വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ ടോൾ വിഷയവുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഔദ്യോഗിക പരിഹാരം. പ്രദേശവാസികൾക്ക് ടോൾ സൗജന്യം നൽകില്ലെന്ന കർശന നിലപാടിൽ നിന്ന് നിർമാണ കമ്പനി ഒടുവിൽ പിന്മാറി.
ഇതിന്റെ ഭാഗമായി ടോൾ പ്ലാസയ്ക്ക് 7.5 കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആളുകൾക്കും ഇനി മുതൽ സൗജന്യ യാത്ര അനുവദിക്കും. ഈ സുപ്രധാന തീരുമാനം പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളിലെ താമസക്കാർക്ക് വലിയ ആശ്വാസമാകും.
കൂടാതെ, ഇന്നു മുതൽ നാലു ചക്ര ഓട്ടോറിക്ഷകൾക്കും ടോൾ സൗജന്യം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. പന്നിയങ്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് നാട്ടുകാർ നേരിടുന്ന വിവിധ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടർ കെ.സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
യോഗത്തിൽ കെ. രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ, ടി.എം.ശശി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ടി.കണ്ണൻ, വടക്കഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ സി.പ്രസാദ്, കണ്ണമ്പ്ര പഞ്ചായത്ത് അധ്യക്ഷ പി.വിജയകുമാരി, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, പന്നിയങ്കര ടോൾ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ: ∙ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി എന്നീ അഞ്ച് പഞ്ചായത്തുകളിലായി 7.5 കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന പ്രദേശവാസികളുടെ പുതിയ വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും സൗജന്യ ടോൾ പാസ് അനുവദിക്കും. ∙ നിലവിൽ സൗജന്യ ടോൾ പാസ് ലഭിച്ചിട്ടുള്ള വാഹന ഉടമകൾ മൂന്നു മാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന മുൻപത്തെ നിബന്ധന പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഇതിനായി ആവശ്യമായ രേഖകൾ ഇനി മുതൽ ഒരുതവണ സമർപ്പിച്ചാൽ മാത്രം മതിയാകും. ∙ നാലു ചക്ര വിഭാഗത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളുടെ വിഭാഗത്തിൽ പരിഗണിച്ച് സൗജന്യ ടോൾ പാസ് നൽകും.
∙ ദേശീയപാത 544-ലെ സർവീസ് റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കും. ∙ മംഗലംപാലം ഭാഗത്തും പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപവുമുള്ള സർവീസ് റോഡുകളുടെ നിർമാണം ഒരു മാസത്തിനകം പൂർത്തീകരിക്കും.
∙ ആലത്തൂർ സ്വാതി ജംക്ഷൻ മേൽപാലത്തിന്റെയും വാണിയമ്പാറ മേൽപാലത്തിന്റെയും നിർമാണ ജോലികൾ ഡിസംബറിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ∙ വടക്കഞ്ചേരി മേൽപാലത്തിലെ നിർമാണ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തീകരിക്കും.
∙ നിരന്തരം അപകടങ്ങൾ പതിവായ ദേശീയപാത അഞ്ചുമൂർത്തിമംഗലം ഭാഗത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പുതിയ ബസ് ബേയും ബസ് ഷെൽറ്ററും സ്ഥാപിക്കും. ∙ ആലത്തൂർ സ്വാതി ജംക്ഷനിലെ സർവേ നടപടികളിലുണ്ടായ പിഴവുകൾ ഉടൻ തിരുത്തും.
ഇതിനായി ആവശ്യമായ സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും. ∙ ദേശീയപാതയുടെ മംഗലം–കൊല്ലത്തറ ഭാഗത്തെ നിലവിലുള്ള സോളർ ലൈറ്റുകൾ മാറ്റി പകരം കെഎസ്ഇബി വൈദ്യുതി കണക്ഷൻ വഴി സ്ഥിരം തെരുവു വിളക്കുകൾ സ്ഥാപിക്കും.
∙ ദേശീയപാതയിൽ മഴക്കാലത്ത് വെള്ളക്കെട്ടു രൂപപ്പെടുന്ന പ്രദേശങ്ങളിൽ ദേശീയപാത, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി അടിയന്തര പരിഹാരം കാണും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

