രാജ്യതലസ്ഥാനത്ത് ചൂടേറിയ ചർച്ചയാകുന്ന എഥനോൾ പെട്രോൾ വിഷയത്തിൽ പുതിയ വഴിത്തിരിവ്. കേന്ദ്ര സർക്കാരിന്റെ ഇ20 ഇന്ധന നയത്തിനെതിരെ നാളെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനിരുന്ന ടീം ഭാരത് സംഘടനയുടെ നേതാവ് തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടത്.
കേന്ദ്ര സർക്കാരിനെതിരെ സത്യം വിളിച്ചുപറഞ്ഞതുകൊണ്ടാണ് തനിക്കെതിരെ ഈ നടപടിയുണ്ടായതെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എഥനോൾ പെട്രോൾ ഉപയോഗത്തിനെതിരെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെയും നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് തെഹ്സീൻ പൂനെവാല.
ഇതിനുമുമ്പും ജന്തർ മന്തറിൽ ഇന്ധന നയത്തിനെതിരെ സംഘടന വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം നടത്തിയ പരസ്യ വെല്ലുവിളി ഏറ്റെടുത്ത് പ്രതിഷേധക്കാർ രംഗത്തെത്തിയിട്ടുണ്ട്.
എഥനോൾ ചേർത്ത ഇ20 പെട്രോൾ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരൊറ്റ സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാൻ മന്ത്രി വെല്ലുവിളിച്ചിരുന്നു. എന്നാൽ ഒന്നല്ല, അത്തരം ആറ് വാഹനങ്ങളുടെ ഉടമകളെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറാണെന്ന് തെഹ്സീൻ പൂനെവാല വ്യക്തമാക്കി.
എന്നാൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ മാത്രമേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തൂ എന്ന കർശന നിബന്ധനയും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്. ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നുവെന്നും എഞ്ചിന് ഗുരുതരമായ തേയ്മാനവും കേടുപാടുകളും വരുത്തുന്നുവെന്നുമാണ് പ്രധാന പരാതി.
എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്ന കേന്ദ്ര സർക്കാർ, ഇന്ധനം തികച്ചും സുരക്ഷിതമാണെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. തകരാറിലായ വാഹനങ്ങളുടെ ഉടമകളുമായി മന്ത്രിയുടെ വസതിയിലേക്ക് നേരിട്ട് പോകാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ സുരക്ഷാ കാരണങ്ങളാൽ അവിടെ പോകരുതെന്ന് ദില്ലി പൊലീസ് തങ്ങളോട് ആവശ്യപ്പെട്ടതായും തെഹ്സീൻ പൂനെവാല വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
“നിതിൻ ഗഡ്കരി ജിയുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു. ഇ20 ഇന്ധനം കാരണം തകരാർ സംഭവിച്ച ആറ് കാറുകളുടെ ഉടമകൾ ഞങ്ങളുടെ കൂടെയുണ്ട്.
പക്ഷേ മന്ത്രിയുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഞങ്ങൾക്ക് ഒരിക്കലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാൻ കഴിയില്ല.
അവിടെപ്പോയാൽ ഞങ്ങളെ തടങ്കലിൽ വെയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യും” എന്ന് തെഹ്സീൻ പൂനാവാല തുറന്നടിച്ചു. കൂടാതെ വീഡിയോയിലൂടെ അദ്ദേഹം ചില നിർണ്ണായക ചോദ്യങ്ങളും ഉന്നയിച്ചു.
“സർ, താങ്കളാണ് ഈ വെല്ലുവിളി ഉയർത്തിയത്. എന്നിട്ടും ഞങ്ങൾക്ക് താങ്കളെ കാണാൻ കഴിയില്ലേ? ഒന്നുകിൽ ദില്ലി പോലീസ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം, അല്ലെങ്കിൽ താങ്കൾ ഞങ്ങൾക്ക് അനുമതി നൽകണം.
ഞങ്ങൾക്ക് ഒരൊറ്റ നിബന്ധന മാത്രമേയുള്ളൂ – ഈ കൂടിക്കാഴ്ചയോ ചർച്ചയോ മാധ്യമങ്ങൾക്ക് മുന്നിലായിരിക്കണം, അത് തത്സമയം സംപ്രേഷണം ചെയ്യുകയും വേണം. ഇ20 ഇന്ധനം കാരണം പ്രശ്നമുണ്ടായ കാറുകൾ ഞങ്ങൾ കാണിച്ചുതരാം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

