ചിറ്റൂർ ∙ കലക്കാനായി കൊണ്ടുവന്ന 550 ലീറ്റർ കള്ളും 30 ലീറ്റർ സ്പിരിറ്റും എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ 3 പേർ അറസ്റ്റിൽ.
തിരുവാഴിയോട് ഊനമ്പള്ളി വീട്ടിൽ എൽദോസ് (49), ചാലക്കുടി കൊല്ലം പറമ്പിൽ വീട്ടിൽ ഷെവിൻ (38), മുകുന്ദപുരം കൊച്ചേരി വീട്ടിൽ അനന്തകൃഷ്ണൻ (28) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
കൊഴിഞ്ഞാമ്പാറ വലിയവള്ളമ്പതി മോടമ്പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ വാഹനത്തിൽ സൂക്ഷിച്ച കള്ളിൽ സ്പിരിറ്റ് കലർത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്.
നിയമവിരുദ്ധമായി സൂക്ഷിച്ച 550 ലീറ്റർ കള്ളും 30 ലീറ്റർ സ്പിരിറ്റും കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സമീറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി മുതൽ തന്നെ മോടമ്പടിയിലെ വീട് നിരീക്ഷിച്ചു വരികയായിരുന്നു.
പുലർച്ചെയോടെ വീട്ടിൽ നിർത്തിയിട്ട വാഹനത്തിൽ ബാരലുകളിലായി സൂക്ഷിച്ച കള്ളിൽ സ്പിരിറ്റ് കലർത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
പത്തനംതിട്ടയിലെ ഷാപ്പുകളിലേക്ക് കൊണ്ടുപോകാനുള്ള കള്ളിലാണ് പ്രതികൾ സ്പിരിറ്റ് കലർത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത വാഹനത്തിന് ഏഴോളം തോപ്പുകളിൽ നിന്നു കള്ളെടുക്കാനുള്ള പെർമിറ്റുണ്ടെന്നും വരും ദിവസങ്ങളിൽ ഇവിടെ നിന്നു കൊണ്ടുപോകുന്ന, പത്തനംതിട്ട തിരുവല്ല റേഞ്ചുകളിൽ ഉൾപ്പെട്ട
ഷാപ്പുകളുടെ ലൈസൻസിയെ പ്രതിചേർത്ത് വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സമീർ പറഞ്ഞു.
തോപ്പിൽ നിന്നു കള്ളെടുക്കാനെത്തുന്ന ഡ്രൈവർമാർക്ക് വിശ്രമിക്കാനായി വീടു വാടകയ്ക്ക് നൽകിയതിനാൽ വീട്ടുടമയുടെ പേരിൽ കേസെടുക്കാനാകില്ലെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ച് ഉൾപ്പെടെ അന്വേഷിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഭ, സിവിൽ എക്സൈസ് ഓഫിസർമാരായ അഷ്റഫ് അലി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

