ചെറുതോണി ∙ പുലിഭീതിക്കു പിന്നാലെ നാടിനെ വിറപ്പിച്ച് ഇടുക്കിയിൽ കടുവപ്പേടിയും. ഇടുക്കി പാർക്കിനു സമീപം രാത്രി കടുവയെ കണ്ടെന്ന് ദേശീയ പാതയിലൂടെ ലോഡുമായി വന്ന ലോറി ഡ്രൈവർ.
മലപ്പുറത്തു നിന്നു ലോഡുമായി കുമളിക്കു പോകുകയായിരുന്ന ലോറി ഡ്രൈവർ റിൻഷാദ് ചൊവ്വാഴ്ച രാത്രി രണ്ടിന് ഇടുക്കി പാർക്കിനോടു ചേർന്ന് വലതുവശത്തെ കാട്ടിലേക്ക് കടുവ കയറിപ്പോകുന്നതു വ്യക്തമായി കണ്ടെന്നു പറയുന്നു. പരിഭ്രാന്തനായ ഡ്രൈവർ ഉടൻ തന്നെ പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനെ വിവരം ധരിപ്പിച്ചു.
ഇയാൾ ഇടുക്കി പൊലീസിലും വിവരമറിയിച്ചു.
പൊലീസ് അറിയിച്ചതനുസരിച്ച് ഇടുക്കി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് എത്തിയ വനപാലകർ അപ്പോൾ തന്നെ പൊലീസിനൊപ്പം ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് കഞ്ഞിക്കുഴിയിൽ പുലിയെ തിരയുന്നതിനായി എരുമേലിയിൽ നിന്നു കൊണ്ടുവന്ന ഡ്രോൺ എത്തിച്ച് എട്ടു കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്തിയില്ല.
പിന്നീട് രാവിലെ കൂടുതൽ വനപാലകരെത്തി പരിശോധന നടത്തി. ഇടുക്കി പാർക്കിലെയും സമീപത്തെ ഏതാനും സ്ഥാപനങ്ങളിലെയും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അതിലും കടുവയുടെയോ മറ്റു ജീവികളുടെയോ സാന്നിധ്യം കണ്ടെത്തിയില്ല.
പ്രദേശത്ത് വനപാലകരുടെ സാന്നിധ്യം എപ്പോഴുമുണ്ട്.
നാട്ടുകാരുടെ ആശങ്ക മാറുന്നതുവരെ ഇവിടെ രാപകൽ നിരീക്ഷണം തുടരുമെന്ന് നഗരംപാറ റേഞ്ച് ഓഫിസർ ടി.രഘുലാൽ പറഞ്ഞു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി.ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ബിഎഫ്ഒമാരായ ആൽബർട്ട് കെ.സണ്ണി, സി.അനിത്ത്, ആൽബിൻ, വാച്ചർമാരായ മനു, ലാലു തുടങ്ങിയവരുടെ ടീമാണ് രണ്ടു ഭാഗമായി നടത്തുന്ന തിരച്ചിലിനു നേതൃത്വം വഹിക്കുന്നത്.
കടുവയെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ഇന്ന് മൂന്നാറിൽ നിന്ന് ആർആർ ടീമിനെ കൊണ്ടുവന്നു തിരച്ചിൽ നടത്തുന്നതിനും പദ്ധതിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

