സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിഞ്ഞുകിടക്കുന്ന ബി ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ നടപടിയിൽ നിർണ്ണായക ഇടപെടലുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. മുൻ വർഷങ്ങളിൽ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടന്നിരുന്നത്.
ഇതിലൂടെ ഒമ്പത് സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെയും മൂന്ന് എയ്ഡഡ് കോളേജുകളിലെയും ഒഴിവുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഒരൊറ്റ കേന്ദ്രത്തിൽ പ്രവേശനം ഉറപ്പാക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇത്തവണ ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.
ഇതിനെതിരെ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും വ്യാപകമായ ആവശ്യങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പ്രക്രിയ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കിയത്. വരുന്ന 13-ാം തീയതി നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനായി ഇനി തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നേരിട്ട് പോകേണ്ടതില്ല.
പകരം, സംസ്ഥാനത്തെ ഒമ്പത് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലും മൂന്ന് എയ്ഡഡ് കോളേജുകളിലും ഇതിലൂടെ പ്രവേശനം നേടാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി വരുന്ന 12-ാം തീയതി ഈ പന്ത്രണ്ട് കോളേജുകളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷകർ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
കേന്ദ്രീകൃത സോഫ്റ്റ്വെയർ മുഖാന്തരം റാങ്കിന്റെ അടിസ്ഥാനത്തിൽ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇതുവഴി അഡ്മിഷൻ നേടാൻ സാധിക്കുമെന്ന് മന്ത്രി റോജി എം ജോൺ അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ 13-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പ്രസ്തുത 12 കോളേജുകളിൽ ഏതെങ്കിലും ഒന്നിൽ എത്തിച്ചേർന്ന് റിപ്പോർട്ട് ചെയ്യണം.
ഇതോടെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനായി തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ മാത്രം എത്തേണ്ടിയിരുന്ന വലിയ യാത്രാദുരിതത്തിനും പ്രതിസന്ധിക്കുമാണ് പരിഹാരമാകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്ന അതേ സോഫ്റ്റ്വെയർ വിദഗ്ധരുടെ ടീം തന്നെയായിരിക്കും വരാനിരിക്കുന്ന 13 ലെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടപടികളും ഏകോപിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ടിസി അല്ലെങ്കിൽ എൻഒസി (നിലവിൽ സർക്കാർ എൻജിനീയറിങ് കോളേജുകളിൽ അഡ്മിഷൻ എടുത്തവർ ഒഴികെ) ഹാജരാക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

