പാനൂർ/കൂത്തുപറമ്പ് ∙ മൊകേരി തങ്ങൾപീടികയിൽ സ്കൂൾ മൈതാനത്തുനിന്നു കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയ 8 ഐസ്ക്രീം ബോംബുകളും വ്യാജമാണെന്നു പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഇന്നലെ ബോംബ് സ്ക്വാഡ് നിർവീര്യമാക്കാൻ എടുത്തപ്പോഴാണ് ഐസ്ക്രീം ഡപ്പിക്കകത്തു പാറപ്പൊടിയാണെന്നു മനസ്സിലായത്. ഇൻസുലേഷൻ ടേപ് പൊതിഞ്ഞ നിലയിലായിരുന്നുവെന്നു പൊലീസ് ഇൻസ്പെക്ടർ എം.വി.ഷീജു പറഞ്ഞു. കണ്ണവം തൊടീക്കളത്തുനിന്നു കണ്ടെത്തിയ 4 സ്റ്റീൽ ബോംബുകൾ വലിയവെളിച്ചത്തെ ചെങ്കൽപ്പണയിലെത്തിച്ച് പൊലീസ് നിർവീര്യമാക്കി.
തൊടീക്കളത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് തിങ്കളാഴ്ച സ്റ്റീൽ ബോംബ് കണ്ടെത്തിയത്.
നിർമാണം തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്?
കൂത്തുപറമ്പ് ∙ തൊടീക്കളത്തുനിന്നു കണ്ടെത്തിയ സ്റ്റീൽ ബോംബുകൾക്കു പഴക്കം ഒരു മാസത്തോളം മാത്രം. ഇതോടെ തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണു സ്റ്റീൽ ബോംബ് നിർമിച്ചതെന്നു വ്യക്തം.
മുൻപ് ഒട്ടേറെത്തവണ കണ്ണവത്തിന്റെ പരിസരപ്രദേശങ്ങളിൽനിന്നു സ്റ്റീൽ ബോംബുകൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ബക്കറ്റിൽ സൂക്ഷിച്ചനിലയിൽ ആദ്യം 2 സ്റ്റീൽബോംബാണു കണ്ടെത്തിയത്.
കണ്ണവം പൊലീസും ബോംബ് സ്ക്വാഡും ബക്കറ്റ് പരിശോധിച്ചപ്പോൾ രണ്ട് സ്റ്റീൽ ബോംബ് കൂടെ ലഭിച്ചു. ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡിന്റെയും കണ്ണവം പൊലീസിന്റെയും നേതൃത്വത്തിൽ തൊടീക്കളം ഭാഗത്തു വ്യാപകമായി പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന നടക്കും.
കഴിഞ്ഞ ജൂണിൽ മാങ്ങാട്ടിടം വേങ്ങാട് റോഡിൽ ഓയിൽ മില്ലിനു സമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു.
അക്രമങ്ങൾ തുടർക്കഥ
പാനൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നോത്തുപറമ്പ് പഞ്ചായത്ത് തിരിച്ചുപിടിച്ചതിൽ യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനു പിന്നാലെയാണ് അക്രമങ്ങൾ തുടങ്ങിയത്. പാറാട് ടൗണിൽ വടിവാളേന്തി വീടുകളിലും റോഡിലും ഭീഷണി മുഴക്കിയ കാഴ്ച സമാധാനപ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു.
പാറാട് സിപിഎം സ്തൂപം തകർത്ത സംഭവമുണ്ടായി. മുസ്ലിംലീഗ് പ്രവർത്തകരും സംഭവത്തിനു പിന്നാലെ അറസ്റ്റിലായി.
പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തും കുന്നോത്തുപറമ്പ് മുളിയാത്തോടിൽ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ചിരുന്നു. നിർമാണത്തിനിടയിൽ നടന്ന സ്ഫോടനത്തിൽ മറ്റൊരു സിപിഎം പ്രവർത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു.
ബോംബ് സൂക്ഷിക്കാൻ ‘ബോംബ് കുഴി’
ബോംബ് സൂക്ഷിക്കാൻ പാനൂർ പൊലീസ് സ്റ്റേഷനിൽ ബോംബ് കുഴി നിർമിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന് പിടിച്ചെടുത്ത ബോംബ് താൽക്കാലികമായി സൂക്ഷിക്കാൻ സ്റ്റേഷൻ പ്രവേശനകവാടത്തിനു സമീപത്തു പ്രത്യേക കുഴി ഉണ്ടാക്കിയിരുന്നു. വർഷങ്ങൾക്കുശേഷം കുഴിമൂടി അവിടം പൂന്തോട്ടമാക്കി.
പ്രതികളില്ല, നടപടിയില്ല!
തലശ്ശേരി ∙ നാട്ടിൻപുറങ്ങളിൽ അനധികൃതമായി സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിന്റെ ഫലമായി തുടരെ അപകടങ്ങൾ സംഭവിക്കുമ്പോഴും ഇത്തരക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ പൊലീസിനാവുന്നില്ല. ലൈസൻസില്ലാതെ പടക്കനിർമാണം പാടില്ലെന്നിരിക്കെ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുൾപ്പെടെ വെടിമരുന്നും ചണനൂലും ഉപയോഗിച്ചു പലതരത്തിലുള്ള സ്ഫോടക വസ്തുക്കൾ നിർമിക്കുന്നുണ്ടെന്നത് അധികൃതർക്കും നാട്ടുകാർക്കും അറിവുള്ള കാര്യമാണ്. ഏതാനും ആഴ്ച മുൻപാണു പിണറായി വെണ്ടുട്ടായി കനാൽക്കരയ്ക്കു സമീപം പടക്കം പൊട്ടിച്ചു റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ കയ്യിൽനിന്ന് പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നത്.
2024 ജൂണിലാണു കുടക്കളം എരഞ്ഞോളി പഞ്ചായത്ത് ഓഫിസിന് സമീപത്തെ ആൾപാർപ്പില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയും വിറകും ശേഖരിക്കാനെത്തിയ വയോധികൻ വളപ്പിൽകണ്ട
സ്റ്റീൽ കണ്ടെയ്നർ സിമന്റ് തറയിലടിച്ചു തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചു മരിച്ചത്. സംഭവത്തിൽ കുടുംബത്തിന് കുടുംബനാഥനെ നഷ്ടപ്പെട്ടുവെന്നതൊഴിച്ചാൽ ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണമോ നടപടികളോ ഒന്നുമുണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തെങ്കിലും വീട്ടുവളപ്പിൽ ബോംബ് കൊണ്ടുപോയി വച്ച കുറ്റവാളികൾ ഇപ്പോഴും മറവിൽത്തന്നെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

