എലത്തൂർ∙ ചരക്ക് ട്രെയിൻ എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപം പിടിച്ചിട്ടത് മണിക്കൂറുകളോളം. ഇന്നലെ രാവിലെ ആറിന് എത്തിയ ട്രെയിൻ ആണ് അഞ്ചര മണിക്കൂറിലേറെ എലത്തൂർ പ്രദേശവാസികളുടെ സഞ്ചാരത്തിന് തടസ്സമായി.
എലത്തൂർ റെയിൽവേ സ്റ്റേഷന് കിഴക്കു ഭാഗത്തുള്ള പ്രദേശങ്ങളിലെ ആളുകൾ എലത്തൂരിലെ റെയിൽവേ ഗേറ്റ് വഴിയാണ് കണ്ണൂർ ദേശീയപാതയിൽ എത്തുന്നത്. ഇന്നലെ 6 മുതൽ 11.30 വരെ ചരക്കു ട്രെയിൻ നിർത്തിയതിനാൽ സ്കൂൾ വിദ്യാർഥികളും നഗരത്തിലേക്ക് ജോലിക്കായി പോകുന്നവരും ഗേറ്റ് മറികടക്കാൻ ഏറെ പ്രയാസപ്പെട്ടു.
അടച്ചിട്ട ഗേറ്റ് വഴി വിദ്യാർഥികൾ മറികടക്കുന്നത് വലിയ അപകട
ഭീഷണി ഉയർത്തിയതായി നാട്ടുകാർ പറയുന്നു. മുന്നറിയിപ്പില്ലാതെയായിരുന്നു ഗേറ്റ് അടച്ചത്. എലത്തൂർ സ്റ്റേഷന് തൊട്ടടുത്താണ് റെയിൽവേ ഗേറ്റ്.
അതിനാൽ സ്റ്റേഷനു സമീപം ട്രെയിൻ പിടിച്ചിട്ടാലും ഗേറ്റ് തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇന്നലെയും ഇതാണ് സംഭവിച്ചത്. പാലക്കാടു നിന്നുള്ള നിർദേശ പ്രകാരമാണ് ട്രെയിൻ പിടിച്ചിട്ടതെന്നു റെയിൽവേ അധികൃതർ പറയുന്നു.
കൃത്യമായ കാരണം വിശദമാക്കിയില്ല.
ട്രെയിൻ എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപം ഏറെ നേരം നിർത്തിയിടുന്നത് ജനങ്ങളുടെ സഞ്ചാരത്തെ മുൻപും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. ഇത് സംബന്ധിച്ച് പലപ്പോഴും നാട്ടുകാർ റെയിൽവേ അധികൃതരെ പരാതി അറിയിച്ചിരുന്നു.
കുറച്ചു ശ്രദ്ധിച്ചാൽ ഗേറ്റ് വഴിയുള്ള സഞ്ചാരം തടസ്സപ്പെടാതെ തന്നെ ട്രെയിന് സ്റ്റേഷനിൽ പിടിച്ചിടാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
എലത്തൂർ കേളപ്പജി മേൽപാലത്തിന് സമീപം എത്തുന്ന റെയിൽവേ അടിപ്പാത ഉണ്ടെങ്കിലും അത് ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചു വേണം ഗേറ്റ് അടച്ചാൽ എലത്തൂരിലെ അടിപ്പാതയിൽ എത്താൻ. വീതി കുറഞ്ഞ റോഡ് ആയതിനാൽ വലിയ വാഹനങ്ങൾ അടിപ്പാത വഴി കടന്നു പോകാനാകില്ല.
ഇതു കാരണം ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കാനും പ്രദേശവാസികൾക്ക് ഗേറ്റ് അടച്ചാൽ സാധിക്കാത്ത അവസ്ഥയാണ്. ട്രെയിൻ മണിക്കൂറോളം നിർത്തിയിട്ട് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തിൽ കോൺഗ്രസ് എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

