മണ്ണാർക്കാട്∙ പണ്ട് അട്ടപ്പാടി ചുരം യാത്ര മഴക്കാലത്തായിരുന്നു പേടിസ്വപ്നം. മണ്ണിടിഞ്ഞും മരവും പാറയും വീണും ഗതാഗതം തടസ്സപ്പെടുന്നതു പതിവാണ്.
എന്നാൽ, ഇപ്പോൾ ചുരത്തിലൂടെയുള്ള യാത്ര ഏതുസമയത്തും അപകടഭീഷണി ഉയർത്തുന്നതാണ്. ആനമൂളി മുതൽ മുക്കാലി വരെയുള്ള ചുരം റോഡിൽ പൊളിയാത്ത ഭാഗങ്ങളില്ല. 10 ഹെയർപിൻ വളവുകളിൽ 8 വളവുകളിലും റോഡ് തകർന്നു വൻ കുഴികളും കിടങ്ങുകളും രൂപപ്പെട്ടു.
കട്ട പതിച്ച ഒൻപതാം വളവിലും പത്താം വളവിലും മാത്രമാണു കുഴികളില്ലാത്തത്.
അടിഭാഗം റോഡിൽ ഉരഞ്ഞു ചെറിയ വാഹനങ്ങൾ കേടാകുന്നതും പതിവായി.
വീതി കുറഞ്ഞ റോഡ് ആയതിനാൽ ഗതാഗതക്കുരുക്കും സ്ഥിരമാണ്. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവ കുഴിയിൽപെട്ട് മറിഞ്ഞും അപകടം ഉണ്ടാകുന്നുണ്ട്.
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ അട്ടപ്പാടിയിൽ നിന്നു പോകുന്ന രോഗികൾക്ക് ആശുപത്രിയിൽ എത്തുമ്പോഴേക്കും രോഗം മൂർഛിക്കുന്ന സ്ഥിതിയാണ്. രോഗികളുമായി പോകുന്ന വാഹനങ്ങൾ കുഴിയിൽപെട്ടു തകരാറാകുന്നതും പതിവു കാഴ്ച. ഇരുപതു വർഷത്തിലേറെയായി ചുരം റോഡ് ടാറിങ് നടത്തിയിട്ട്.
വളവുകളിലെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തു കണ്ടുതുടങ്ങി. വല്ലപ്പോഴും കുഴി അടയ്ക്കുക മാത്രമാണു ചെയ്തിരുന്നത്.
കുറെക്കാലമായി അതും ഇല്ല.
മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ പ്രധാന റോഡാണ് ആനമൂളി –മുക്കാലി റോഡ്. അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയം.
എന്നിട്ടും അട്ടപ്പാടി റോഡിനെ ഈ ദുരവസ്ഥയിൽ എത്തിച്ചതിന് ആരാണ് ഉത്തരവാദി? ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ ഒരുപോലെ കുറ്റക്കാരാണ്. ചുരം റോഡ് നവീകരണത്തെക്കുറിച്ചു പറയുമ്പോൾ കോടികൾ മുടക്കി റോഡ് വികസിപ്പിക്കുമെന്ന വാഗ്ദാനത്തിനും ഉറപ്പുകൾക്കും ഒരു കുറവുമില്ല.
ഒരു പതിറ്റാണ്ടായി റോഡ് നവീകരണം എന്ന ‘തള്ള്’ കേൾക്കാൻ തുടങ്ങിയിട്ട്. ഇനി എന്നു ശരിയാക്കുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. കോടികളുടെ റോഡ് വന്നില്ലെങ്കിലും ചുരം റോഡിലെ കുഴികൾ അടച്ചെങ്കിലും സഹായിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
മണ്ഡലത്തിലെ സംസ്ഥാനാന്തര പാത എന്നതിനപ്പുറം അട്ടപ്പാടിക്കാർക്ക് മറ്റൊരു റോഡ് ഇല്ല എന്നതാണു വസ്തുത. പതിവു പ്രഖ്യാപനങ്ങളും മേനിപറച്ചിലുകളും മാറ്റിവച്ച് അധികാരപ്പെട്ടവർ ആദ്യം റോഡിലെ കുഴി അടയ്ക്കാനും അതോടൊപ്പം നവീകരണം വേഗത്തിലാക്കാനും ഇടപെടണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

