സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പങ്കുവെച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജേഷിനെയാണ് അന്വേഷണത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്.
ഓണപ്പൂക്കളം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് മതസ്പർദ്ധ വളർത്താൻ ഇടയാക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
വിവാദം ശക്തമായതിനെ തുടർന്ന് മണിക്കൂറുകൾക്കകം തന്നെ ഉദ്യോഗസ്ഥൻ ഈ പോസ്റ്റ് പിൻവലിച്ചിരുന്നു. എങ്കിലും സംഭവത്തിൽ ഔദ്യോഗിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ഉണ്ടായത്.
ഒരു വിഭാഗത്തെ അധിക്ഷേപിക്കുന്നതും വർഗീയച്ചുവയുള്ളതുമായ പരാമർശങ്ങൾ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു എന്നാണ് പ്രധാന ആരോപണം. പഴയൊരു ദൃശ്യം കേരളത്തിൽ നടന്നതെന്ന വ്യാജേന പ്രചരിപ്പിച്ച് വിദ്വേഷ പരാമർശം നടത്തുകയായിരുന്നു ഇദ്ദേഹം.
ഒരു സ്ത്രീ പൂക്കളം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്ന രീതിയിലുള്ള അവഹേളനപരമായ കുറിപ്പോടുകൂടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് നേതൃത്വം ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
യൂത്ത് ലീഗ് നേതാവ് കെ എം നിഷാദ് തൊടുപുഴ പൊലീസിലും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

