ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് ദാരുണാന്ത്യം. അസം മെഡിക്കൽ കോളജിലെ പ്രൊഫസറായ ഡോ.
സഹിൻ റഹ്മാൻ (47) ആണ് മരണത്തിന് കീഴടങ്ങിയത്. ദിസ്പുറിലാണ് സംഭവം നടന്നത്.
ഈ ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. യാതൊരുവിധ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാതെയാണ് ഡോ.
സഹിൻ റഹ്മാൻ വ്യായാമങ്ങളിൽ ഏർപ്പെട്ടിരുന്നതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. എന്നാൽ, വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വേഗത പെട്ടെന്ന് കുറയുകയും പിന്നീട് അദ്ദേഹം തെന്നിവീഴുകയുമായിരുന്നു.
ഇത് കണ്ട ഉടൻ ഒപ്പമുണ്ടായിരുന്നവർ ഓടിക്കൂടുകയും അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സമീപകാലത്തായി ജിമ്മുകളിൽ വെച്ച് വ്യായാമത്തിനിടെ കുഴഞ്ഞുവീണ് ജീവൻ നഷ്ടപ്പെടുന്ന അടിയന്തര സാഹചര്യങ്ങൾ വർദ്ധിച്ചുവരികയാണ്.
ഇതിന് മുൻപ് ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഉത്തരാഖണ്ഡിൽ 38കാരനായ വ്യക്തി ജിമ്മിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചിരുന്നു. കൂടാതെ, ഓഗസ്റ്റ് മാസത്തിൽ പുനെയിലും സമാനമായ രീതിയിൽ ഒരു ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
ബിസിനസുകാരനായ മിലന്ദ് കുൽകർണിയാണ് അന്ന് മരണത്തിന് അടിപെട്ടത്.

