ജനങ്ങളും ജനപ്രതിനിധികളും പ്രതിഷേധത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

