കൊല്ലം ∙ പാർട്ട് ടൈം ജോലിയുടെ മറവിൽ സൈബർ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. എറണാകുളം ചൊവ്വര പാഠിയംകുന്ന് ഹൗസിൽ മുഹമ്മദ് ആസിഫ് (30), തൃശൂർ ഇരിങ്ങാലക്കുട
കൈപ്പിള്ളി ഹൗസിൽ അഭിനന്ദ് (22) എന്നിവരാണു കൊല്ലം സൈബർ പൊലീസിന്റെ പിടിയിലായത്. 2024ൽ റജിസ്റ്റർ ചെയ്ത 2 വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്.
കൊല്ലം തഴുത്തല സ്വദേശിനിയിൽ നിന്നു പാർട്ട് ടൈം ജോലിയുടെ ഭാഗമായി ടെലിഗ്രാം ടാസ്കുകൾ അയച്ചു നൽകി ഇതിലൂടെ 29 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണു മുഹമ്മദ് ആസിഫ് പിടിയിലായത്. കൊല്ലം വടക്കേവിള സ്വദേശിയായ യുവാവിൽ നിന്നു സമാനമായ രീതിയിൽ 40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് അഭിനന്ദ് പിടിയിലായത്.
കൊല്ലം തഴുത്തല സ്വദേശിനിയിൽ നിന്നു പണം തട്ടിയെടുത്ത കേസിൽ എറണാകുളം സ്വദേശിയായ മുഹമ്മദ് സാഹിലിനെ നേരത്തേ അന്വേഷണ സംഘം പിടികൂടിയിരുന്നു.
ഇയാളിൽ നിന്ന് 9,59,330 രൂപ ആസിഫ് ആണു കൈപ്പറ്റിയത്. വടക്കേവിള സ്വദേശിയുടെ തട്ടിപ്പ് നടത്തിയതിൽ 1,60,000 രൂപ അഭിനന്ദ് പ്രതികൾക്കു പ്രതിഫലം പറ്റാൻ നൽകിയ ബാങ്ക് അക്കൗണ്ടിലാണ് എത്തിയത്.
സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
കൊല്ലം സിറ്റി ഡിസിആർബി അസി.പൊലീസ് കമ്മിഷണർ എ.നസീറിന്റെ നേതൃത്വത്തിലുള്ള കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫ്, എസ്ഐമാരായ ഗോപകുമാർ, നന്ദകുമാർ, സിപിഒമാരായ ബിനൂപ്, രോഹിത്, അബ്ദുൽ ഹബീബ്, അശ്വതി, സൈബർ സെൽ എസ്ഐ പ്രതാപൻ, എഎസ്ഐ വിനു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

